ഇടുക്കി: ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ, തുരത്തുന്നതിന് മുന്നോടിയായി, പ്രത്യേക ദൗത്യ സംഘം ആദ്യ ഘട്ട വിവര ശേഖരണം ആരംഭിച്ചു. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ, അക്രമണകാരികളായ ഒറ്റയാന്‍മാരുടെ സ്വഭാവ സവിശേഷതകള്‍, ക്രോഡീകരിയ്ക്കും. തിങ്കളാഴ്ച ഡിഎഫ്ഓ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിയ്ക്കും
വയനാട് ആര്‍ആര്‍ടി റേഞ്ച് ഓഫീസര്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ജില്ലയില്‍ എത്തിയിരിക്കുന്നത്. വനം വകുപ്പ് വാച്ചര്‍മാരുമായും നാട്ടുകാരുമായും സംവദിച്ച്, ആനകളുടെ സ്വഭാവ സവിശേഷതകളാണ്, ആദ്യഘട്ടത്തില്‍ സംഘം ശേഖരിയ്ക്കുക.ഒറ്റയാന്‍മാര്‍ പതിവായി സഞ്ചരിയ്ക്കുന്ന പാത, എത്തുന്ന മേഖലകള്‍ തുടങ്ങിയവ മനസിലാക്കും. അരികൊമ്പന്‍, ചക്കകൊമ്പന്‍, മൊട്ടവാലന്‍, ചില്ലികൊമ്പന്‍ തുടങ്ങിയ ഒറ്റയാന്‍ മാരാണ് മതികെട്ടാന്‍ ചോലയില്‍ നിന്നും ഇറങ്ങി, ജനവാസ മേഖലയില്‍ പതിവായി ആക്രമണം നടത്തുന്നത്.
അരികൊമ്പനും, ചക്കകൊമ്പനും ഏതാനും നാളുകളായി കൂടുതല്‍ അക്രമണകാരികളാണ്. ആനകളെ സംബന്ധിച്ച വിവരണ ശേഖരണത്തിന് ശേഷം തിങ്കളാഴ്ച ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫിന്റെ സാനിധ്യത്തില്‍ ദേവികുളം ഡിഎഫ്ഓ ഓഫീസില്‍ യോഗം ചേരും
ആനകളെ, മയക്ക് വെടിവെയ്‌ക്കേണ്ടി വന്നാല്‍, പ്രായോഗിക വശങ്ങളേ സംബന്ധിച്ചും ദൗത്യ സംഘം പരിശോധിയ്ക്കും. മേഖലയിലെ ഭൂപ്രകൃതി, ആനയുടെ അക്രമണ സ്വഭാവം, കാലാവസ്ഥ തുടങ്ങിയവയെല്ലാം അടിസ്ഥാനമാക്കിയായിരിക്കും യോഗത്തിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുക. ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ദൗത്യ സംഘത്തിന് ഏത് സമയത്തും സഹായം എത്തിയ്ക്കാന്‍ പോലിസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വിഭാഗങ്ങളേയും ഏകോപിപ്പിയ്ക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...