Elathur train attack: ചിത്രം കണ്ടതോടെ ഉറപ്പിച്ചു, നിർണായകമായത് ഓട്ടോ ഡ്രൈവറുടെ മൊഴി

Elathur train attack case: ഷാറൂഖിൻറെ ചിത്രം പുറത്തുവന്നതോടെ തൻറെ ഓട്ടോയിൽ കയറി പമ്പിൽ നിന്ന് പെട്രോൾ വാങ്ങിയത് ഇയാൾ തന്നെയെന്ന് രാജേഷ് ഉറപ്പിക്കുകയായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2023, 07:25 PM IST
  • ഷൊർണൂരിൽ ഷാരൂഖ് സെയ്ഫി ആകെ 14 മണിക്കൂർ ചെലവഴിച്ചതായി പോലീസ് കണ്ടെത്തി.
  • പമ്പിലെത്തിയ ഷാറൂഖ് 2 കുപ്പികളിലായാണ് പെട്രോൾ വാങ്ങിയത്.
  • ട്രെയിനിൽ നിന്നും വീണ് മൂന്ന് പേർ മരിച്ച സംഭവത്തിൽ തനിയ്ക്ക് പങ്കില്ലെന്നാണ് ഷാറൂഖിന്റെ മൊഴി.
Elathur train attack: ചിത്രം കണ്ടതോടെ ഉറപ്പിച്ചു, നിർണായകമായത് ഓട്ടോ ഡ്രൈവറുടെ മൊഴി

കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവെപ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി പെട്രോൾ വാങ്ങിയ പമ്പ് കണ്ടെത്താൻ പോലീസിനെ സഹായിച്ചത് ഓട്ടോ ഡ്രൈവറുടെ മൊഴി. പിടിയിലായ ശേഷം പുറത്തുവന്ന ചിത്രം കണ്ട ഓട്ടോ ഡ്രൈവർ രാജേഷ് പ്രതിയെ തിരിച്ചറിഞ്ഞു. രാജേഷിൻറെ ഓട്ടോയിൽ കയറിയാണ് ഷാറൂഖ് സെയ്ഫി ഷൊർണൂരിലെ പമ്പിലെത്തി പെട്രോൾ വാങ്ങിയത്. 

രാജേഷിൻറെ ഓട്ടോയിൽ കയറി പമ്പിലെത്തിയ ഷാറൂഖ് രണ്ട് കുപ്പികളിലായാണ് പെട്രോൾ വാങ്ങിയത്. ഷാറൂഖിൻറെ ചിത്രം പുറത്തുവന്നതോടെ തൻറെ ഓട്ടോയിൽ കയറിയത് ഇയാൾ തന്നെയെന്ന് രാജേഷ് ഉറപ്പിക്കുകയായിരുന്നു. ഉടൻ തന്നെ രാജേഷ് തൻറെ സുഹൃത്തിനെ ഈ വിവരം അറിയിച്ചു. തുടർന്ന് സുഹൃത്താണ് പോലീസിനെ വിവരം അറിയിച്ചത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് പെട്രോൾ പമ്പിലേയ്ക്ക് ഓട്ടോ വിളിച്ച് പുറപ്പെട്ട ഷാറൂഖ് പെട്രോൾ വാങ്ങിയ ശേഷം അതേ ഓട്ടോയിൽ തന്നെയാണ് തിരികെ റെയിൽവേ സ്റ്റേഷനിൽ എത്തിയതെന്ന് രാജേഷ് പോലീസിന് മൊഴി നൽകി. 

ALSO READ: തേയിലത്തോട്ടത്തിൽ പതുങ്ങിയ പുലി ചാടി വീണു;ജാർഖണ്ഡ് സ്വദേശിക്ക് പരിക്ക്

വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് ഷൊർണൂരിലെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ചു. എന്നാൽ, റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് തന്നെ പെട്രോൾ പമ്പ് ഉണ്ടായിട്ടും എന്തിനാണ് ഷാറൂഖ് ഒന്നര കിലോ മീറ്ററോളം അകലെയുള്ള പമ്പിലെത്തി പെട്രോൾ വാങ്ങിയത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇയാൾക്ക് ഈ പെട്രോൾ പമ്പിനെ കുറിച്ചുള്ള വിവരം ആരെങ്കിലും കൈമാറിയതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേസമയം, ഷൊർണൂരിൽ ഷാരൂഖ് സെയ്ഫി ആകെ 14 മണിക്കൂർ ചെലവഴിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സമയം ഇയാൾ എവിടെയൊക്കെ പോയി ആരെയൊക്കെ കണ്ടു എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിൻറെ തുടക്കത്തിൽ നൽകിയ ഏതാനും ചില മറുപടികളല്ലാതെ കൂടുതൽ ഒരു വെളിപ്പെടുത്തലിനും ഷാറൂഖ് തയ്യാറായിട്ടില്ലെന്നാണ് വിവരം. 

ട്രെയിനിൽ നിന്ന് മൂന്ന് പേർ വീണ് മരിച്ച സംഭവത്തിൽ തനിയ്ക്ക് പങ്കില്ലെന്നാണ് ഷാറൂഖിന്റെ മൊഴി. ട്രെയിനിൽ നിന്ന് താൻ ആരേയും തള്ളിയിട്ടിട്ടില്ലെന്നും ആരെങ്കിലും ട്രെയിനിൽ നിന്ന് വീഴുന്നതോ ചാടുന്നതോ താൻ കണ്ടില്ലെന്നും ഷാറൂഖ് പോലീസിനോട് പറഞ്ഞു. ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും തനിയ്ക്ക് തോന്നിയപ്പോൾ ചെയ്തതാണെന്നുമുള്ള ഷാറൂഖിൻറെ മൊഴി പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News