കോഴിക്കോട്: എംഎസ്എഫ് നേതാക്കൾക്കെതിരായ (MSF Leaders) ഹരിത നേതാക്കളുടെ (Haritha leaders) ലൈംഗിക അധിക്ഷേപ പരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ് (Police). എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെയാണ് കുറ്റപത്രം (Chargesheet) സമര്‍പ്പിച്ചത്. കോഴിക്കോട് വെള്ളയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നവാസ് സ്ത്രീത്വത്തെ അപമാനിച്ചെന്ന് വ്യക്തമാക്കുന്നു.
എംഎസ്എഫിന്റെ മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നവാസിനൊപ്പം ഇയാൾക്കെതിരെയും വനിതാ നേതാക്കൾ പരാതിയിൽ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ കുറ്റപത്രത്തിൽ ഇയാളുടെ പേരില്ല. ഈ മാസം 2നാണ് ജെ എഫ് സി എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 18 സാക്ഷികളാണ് കേസിലുള്ളത്.
കഴിഞ്ഞ ജൂണ്‍ 22നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കോഴിക്കോട് വെച്ചുനടന്ന സംസ്ഥാന സമിതി യോഗത്തില്‍ വെച്ച് പി കെ നവാസ് ഹരിതാ നേതാക്കളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക ചുവയോടെ പെരുമാറിയെന്നും ഹരിത നേതാക്കള്‍ പരാതി നല്‍കിയിരുന്നു.
ആദ്യം ലീഗിനും എംഎസ്എഫിന്റെ ദേശീയ നേതൃത്വത്തിനും നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് വനിതാ കമ്മിഷന് ഹരിത പരാതി നല്‍കി. തുടര്‍ന്ന് ലീഗ് ഇടപെട്ട് ഹരിതയെ മരവിപ്പിക്കുകയും പിരിച്ചുവിടുകയും ചെയ്തു. പരാതിയില്‍ ഹരിത മുന്‍ നേതാക്കള്‍ ഉറച്ചുനിന്നതോടെ പൊലീസ് കേസുമായി മുന്നോട്ടുപോവുകയായിരുന്നു.
Also Read:Muslim League: സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിന് എതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ഹരിത നേതാക്കള്‍
ഹരിത (Haritha) സംസ്ഥാന കമ്മിറ്റി മുന്‍ ഭാരവാഹികളായ 10 പേരാണ് പരാതിക്കാര്‍. പരാതി പിന്‍വലിക്കണമെന്ന് ലീഗ് (Muslim League) നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നെ ഉറച്ച നിലപാടിലായിരുന്നു ഹരിത. സമവായ ചര്‍ച്ചകളെത്തുടര്‍ന്ന് എംഎസ്എഫ് (MSF) നേതാക്കളായ പികെ നവാസും കബീര്‍ മുതുപറമ്പിലും സമൂഹ മാധ്യമത്തിലൂടെ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ സംഘടനാ തലത്തിലുളള നടപടി വേണമെന്ന നിലപാടില്‍ ഹരിത നേതാക്കള്‍ ഉറച്ച് നിന്നതോടെയാണ് നിയമനടപടിയിലേക്ക് കാര്യങ്ങളെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...