കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യ ഹർജിയിൽ കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് മറുപടിയായാണ് സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്.
അതേസമയം, കൂടുതൽ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായി സംവിധായകൻ ബാലചന്ദ്രകുമാർ പ്രതികരിച്ചു. സാക്ഷികളെ ദിലീപ് സ്വാധീനിച്ചതിന് തെളിവുണ്ടെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. ദിലീപ് സാക്ഷികളെ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഉള്ളതെന്ന് ബാലചന്ദ്രകുമാർ പറയുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ വണ്ടി കയറ്റി കൊല്ലുമെന്നും, എസ് പി കെ എസ് സുദർശന്റെ കൈ വെട്ടുമെന്നുള്ള പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നടനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ദിലീപ് തന്റെ സഹോദരനും സഹോദരി ഭർത്താവ് അടങ്ങിയ സംഘത്തിനോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ പദ്ധതിയിട്ടു എന്നായിരുന്നു ബാലചന്ദ്രകുമാർ പോലീസിന് മൊഴി നൽകിയിരുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തിൽ സംവിധായകന്റെ രഹസ്യ മൊഴി എടുക്കനൊരുങ്ങുകയാണ് അന്വേഷണ സംഘം.
കേസിലെ മറ്റ് പ്രതികളെ അപായപ്പെടുത്താൻ നടൻ ശ്രമിച്ചെന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള പൾസർ സുനിയുടേതെന്ന് പേരിൽ കത്ത് പുറത്ത് വന്നിരുന്നു. അതേസമയം കേസിൽ തന്റെ പ്രതിഛായ നശിപ്പിക്കാൻ വേണ്ടി വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ച് ദിലീപ് സ്റ്റേറ്റ് ഓഫ് കേരള (പ്രോസിക്യൂട്ടർ ഓഫീസ്), ഡിവൈഎസ്പി ബൈജു പൗലോസ്, ബാലചന്ദ്രകുമാർ, നികേഷ് കുമാർ, റിപ്പോർട്ടർ ടി.വി എന്നിവർക്കെതിരെ വക്കീൽ നോട്ടീസ് അയച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...