പത്തനംതിട്ട: ഡോക്ടറാകണമെന്ന പത്തനംതിട്ട സ്വദേശി ജയലക്ഷ്മിയുടെ ആഗ്രഹത്തിന് സഹായ വാഗ്ദാനം നൽകിയവരൊക്കെ പിൻമാറിയപ്പോൾ പിന്തുണയേകി സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി. എം.ബി.ബി.എസ് വിദ്യാർഥിനിയായ ജയലക്ഷ്മിക്ക് പഠിക്കാൻ പണം സ്വരൂപിച്ച് നൽകാൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രമുഖ നേതാക്കൾ രംഗത്തെത്തുകയായിരുന്നു. പണമില്ലാതായപ്പോൾ പഠനം മുടങ്ങുമെന്ന കുടുംബത്തിന്റെ ആശങ്കയ്ക്കാണ് ഇതിലൂടെ പരിഹാരമായത്. സിപിഎം ജില്ലാക്കമ്മിറ്റി പച്ചക്കൊടി കാട്ടിയതോടെ ജയലക്ഷമിയുടെ ആഗ്രഹം സഫലമായിരിക്കുകയാണ്.
പത്തനംതിട്ട അരുവാപ്പുലം മേലേതിൽ അർജ്ജുനന്റെയും രമാദേവിയുടെയുും മകൾ ജയലക്ഷ്മിയുടെ എം.ബി.ബി.എസ് പഠനത്തിന് സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. കഴിഞ്ഞ വർഷം പാലക്കാട് പി.കെ ദാസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ ലഭിച്ചെങ്കിലും സഹായ വാഗ്ദാനം ചെയ്തവർ അവസാന നിമിഷം പിന്മാറുകയായിരുന്നു. ഇതോടെ മെഡിക്കൽ പ്രവേശനമെന്ന തന്റെ ആഗ്രഹം ജയലക്ഷ്മിക്ക് സഫലികരിക്കാൻ കഴിയാതെ വരികയായിരുന്നു. ഇക്കൊല്ലം നടന്ന എൻട്രൻസ് പരീക്ഷയിൽ 6979- റാങ്ക് നേടി. തുടർന്ന്, ഇടുക്കി ജില്ലയിലെ തൊടുപുഴ അൽ-അസർ മെഡിക്കൽകോളേജിൽ അഡ്മിഷൻ ലഭിച്ചു. കോഴ്‌സിന് ചേരാൻ മൂന്ന് ലക്ഷം രുപയും കോളേജ് ഫീസായി നാല് ലക്ഷം രൂപയും നൽകണമെന്ന സ്ഥിതിയുണ്ടായി. പണം കണ്ടെത്താൻ കഴിയാതെ നിസ്സഹായരായ ഈ കുടുംബം അവസാന ശ്രമമെന്ന നിലയിലാണ് കോന്നി എം എൽ എ അഡ്വ. കെ യു ജനീഷ് കുമാറിനോട് സഹായം അഭ്യർത്ഥിച്ചത്.
ജയലക്ഷമിയുടെ പ്രതിസന്ധി മനസ്സിലാക്കിയ ജനീഷ് കുമാർ വിവരം സിപിഎം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവിനെ ധരിപ്പിച്ചു. ജയലക്ഷ്മിയോട് അഡ്മിഷനായി കോളേജിൽ പോകാൻ പറയു എന്ന് മാത്രമായിരുന്നു കെ പി ഉദയഭാനു മറുപടിയായി പറഞ്ഞത്. തിങ്കളാഴ്ച്ച ഉച്ചയോടെ കെ.പി ഉദയഭാനുവിനൊപ്പം എം.എൽ.എ ജനീഷ് കുമാറും അരുവാപ്പുലത്തെ ജയലഷ്മിയുടെ വീട്ടിലെത്തി മൂന്ന് ലക്ഷം രൂപ കൈമാറുകയായിരുന്നു. ആരുടെ മുന്നിലും നട്ടെല്ല് വളയ്ക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന ഉപദേശ നിർദേശങ്ങളാണ് നേതാക്കൾ നൽകിയത്. തുടർന്ന് അഡ്മിഷന്റെ കാര്യങ്ങൾക്കായി എംഎൽഎ യുടെ എഡ്യു കെയർ കോ- ഓർഡിനേറ്റർ രാജേഷ് ആക്ലേത്തിനെ ചുമതലപ്പെടുത്തുകയായിരുന്നു.
നാട്ടുകാർക്ക് എന്നും സഹായമാകുന്ന ഒരു ഡോക്ടറായി തന്റെ മകൾ മാറുമെന്നും പാർട്ടിയും എംഎൽഎയും നൽകിയ സഹായത്തിന് ഏറെ നന്ദിയുണ്ടെന്നും ജയലക്ഷ്മിയുടെ മാതാവ് രമാദേവി പറഞ്ഞു. ജയലക്ഷ്മിയുടെ പഠന ആവശ്യത്തിനായി 40 ലക്ഷത്തോളം രൂപ ആവശ്യമാണെന്നും അതിനായി പൊതുജനങ്ങളുടെ കൂടി സഹായത്തോടെ പണം സ്വരുപിക്കുമെന്നും കെ.പി ഉദയഭാനു അറിയിച്ചു. ഇതിനായി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയിയുടെയും ജയലക്ഷ്മിയുടെയും പേരിൽ കോന്നി ഫെഡറൽ ബാങ്കിൽ ഒരു ജോയിന്റ് അക്കൗണ്ടും പാർട്ടി ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...