തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംസ്ഥാനന്തര അതിർത്തിയായ പാറശാലയിൽ നടന്ന മെഗാതിരുവാതിരക്കളിയാണ് പാർട്ടിയെയും നേതൃത്വത്തെയും ഒരുപോലെ വെട്ടിലായിരിക്കുന്നത്.
കൊവിഡ് മൂന്നാം തരംഗത്തിനൊപ്പം ഒമിക്രോൺ കേസുകൾ വർധിക്കുന്നത് പോലും കണ്ടില്ലെന്ന് നടിച്ചാണ് കൊവിഡ് പ്രോട്ടോകോളിൻ്റെ നഗ്നമായ ലംഘനം നടത്തിയതെന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം.
സംഭവം വിവാദമായതോടെ പാർട്ടി ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടുകയും ചെയ്തു. രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടിയതിന് പിന്നാലെ സംസ്ഥാനത്ത് ആള്‍കൂട്ടങ്ങള്‍ നിയന്ത്രിക്കാനായി സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കുമ്പോഴാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമടക്കമുള്ളവർ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഇത്തരമൊരു പരിപാടിയിൽ പങ്കെടുത്തത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വാദപ്രതിവാദങ്ങൾക്ക് വഴി തുറക്കുകയായിരുന്നു.
ഏപ്രിലിൽ നടക്കുന്ന ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി കഴിഞ്ഞ കുറേ നാളുകളായി സിപിഎമ്മിൻ്റെ ബ്രാഞ്ച്, ലോക്കൽ, ഏര്യ സമ്മേളനങ്ങൾ നടന്നുവരികയാണ്. അതിനുശേഷമാണ് പാർട്ടി ജില്ലാ സമ്മേളനങ്ങളിലേക്ക് കടന്നത്. കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ ജില്ലാ സമ്മേളനങ്ങൾ കഴിഞ്ഞിരിക്കുകയാണ്.
ജനുവരി 14, 15, 16 തീയതികളിൽ പാറശാലയിൽ നടക്കുന്ന സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ മെഗാ തിരുവാതിരക്കളിയാണ് ഏറെ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയത്. തിരുവാതിരക്കളി നടന്നതാകട്ടെ ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ്റെ അന്ത്യാഭിലാഷ ചടങ്ങുകൾ നടക്കുന്ന ദിവസവും. കെ എസ് യു നേതാവ് നിഖിൽ പൈലിയുടെ കൊലക്കത്തിക്കിരയായിട്ടാണ് സഖാവ് ധീരജ് മരിക്കുന്നത്.
തിരുവാതിരക്കളി നടത്താൻ നിശ്ചയിച്ച ദിവസം എന്തുകൊണ്ടും ഉചിതമായിരുന്നില്ലെന്ന് പാർട്ടി സംസ്ഥാന നേതാക്കൾ പോലും പിന്നീട് വിമർശിക്കുകയും ചെയ്തു. കൂടാതെ സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണങ്ങൾ അടക്കം ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിൽ രോഗ വ്യാപനം തടയാൻ ഊർജ്ജിതമായ ശ്രമങ്ങൾ സർക്കാർ തലത്തിൽ പുരോഗമിക്കുമ്പോഴാണ് പാർട്ടി പരിപാടിയായ തിരുവാതിരക്കളി 550ലേറെ പേർ പങ്കെടുപ്പിച്ച് കൊണ്ട് കൊട്ടിഘോഷിച്ച് നടത്തിയത്. വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കിയ സർക്കാരിന് തിരുവാതിരയ്ക്ക് 550 പേരെ വരെ പങ്കെടുപ്പിക്കാമോ എന്ന് പ്രതിപക്ഷം വിമർശിക്കുകയും ചെയ്തു.
വിമർശനങ്ങൾ തോരാമഴയായി പെയ്തിറങ്ങിയപ്പോൾ മുഖം രക്ഷിക്കാൻ സിപിഎം പൊലീസിനെ ഉപയോഗിച്ചു. കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് ജില്ലാ പഞ്ചായത്ത് അംഗത്തെ ഒന്നാം പ്രതിയാക്കി പാറശാല പൊലീസ് കേസും എടുത്തു. ശേഷമാണ് ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് വിശദീകരണം ചോദിച്ചത്. തിരുവാതിരക്കളി നടന്നത് തെറ്റായിപ്പോയെന്നും ഇതിലൂടെ സമൂഹത്തിന് നൽകിയത് മോശമായ സന്ദേശമാണെന്ന് കോടിയേരിയും ആനാവൂരും വി. ശിവൻകുട്ടിയും ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ മാധ്യമങ്ങളിലൂടെ പരസ്യമായി പ്രതികരിക്കുകയും ചെയ്തു.
സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ ഇടത് അനുകൂലികൾ പോലും നടന്നത് തെറ്റായിപ്പോയെന്ന കടുത്ത വിമർശനവുമായി രംഗത്തെത്തിയതും കഴിഞ്ഞദിവസം ന്യൂസ് ഫീഡുകളിൽ നിറഞ്ഞുനിന്നിരുന്നതാണ്. രാഷ്ട്രീയ വിവേകവും സംഘടനാ വിവേകവും മറന്നുള്ള സിപിഎമ്മിൻ്റെ പാറശാല ഏര്യ കമ്മിറ്റിയുടെ ഇടപെടൽ സംസ്ഥാന തലത്തിൽ പോലും അനാവശ്യ ചർച്ചകൾക്ക് വഴിവെക്കുകയായിരുന്നു.
തീർന്നില്ല, മെഗാ തിരുവാതിര കളിയിൽ ഉൾപ്പെടുത്തിയ പാട്ടുകളിലെ വരികൾക്ക് നേരെയും വിമർശനങ്ങൾ പ്രത്യക്ഷപ്പെട്ടു. പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനെയുമടക്കം പുകഴ്ത്തിയുള്ള വരികൾ വ്യക്തിപൂജയ്ക്ക് സമാനമായി. ഈ വരികൾ എഴുതിയത് പി. ജയരാജനാണോ എന്ന തരത്തിലേക്ക് വരെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നീണ്ടു.
2006-ലും 2011ലും വി.എസ് അച്യുതാനന്ദൻ്റെ ചിത്രം പതിച്ച ഫ്ലക്സ് ബോർഡുകൾ ഉപയോഗിച്ചതിനെ പാർട്ടി നിശിതമായി വിമർശിച്ചിരുന്നതാണ്. വ്യക്തിപൂജ പാർട്ടി നിലപാടല്ലെന്ന് പരസ്യമായി തള്ളിപ്പറയുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം കണ്ടത് നിലപാടുകളിൽ നിന്നുള്ള സിപിഎമ്മിൻ്റെ മലക്കം മറിച്ചിലായിരുന്നു.
തിരുവാതിരക്കളിയിൽ വിവാദത്തിലായ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗകനായി പങ്കെടുക്കുമ്പോൾ ചിട്ടവട്ടങ്ങൾ പാലിക്കുമോ എന്നതാണ് രാഷ്ട്രീയ കേരളവും പൊതുസമൂഹവും ഉൾപ്പെടെ ഉയർത്തുന്ന പ്രധാന ചോദ്യം. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു തന്നെ കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...