കൊല്ലം: ഫിഫ ലോകകപ്പ് വിജയാഘോഷത്തിനിടെ കൊല്ലത്ത് പതിനേഴുകാരൻ കുഴഞ്ഞു വീണ് മരിച്ചു. കോട്ടയ്ക്കകം സ്വദേശി അക്ഷയ് ആണ് വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് മുന്നിൽ അർജന്റീനയുടെ വിജയം ആഘോഷിക്കുന്നതിനിടെ അക്ഷയ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം കണ്ണൂരിലെ ആഹ്ലാദ പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ മൂന്നുപേര്‍ക്ക് വെട്ടേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇതിൽ അനുരാഗിന്റെ ആരോഗ്യനില ഗുരുതരമാണ്. സംഭവത്തിൽ ആറ് പേരെ കസ്റ്റഡിയില്‍ എടുത്തു. പള്ളിയാന്‍മൂലയിലാണ് ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം.
ലോകകപ്പ് ഫൈനൽ മത്സരത്തിൽ അർജന്റീന ജയിച്ചതിന് ശേഷം നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് സംഘർഷമുണ്ടായത്. ഫ്രാന്‍സ് ആരാധകരെ ഒരുസംഘം കളിയാക്കിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഈ പ്രദേശത്ത് സംഘര്‍ഷമുണ്ടായിരുന്നു. എന്നാല്‍ അന്ന് സംഘർഷത്തിൽ ആർക്കും പരിക്കേറ്റിരുന്നില്ല.
കണ്ണൂരിലെ കൂടാതെ കൊച്ചിയിലും കൊല്ലത്തും തിരുവനന്തപുരത്തും സംഘർഷമുണ്ടായി. കൊച്ചിയിൽ അഞ്ച് പോലീസുകാര്‍ക്കും തിരുവനന്തപുരം പൊഴിയൂരിൽ എസ്ഐക്കും മര്‍ദനമേറ്റു. പൊഴിയൂരിൽ മദ്യപിച്ചെത്തിയ രണ്ട് യുവാക്കൾ പ്രശ്നം ഉണ്ടാക്കാൻ തുടങ്ങിയതോടെ പൊഴിയൂർ പോലീസ് സ്ഥലത്തെത്തി അവരെ പിടികൂടാൻ ശ്രമിക്കവെയാണ് എസ്.ഐയ്ക്ക് നേരെ ആക്രമണമുണ്ടായത്. എസ്.ഐയെ ചവിട്ടി താഴെയിടുകയും തുടർന്ന് കയ്യിൽ ചവിട്ടുകയും ചെയ്തു. തുടർന്ന് ബലപ്രയോഗത്തിൽ പ്രതിയായ പൊഴിയൂർ സ്വദേശി ജസ്റ്റിനെ (32) പോലീസ് പിടികൂടി പാറശ്ശാല പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
പരിക്കേറ്റ എസ്.ഐ സജിയെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. എസ്.ഐക്ക് കൈയ്ക്കും, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രതി ജസ്റ്റിൻ പാറശാല പോലീസ് കസ്റ്റഡിയിലാണ്.അതിനിടെ കൊട്ടാരക്കര പുവറ്റൂരില്‍ സംഘര്‍ഷത്തിനിടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കോഴിക്കോട് വിജയാഹ്ളാദത്തിനിടെ പടക്കം പൊട്ടി യുവാവിന് പരുക്ക്. കെല്ലൂർ നുച്യൻ ഹാരിസിൻ്റെ മകൻ ആഷിഫ് (19)നാണ് പരിക്കേറ്റത്. കയ്യിൽ നിന്നും പടക്കം പൊട്ടി കൈപ്പത്തിക്ക് പരിക്കേൽക്കുകയായിരുന്നു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...