തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി പരമാർശത്തിന് പിന്നാലെ മുതിർന്ന സിപി എം നേതാക്കൾ കോടതിക്കെതിരെ രംഗത്ത്. സമരം പാടില്ലെന്ന് പറയാൻ ഇത് വെള്ളരിക്കപ്പട്ടണമാണോ എന്നായിരുന്നു മുതിർന്ന സിപി എം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായി എം.വി. ജയരാജന്റെ വിമർശനം.
കോടതിക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന കോടതി ഉത്തരവ് അപലപനീയമാണ്.സമരം പാടില്ലെന്ന് ബ്രിട്ടീഷ് കാർ പറഞ്ഞപ്പോൾ ഗാന്ധിജി സമരം നിർത്തിയിരുന്നെങ്കിൽ ഇന്ന് സ്വതന്ത്ര ഇന്ത്യ ഉണ്ടാകുമായിരുന്നില്ല.സമരം ചെയ്യാനുള്ള അവകാശം ഔദാര്യമല്ലെന്നും എം.വി ജയരാജൻ പറഞ്ഞു.
ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട എന്നായിരുന്നു സിഐടി യു നേതാവ് ആനത്തലവട്ടം ആനന്ദൻ കോടതി പരാമർശത്തോട് പ്രതികരിച്ചത്. കോടതി പറഞ്ഞാൽ പണിമുടക്കിൽ നിന്ന് പിൻമാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിലാളികൾക്ക് പണിമുടക്കാനുള്ള അവകാശമുണ്ട്.2003ൽ സുപ്രീം കോടതി പണിമുടക്ക് നിരോധിച്ചിട്ടുണ്ട്. അതിന് ശേഷം എത്രയോ പണിമുടക്കുകൾ രാജ്യത്ത് നടന്നു. ഏതെങ്കിലും ഒരു കോടതി പറഞ്ഞാൽ അതിൽനിന്ന് പിൻതിരിയില്ലെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.
പണിമുടക്ക് തടയാൻ കോടതിക്ക് കഴിയില്ലെന്ന് എൽഡിഎഫ് കൺവീനർ എ. വിജയരാഘവനും കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജീവനക്കാർക്ക് മേൽക്കോടതയിൽ പോകാൻ അവകാശമുണ്ടെന്നും അദ്ദേഹം ഹൈക്കോടതിയെ ഓർപ്പിപ്പിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.