തിരുവനന്തപുരം: മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള വേനല്‍ക്കാലത്ത് സംസ്ഥാനത്ത് 85 ശതമാനത്തിലധികം മഴ ലഭിച്ചു. സാധാരണ ഇക്കാലയളവില്‍ 361.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 668.5 മില്ലിമീറ്റര്‍ മഴയാണ്. കഴിഞ്ഞ വര്‍ഷം 108 ശതമാനം (751 മില്ലിമീറ്റര്‍) കൂടുതലായിരുന്നു. എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു.
92 ദിവസം നീണ്ട സീസണില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപെടുത്തിയത് എറണാകുളം ജില്ലയിലാണ്. 1007.6 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 971.6 മില്ലിമീറ്റര്‍ മഴ ലഭിച്ച കോട്ടയവും 944.5 മില്ലിമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയുമാണ് തൊട്ട് പിറകില്‍. പാലക്കാട് ( 396.8 മില്ലീമീറ്റര്‍), കാസര്‍ഗോഡ് ( 473 മില്ലീമീറ്റര്‍) ജില്ലകളിലാണ് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയത്.
ജൂണ്‍ ഒന്നിന് തുടങ്ങേണ്ട കാലവര്‍ഷം ഇക്കുറി നേരത്തെയാണ് എത്തിയിരിക്കുന്നത്. സാധാരണ എത്തുന്നതിനും മൂന്ന് ദിവസം മുന്നേയാണ് കാലവര്‍ഷം എത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. മെയ് 27-ന് കേരളത്തില്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടര്‍ച്ചയായ രണ്ട് ദിവസം സംസ്ഥാനത്ത നല്ല രീതിയിൽ മഴ ലഭിച്ചു.
10 വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് ജൂൺ ഒന്നിന് മുൻപ് കാലവർഷം എത്തുന്നത്. തുടക്കത്തിൽ വലിയ മഴയൊന്നും ഉണ്ടാകില്ലെന്നും എന്നാൽ ജൂൺ പകുതിയോടെ മഴ ശക്തമാകും എന്നുമാണ് റിപ്പോർട്ട്. വരുന്ന നാലു ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജൂൺ ഒന്നുവരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ കേന്ദ്രം നേരത്തെ അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...