കൊച്ചി: സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളായ എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനുകളിൽ ഒരുങ്ങുന്നത് 671 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. വിമാനത്താവളങ്ങളുടെ മാതൃകയിലുള്ള നവീകരണ പ്രവർത്തനങ്ങളാണ് രണ്ടിടത്തും ആവിഷ്കരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് ആദ്യമായാണ് അത്യാധുനിക മാതൃകയിൽ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നത്. സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പദ്ധതികളുടെ ശിലാസ്ഥാപന കർമ്മം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ 445 കോടി രൂപയുടെയും ടൗൺ സ്റ്റേഷനിൽ 226 കോടി രൂപയുടെയും പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇരു സ്റ്റേഷനുകളിലെയും കെട്ടിടങ്ങൾ പൂർണമായും പൊളിച്ച് മാറ്റി ആധുനിക രീതിയിൽ പുതുക്കി നിർമിക്കാനാണ് റെയിൽവേയുടെ തീരുമാനം. ജംഗ്ഷൻ സ്റ്റേഷനിൽ അഞ്ച് നിലകളിലും ടൗൺ സ്റ്റേഷനിൽ നാല് നിലകളിലുമുള്ള ഓഫീസ് കെട്ടിടങ്ങളാണ് നിർമിക്കുന്നത്. പ്ലാറ്റ്ഫോമുകളിൽ മഴയും വെയിലുമേൽക്കാത്ത രീതിയിൽ പൂർണമായും മൂടുന്ന തരത്തിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഒരുക്കും. കാർ പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി പല നിലകളിലുള്ള പാർക്കിംഗ് കോംപ്ലക്സുകൾ രണ്ട് സ്റ്റേഷനിലും നിർമ്മിക്കുന്നുണ്ട്.
ജംഗ്ഷൻ സ്റ്റേഷനിൽ നിലവിലുള്ള ഫുട് ഓവർ ബ്രിഡ്ജിന് പകരം അത്യാധുനിക മാതൃകയിലുള്ള രണ്ട് എയർ കോൺകോഴ്സുകൾ നിർമ്മിക്കും. 25 മീറ്റർ വീതിയിൽ നിർമിക്കുന്ന കോൺകോഴ്സുകളിൽ യാത്രക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യങ്ങളുണ്ടാകും. ടൗൺ സ്റ്റേഷനിൽ 36 മീറ്റർ വീതിയിലുള്ള എയർ കോൺകോഴ്സും 12 മീറ്റർ വീതിയിൽ ഫുട് ഓവർ ബ്രിഡ്ജുമാണ് നിർമ്മിക്കുന്നത്. ജംഗ്ഷൻ സ്റ്റേഷനെ കൊച്ചി മെട്രോയുടെ എറണാകുളം സൗത്ത് സ്റ്റേഷനിലേക്ക് ബന്ധിപ്പിക്കുന്ന 95 മീറ്റർ നീളമുള്ള ആകാശപാതയും റെയിൽവേ വിഭാവനം ചെയ്തിട്ടുണ്ട്.
പാരമ്പര്യ ഊർജ സ്ത്രോതസുകളെ പരമാവധി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ സോളാർ വൈദ്യുതിക്ക് വേണ്ടിയുള്ള സംവിധാനങ്ങൾ ഒരുക്കും. ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി മഴവെള്ള സംഭരണികളും ജല ശുദ്ധീകരണ പ്ലാന്റുകളും നിർമിക്കുന്നുണ്ട്. ഗതാഗതം സുഗമമാക്കുന്നതിനായി റോഡുകളുടെ വീതി കൂട്ടും. ഭിന്നശേഷി സൗഹൃദമായിട്ടായിരിക്കും സ്റ്റേഷനുകളുടെ പുനർനിർമാണം. ഇതിനോടൊപ്പം നവീകരിക്കുന്ന കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലും സമാന സൗകര്യങ്ങൾ തന്നെയാകും ഒരുക്കുന്നത്.
ആത്മ നിർഭർ ഭാരത്, ഗതി ശക്തി ഭാരത് പദ്ധതികളുടെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ജംഗ്ഷൻ സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ 24 മാസം കൊണ്ടും ടൗൺ സ്റ്റേഷൻ 36 മാസം കൊണ്ടും പൂർത്തിയാക്കാനാണ് റെയിൽവേയുടെ ലക്ഷ്യം. ട്രയിൻ സർവീസുകളെ ബാധിക്കാതെയാകും നിർമാണ പ്രവർത്തനങ്ങൾ നടത്തുകയെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.