തിരുവനന്തപുരം: സംസ്ഥാനത്ത് കോൺഗ്രസിൽ ചേരാൻ ആളെകിട്ടുന്നില്ല. 50 ലക്ഷം പേരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച കാമ്പയിൻ കേവലം 20 ലക്ഷത്തിലൊതുങ്ങി. പുന:സംഘടനയ്ക്ക് പിന്നാലെ മെമ്പർഷിപ്പ് വിതരണം ലക്ഷ്യത്തിലെത്താതായതോടെ കെപിസിസി നേതൃത്വം കടുത്ത പ്രതിസന്ധിയിലാണ്.
എറണാകുളമാണ് മെമ്പർഷിപ്പ് വിതരണത്തിൽ ഏറെ പിന്നിൽ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിനിധാനം ചെയ്യുന്ന പറവൂർ മണ്ഡലത്തിലും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വന്തം മണ്ഡലമായ ആലുവയിലും അംഗത്വം വിതരണം പരിതാപകരമാണ്. ഡിജിറ്റലായി മെമ്പർഷിപ്പ് ചേർക്കാൻ കണക്ടിവിറ്റി സാഹചര്യമുണ്ടായിട്ടും അത് വിനിയോഗിച്ച് സംസ്ഥാനത്ത് മാതൃകയാകാൻ കോൺഗ്രസിന് ഏറെ സംഘടനാ ശക്തിയുള്ള എറണാകുളം ജില്ലയ്ക്ക് സാധിച്ചിട്ടില്ല. ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ പിന്നിലുള്ള ഇടുക്കി, വയനാട് ജില്ലകൾ ഭേദപ്പെട്ട രീതിയിൽ പ്രവർത്തിച്ചു. എറണാകുളത്തെ തിരിച്ചടിയ്ക്ക് കാരണം ഡിസിസി നേതൃത്വത്തിന്റെ കഴിവുകേടും അലംഭാവവുമാണെന്ന അഭിപ്രായമുണ്ട്. ഒപ്പം പ്രതിപക്ഷ നേതാവിന്റെ വീഴ്ച്ചയായിട്ടും ചിലർ ഉയർത്തികാണിക്കുന്നു.
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ നാടായ കണ്ണൂരിലും സ്ഥിതി വ്യത്യസ്ഥമല്ല. എന്നാൽ എറണാകുളം ജില്ലയെ അപേക്ഷിച്ച് അംഗത്വ വിതരണത്തിൽ കാര്യത്തിൽ മുന്നിലാണെന്നതിൽ കെ സുധാകരന് ആശ്വസിക്കാം. ലീഗ് കോട്ടയായ മലപ്പുറത്ത് കോൺഗ്രസിന് നേട്ടമുണ്ടായിട്ടുണ്ട്. തൃശൂർ, കാസർകോട്, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ അംഗത്വ ക്വാട്ട തികയ്ക്കാനായില്ലെങ്കിലും കോൺഗ്രസിന് നാണക്കേടില്ലാതെ രക്ഷപ്പെടാനായി.
ബുക്ക്, ഡിജിറ്റൽ എന്നീങ്ങനെയാണ് മെമ്പർഷിപ്പ് വിതരണം നടത്താൻ തീരുമാനിച്ചിരുന്നത്. ബുക്ക് മെമ്പർഷിപ്പ് ഫോറം ഡിസംബറിൽ തയ്യാറാക്കിയിരുന്നു. പിന്നാലെ ഫെബ്രുവരിയിലാണ് ഡിജിറ്റൽ മെമ്പർഷിപ്പ് നിലവിൽ വന്നത്. വ്യാജ അംഗത്വം ഒഴിവാക്കാൻ നിരവധി നിബന്ധനകളുണ്ടായിരുന്നു. അംഗമാകുന്ന ആളുടെ ഫോട്ടോ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഫോൺ നമ്പർ അതിലൂടെ അയക്കപ്പെടുന്ന ഒടിടി നമ്പർ എന്നിവ ഡിജിറ്റലിൽ നിർബന്ധമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ പല കമ്മറ്റികളും ഡിജിറ്റൽ മെമ്പർഷിപ്പിനോട് വിമുഖത കാട്ടുകയായിരുന്നു. അംഗത്വവിതരണത്തിന്റെ മേൽനോട്ടം വഹിച്ചിരുന്ന ടി സിദ്ദിഖിനും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാനായില്ല.
കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 21നും സെപ്തംബർ 20നും ഇടയിൽ നടത്താനാണ് പ്രവർത്തക സമിതി തീരുമാനം. അംഗത്വവിതരണം പൂർത്തിയാകുന്നതിന്റെ തൊട്ടടുത്ത ദിവസം തിരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിക്കും. അതിനാൽ ഇനി മെമ്പർഷിപ്പ് ചേർക്കാനുള്ള തീയതി കേരളത്തിന് മാത്രമായി നീട്ടി നൽകില്ല. ഇതോടെ ചുവടുമാറ്റിയ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, മെമ്പർഷിപ്പ് 20 ലക്ഷത്തിലെക്കെത്തിക്കുമെന്നാണ് ഇപ്പോൾ വ്യക്തമാക്കുന്നത്. അതേസമയം 25 ലക്ഷത്തിലെത്തുമെന്നാണ് വിഡി സതീശന്റെ കണക്കുകൂട്ടൽ.
പ്രതീക്ഷിച്ച ക്വാട്ടയായ 50 ലക്ഷത്തിൽ എത്തില്ലെന്ന് ഉറപ്പായതോടെ നേതൃത്വത്തിനെതിരെ സംസ്ഥാനത്ത് വിമർശനങ്ങൾ ശക്തമായി. എപ്രിൽ 18ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയിലും 19ന് നിർവാഹകസമിതിയിലും അംഗത്വ വിതരണത്തിലെ വീഴ്ച്ച നേതൃത്വത്തിനെതിരെയുള്ള ചർച്ചകൾക്ക് വേദിയാകും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.