തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണം വർധിക്കുന്നു. ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകളാണ് (Cluster) സംസ്ഥാനത്ത് രൂപം കൊണ്ടത്. വൻതോതിൽ രോഗികളുള്ള ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം 15 ആയി. കുതിക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനൊപ്പം (Test Positivity Rate) ക്ലസ്റ്ററുകളും വർധിക്കുന്നത് സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതേസമയം ക്ലസ്റ്ററുകളെപ്പോലും അപ്രസക്തമാക്കുന്ന തരത്തിലാണ് വ്യാപനമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
ആദ്യ തരംഗത്തിന് ശേഷം കൊവിഡ് രോഗികൾ കുറഞ്ഞതോടെ ഇല്ലാതായ ക്ലസ്റ്ററുകൾ വീണ്ടും ശക്തമാകുകയാണ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടുതലുള്ള കോഴിക്കോട് തന്നെയാണ് ക്ലസ്റ്ററുകളുടെ എണ്ണത്തിലും മുന്നിൽ. ഇതിൽ ഏറ്റവും ആശങ്കയുണ്ടാക്കുന്നത് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പ്രാദേശികമായി പടർന്ന 50ലധികം കേസുകളുള്ളപ്പോഴാണ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാവുക. കോഴിക്കോട് നഗരസഭയിലെ 42ആം വാർഡ്, 65 വാർഡ്, കട്ടിപ്പാറ വടക്കുംമുറി 12 വാർഡടക്കം അടക്കം ജില്ലയിൽ ആറ് ലാർജ് കമ്മ്യൂണിറ്റ് ക്ലസ്റ്ററുകളാണ് ഉള്ളത്. എല്ലാം ഈ മാസം രൂപം കൊണ്ടവ. മിക്കതും ആക്റ്റീവ് ക്ലസ്റ്ററുകൾ.
ALSO READ:Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി
കൊല്ലം കുലശേഖരപുരത്തെ വിവിധ വാർഡുകൾ ചേർന്ന ലാർജ് ക്ലസ്റ്ററിൽ മാത്രം രോഗികളുടെ എണ്ണം 197 ആണ്. ഇതോടൊപ്പം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററുകളും പ്രാദേശികമായി പടർന്ന ലിമിറ്റഡ് ക്ലസ്റ്ററുകളും ചേർന്നാണ് 111 ക്ലസ്റ്ററുകൾ. സമ്പർക്ക വ്യാപനം പിടിവിട്ടതും, ഉറവിടമില്ലാത്ത കേസുകൾ കൂടുന്നതുമാണ് ഭീമൻ ക്ലസ്റ്ററുകളുയർത്തുന്ന പ്രധാന ആശങ്ക.
മലപ്പുറം ജില്ലയിലെ പൊന്നാനി, തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള എന്നിവ ആദ്യ തരംഗത്തിൽ വൻ ഭീഷണി ഉയർത്തിയ ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളാണ്. പൂന്തുറ പിന്നീട് സൂപ്പർ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും വഴിമാറി. ആഴ്ചകളോളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചും ആരോഗ്യപ്രവർത്തകർ കർശന പരിശോധന നടത്തിയുമാണ് അന്ന് ക്ലസ്റ്ററുകളെ നിയന്ത്രിച്ചത്.
അതേസമയം, നിലവിലെ സാഹചര്യത്തിൽ ക്ലസ്റ്ററുകൾക്ക് പ്രസക്തിയില്ലാത്ത വിധമാണ് വ്യാപനമെന്നാണ് ആരോഗ്യവിദഗ്ധർ വിലയിരുത്തുന്നത്. സംസ്ഥാനത്താകെ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനം കടന്നിരിക്കെ സമൂഹവ്യാപനം നേരിടുന്നതിന് തുല്യമായ നടപടികളാണ് വേണ്ടതെന്നും നിർദേശം ഉയരുന്നുണ്ട്. പരിശോധനക്ക് വിധേയരാകുന്നവരിൽ നാലിലൊന്നും പോസിറ്റീവ് എന്ന നിലയിലാണ് സംസ്ഥാനത്തെ മൊത്തം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.86 ലക്ഷം പേർക്കാണ് കൊവിഡ് (Covid) സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,498 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. ആകെ 2,08,330 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. തുടർച്ചയായ ഒമ്പതാം ദിവസമാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക് മൂന്ന് ലക്ഷം കടക്കുന്നത്. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.87 കോടിയായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...