തിരുവനന്തപുരം : മൂന്ന് വർഷത്തിന് ശേഷം കോൺഗ്രസ് പാർട്ടിയുടെ സ്ഥിരം അധ്യക്ഷനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാനിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പിൽ ആകെ രേഖപ്പെടുത്തിയത് 96 ശതമനാം വോട്ടാണ്. 65 പോളിങ് കേന്ദ്രങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. ഏകദേശം 9,500 പിസിസി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. വൈകിട്ട് നാല് മണിയോടെ വോട്ടെടുപ്പ് അവസാനിക്കുകയായിരുന്നു. സ്ഥാനാർഥികളായ ശശി തരൂർ തിരുവനന്തപുരത്തും മല്ലികാർജ്ജുന ഖാർഗെ കർണാടകയിലുമായി വോട്ടുരേഖപ്പെുത്തി.
കേരളത്തിൽ 310 പേരുള്ള ആകെ വോട്ടർ പട്ടികയിലെ 294 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ബലാത്സംഗ കേസിൽ ഒളിവിൽ തുടരുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി, വോട്ടവകാശമുള്ള മരണപ്പെട്ടവർ, ആരോഗ്യ പ്രശ്നം മറ്റ് ബുദ്ധിമുട്ടുകളെ തുടർന്നുള്ള 16 പേരാണ് വോട്ട് രേഖപ്പെടുത്താതിരുന്നത്. എന്നാൽ കണ്ണൂരിൽ നിന്നുള്ള സുരേഷ് എളയാവൂരിന് പേരിലെ സാങ്കേതികമായ പ്രശ്നങ്ങളെ തുടർന്ന് വോട്ട് രേഖപ്പെടുത്താനായില്ല.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഷാനിമോൾ ഉസ്മാൻ (ആൻഡമാൻ), നെയ്യാറ്റികര സനൽ (തമിഴ്നാട്), ജോൺ എബ്രഹാം (കർണാടക), ഹൈബി ഈഡൻ (പുതുച്ചേരി), രാജ്മോഹൻ ഉണ്ണിത്താൻ (തെലങ്കാന) അതാതിടങ്ങളിൽ വോട്ട് രേഖപ്പെടുത്തി. വിദ്യ ബാലകൃഷ്ണൻ, അനിൽ ബോസ് എന്നിവർ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പ്രത്യേകം സജ്ജമാക്കിയ വോട്ടിങ് കേന്ദ്രത്തിൽ വോട്ട് ചെയ്തു.
വോട്ടർ പട്ടികയിലുണ്ടായിരുന്ന പുനലൂർ മധു, ആര്യാടൻ മുഹമ്മദ്, പ്രതാപവർമ്മ തമ്പാൻ എന്നിവർ മരിച്ചു. വയലാർ രവി, കെ.എം.എ സലാം, പി പി തങ്കച്ചൻ, ടിഎച്ച് മുസ്തഫ, പി.കെ. അബൂബക്കർ ഹാജി, കെ.പി.വിശ്വനാഥൻ, കെ.അച്ചുതൻ, എ.ഡി മുസ്തഫ എന്നിവർ സുഖമില്ലാത്തതിനാൽ വോട്ട് രേഖപ്പെടുത്തിയില്ല. വിദേശത്തായതിനാൽ കരകുളം കൃഷ്ണപിള്ളയും വിഎം സുധീരനും വോട്ട് ചെയ്തില്ല.
നിലവിലെ പാർട്ടി അധ്യക്ഷയായ സോണിയ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഡൽഹി എഐസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തി. ഭാരത് ജോഡോ യാത്രയിൽ പ്രത്യേകം തയ്യാറാക്കിയ വോട്ടിങ് കേന്ദ്രത്തിലാണ് രാഹുൽ ഗാന്ധി വോട്ട് ചെയ്തത്. 24 വർഷത്തിന് ശേഷം ഗാന്ധി കുടുംബത്തിൽ നിന്നുമല്ലാത്ത ഒരു കോൺഗ്രസ് പ്രസിഡന്റ് ആരാകുമെന്ന് നാളെ കഴിഞ്ഞ് ഒക്ടോബർ 19ന് പ്രഖ്യാപിക്കും. വിവിധ പിസിസികളും മറ്റ് കേന്ദ്രങ്ങളിലിൽ നിന്നുമുള്ള ബാലറ്റുകൾ ഇന്ന് തന്നെ വിമാനമാർഗത്തിൽ ഡൽഹി എഐസിസി ആസ്ഥാനത്തെത്തിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...