കണ്ണൂർ: മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണൻ അന്തരിച്ചു. 75 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
വാഹന അപകടത്തിൽ വാരിയെല്ലിന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്ത് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം നടന്നത്.
1987 ലെ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ഉദുമ മണ്ഡലത്തിൽ നിന്നാണ് കുഞ്ഞിക്കണ്ണൻ കേരള നിയമസഭയിലേക്ക് എത്തിയത്. മാത്രമല്ല കാസർഗോഡ് ജില്ല രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു അദ്ദേഹം. 1949 സെപ്തംബർ 9 ന് കൈതപ്രത്തായിരുന്നു ജനനം. പരേതരായആനിടിൽ കുഞ്ഞമ്പു പൊതുവാളുടെയും കടവത്ത് പുത്തലത്ത് കുഞ്ഞങ്ങ അമ്മയുടെയും മകനാണ്. കെ.പി.സി.സി ജനറൽ സെക്രട്ടരിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. തൃക്കരിപ്പൂരിൽ നിന്നുള്ള കെ.പി.സി.സി അംഗമാണ്. കണ്ണൂർ ജില്ലക്കാരനാണെങ്കിലും കാസർഗോഡ് കേന്ദ്രീകരിച്ചാണ് പാർട്ടി പ്രവർത്തനം നടത്തി വരുന്നത്.
കാസർഗോഡ് ജില്ലയിൽ കോൺഗ്രസ്സ് പ്രസ്ഥാനം വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച അദ്ദേഹം ദീർഘകാലം കാസർഗോഡ് ഡി.സി.സി പ്രസിഡന്റായും പ്രവർത്തിച്ചു. ഈ കാലയളവിൽ അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും സഞ്ചരിച്ച് നടത്തിയ ഗ്രാമയാത്ര കോൺഗ്രസ്സിന് പുതിയ ഊർജവും ശക്തിയും നൽകി.
ദീർഘകാലം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടരിയായും പ്രവർത്തിച്ചിട്ടുണ്ട്. ലീഡർ കെ.കരുണാകരൻ്റെ അടുത്ത അനുയായിരുന്ന കെ.പി.കുഞ്ഞിക്കണ്ണൻ 1987-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ഉദുമ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.അന്ന് സി.പി.എം സ്ഥാനാർത്ഥിയായിരുന്ന കെ.പുരുഷോത്തമനെ 7845 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിയാണ് എട്ടാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
Also Read: മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, കന്നി രാശിക്കാർക്ക് ചെലവ് കൂടും, അറിയാം ഇന്നത്തെ രാശിഫലം!
1991-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ഉദുമ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയെങ്കിലും സിപിഎം സ്ഥാനാർത്ഥി പി.രാഘവനോട് 957 വോട്ടിന് പരാജയപ്പെട്ടു. 96 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ തന്നെ മുന്നാം അങ്കത്തിന് ഇറങ്ങിയെങ്കിലും സിറ്റിംഗ് എംഎൽഎയായ പി.രാഘവന് തന്നെയായിരുന്നു വിജയം. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചുവെങ്കിലും സി.പി.എം സ്ഥാനാർത്ഥി എം.രാജഗോപാലി നോട് പരാജയപ്പെടുകയായിരുന്നു.
കേരഫെഡ് ചെയർമാൻ, സംസ്ഥാന വൈദ്യുതി ബോർഡ് അംഗം, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഡയരക്ടർ, പയ്യന്നൂർ കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2005 മെയ് ഒന്നിന് കെ.കരുണാകരൻ്റെ നേതൃത്വത്തിൽ ഒരു വിഭാഗം കോൺഗ്രസ് വിട്ട് ഡി.ഐ.സി രൂപീകരിച്ചപ്പോൾ അതിൻ്റെ പ്രധാന നേതാവായിരുന്നു കെ.പി.കുഞ്ഞിക്കണ്ണൻ. എന്നാൽ ഒരു ചെറിയ കാലയളവിന് ശേഷം കെ.കരുണാകരൻ കോൺഗ്രസ്സിലേക്ക് വീണ്ടുമെത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം കെ.പി.കുഞ്ഞിക്കണ്ണനും മാതൃസംഘടനയിൽ തിരിച്ചെത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.