ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരായ സമരത്തിൽ തീവ്രവാദ സ്വഭാവമുളള സംഘടനകൾ ഉണ്ടെന്ന മുൻ നിലപാട് ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ. ചെങ്ങന്നൂരിൽ സംഘടിപ്പിച്ച കെ റെയിൽ വിശദീകരണ യോഗത്തിലാണ് മന്ത്രി വീണ്ടും നിലപാട് ആവർത്തിച്ചത്. പ്രതിഷേധക്കാർക്ക് തീവാവാദ സംഘടനകൾ പരിശീലനം നൽകുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
പരിശീലനത്തിനായി പുറത്ത് നിന്നുള്ള സംഘമെത്തുന്നുണ്ട്. കോഴുവല്ലൂരിൽ കെ റെയിൽ വിരുദ്ധ സമരത്തിനിടെ പോലീസിനെ ആക്രമിക്കാൻ പദ്ധതിയിട്ടു. കോൺഗ്രസും ബിജെപിയും വെൽഫയർ പാർട്ടിയും എസ്ഡിപിഐയും ഉൾപ്പെടെയുള്ള സംഘടനകൾ ഒറ്റക്കട്ടാണെന്നും സജി ചെറിയാൻ പറഞ്ഞു. നാടിന്റെ മുഖം മാറ്റുന്ന പദ്ധതിയാണ് സിൽവർ ലൈൻ. തെറ്റിദ്ധരിക്കപ്പെട്ടവരാണ് പദ്ധതിക്കെതിരെ രംഗത്ത് വന്നിരിക്കുന്നതെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.
അർഹമായ നഷ്ടപരിഹാരം നൽകി മാത്രമേ ജനങ്ങളുടെ ഭൂമി ഏറ്റെടുക്കുകയുള്ളു. 50,000 പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിയാണ് സിൽവർ ലൈൻ. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. പാലിയേറ്റീവിന്റെ ഗുണങ്ങൾ ലഭിച്ചവർക്ക് നന്ദി വേണമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ലാബുകൾ ഉൾപ്പെടെ വീട്ടിലെത്തുന്നില്ലേ എന്നും സജി ചെറിയാൻ ചോദിച്ചു. അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിനും വിശദീകരണ യോഗത്തിൽ മന്ത്രി മറുപടി പറഞ്ഞു.
അനധികൃതമായി താൻ സ്വത്ത് സമ്പാദിച്ചു എന്ന് തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎം അനുഭാവികൾ പേലും കള്ള പ്രചരണത്തിൽ വീഴുന്നു. തന്റെ രാഷ്ട്രീയ വളർച്ചയിൽ കുറെ ആളുകൾക്ക് അസൂയ ഉണ്ടെന്നും ആവശ്യവുമായി എത്തുന്നവരിൽ നിന്ന് ഒരു ചായ പോലും വാങ്ങി കുടിച്ചിട്ടില്ലെന്നും സജി ചെറിയാൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...