ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ വ്യക്തിയാണ് രഞ്ജിത് ഇസ്രായേല്‍. മണ്ണിടിഞ്ഞ ഭാഗത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് രഞ്ജിത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രഞ്ജിത് എത്തിയതോടെ അര്‍ജുനെ കണ്ടെത്താനാകും എന്ന മലയാളികളുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നിരുന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലേയ്ക്കാണ് ചെന്നെത്തിയത്.
ഇന്ന് സമൂഹ മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുകയാണ് രഞ്ജിത് ഇസ്രായേല്‍ എന്ന 33കാരനായ രക്ഷാപ്രവര്‍ത്തകന്‍. അദ്ദേഹത്തിനെതിരെ സൈബര്‍ ആക്രമണം ശക്തമായി തുടരുകയാണ്. ലോറി കരയിലെ മണ്ണിനടിയില്‍ തന്നെ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പുണ്ട് എന്ന പറഞ്ഞതാണ് എല്ലാ വിമര്‍ശനങ്ങള്‍ക്കും കാരണം. അര്‍ജുന്റെ കുടുംബവും ആദ്യം മുതല്‍ തന്നെ ലോറി കരയില്‍ തന്നെ ഉണ്ടാകും എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്തിരുന്നു. രഞ്ജിത്തിന്റെയും അര്‍ജുന്റെ കുടുംബത്തിന്റെയും ആവശ്യപ്രകാരം കരയില്‍ ലോറിയ്ക്ക് വേണ്ടി ഊര്‍ജ്ജിതമായ തിരച്ചിലാണ് നടത്തിയത്. എന്നാല്‍, ലോറി പുഴയിലാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരണം ലഭിക്കുകയായിരുന്നു.
ALSO READ: ബാറ്ററി ഷിരൂരിൽ എത്തി; ഡ്രോൺ പരിശോധന ഉടൻ; 2 മണിക്കൂർ കൊണ്ട് റിസൾട്ട്, മുങ്ങൽ വിദഗ്ധർ പുഴയിൽ
അര്‍ജുനെ കണ്ടെത്താന്‍ വൈകിയതിന് കാരണക്കാരന്‍ രഞ്ജിത് ഇസ്രായേലാണ് എന്ന ആരോപണമാണ് ഇന്ന് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്നത്. രഞ്ജിത്തിന്റെ ഇടപെടല്‍ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചെന്നും സൈബറിടങ്ങള്‍ പറയുന്നു. മലയാളി ആയതിനാലാണ് മാധ്യമങ്ങള്‍ രഞ്ജിത്തിന് പിന്നാലെ പോയതെന്നും ഏതൊരു നാടിനും അതിന്റേതായ സിസ്റ്റം ഉണ്ടെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. ആവേശവും ഷോ ഓഫും പാടില്ലെന്നും അതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നുമാണ് രഞ്ജിത്തിനെതിരെയുള്ള വിമര്‍ശനം.
അതേസമയം, ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം അര്‍ജുന്റെ ലോറി ഓണായിട്ടുണ്ടെന്ന് വ്യാപകമായ പ്രചാരണം നടന്നിരുന്നു. ഇതിന് പുറമെ അര്‍ജുന്റെ ഫോണ്‍ റിംഗ് ചെയ്‌തെന്ന് കുടുംബവും ഉറപ്പിച്ച് പറഞ്ഞതോടെ ലോറി മണ്ണിനടിയില്‍ തന്നെ ഉണ്ടാകുമെന്ന സാധ്യതകളിലേയ്ക്കാണ് വിരല്‍ ചൂണ്ടിയത്. മാത്രമല്ല, തടി കയറ്റിയ അര്‍ജുന്റെ ലോറിയ്ക്ക് 40 ടണ്ണിലേറെ ഭാരമുണ്ടായിരുന്നു. റോഡിന് മറുവശത്ത് നിന്ന് ഇത്ര ഭാരമുള്ള ലോറി പുഴയിലേയ്ക്ക് മറിയാനുള്ള സാധ്യത കുറവാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടിരുന്നത്. ഇതെല്ലാം രക്ഷാപ്രവര്‍ത്തനത്തിന്റെ ദിശ തെറ്റിച്ചെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അര്‍ജുനെ കണ്ടെത്താന്‍ വൈകിയതിന്റെ കാരണക്കാരന്‍ രഞ്ജിത്ത് ഇസ്രായേലാണ് എന്ന തരത്തിലേയ്ക്കാണ് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നത്.
ഷിരൂരിലേയ്ക്ക് എത്തുന്നതിന് മുമ്പ് രാജ്യത്തെ നടുക്കിയ പല ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായ വ്യക്തിയാണ് രഞ്ജിത് ഇസ്രായേല്‍. 2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ മേഘ വിസ്‌ഫോടനം, 2018ല്‍ കേരളത്തെ ഞെട്ടിച്ച പ്രളയം, 2019ലെ കവളപ്പാറ ഉരുള്‍പൊട്ടല്‍, 2020ലെ പെട്ടിമുടി ഉരുള്‍പൊട്ടല്‍, 2021ല്‍ ഉത്തരാഖണ്ഡിലുണ്ടായ തപോവന്‍ ടണല്‍ ദുരന്തം, ഉത്തരാഖണ്ഡിലെ ചാര്‍ധാം തീര്‍ത്ഥാടന പാതയിലെ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം എന്നിവയിലെല്ലാം രഞ്ജിത് ഇസ്രായേല്‍ പങ്കാളിയായിരുന്നു. സൈബര്‍ ആക്രമണത്തിനും പരിഹാസങ്ങള്‍ക്കും പകരം വരും കാലങ്ങളിലും ഏതെങ്കിലും തരത്തിലുള്ള ദുരന്തം ഉണ്ടായാല്‍ അന്നും അവിടേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്താനുള്ള ഊര്‍ജവും ആത്മവിശ്വാസവും പിന്തുണയുമാണ് രഞ്ജിത് ഇസ്രായേലിന് ഇന്ന് നല്‍കേണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.