തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും വിദേശയാത്ര മാറ്റി. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കാണാൻ പോകുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ യാത്ര മാറ്റിവച്ചത്. ഇന്ന് ഒക്ടോബർ ഒന്ന് രാത്രി ഫിൻലാൻഡിലേക്ക് പോകാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് രാത്രി ചെന്നൈയിൽ കോടിയേരിയെ സന്ദർശിക്കും. കോടിയേരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് സന്ദർശനമെന്നാണ് ലഭിക്കുന്ന സൂചനകൾ.
അർബുദ രോഗബാധയെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കോടിയേരി ബാലകൃഷ്ണന്റെ നില ഗുരുതരാവസ്ഥയിൽ തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര മാറ്റിവയ്ക്കുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് യൂറോപ്പ്യൻ സന്ദർശനത്തിനായി പുറപ്പെടാനിരിക്കുകയായിരുന്നു. ഫിൻലാൻഡിനെ പുറമെ നോർവേ, ബ്രിട്ടൻ, ലണ്ടൻ, യു.കെ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സന്ദർശനത്തിനായി പോകേണ്ടിയിരുന്നത്. ഇതാണ് ഇപ്പോൾ അടിയന്തര സാഹചര്യം എന്നപോലെ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിരിക്കുന്നത്.
ഈ മാസം 12 വരെയാണ് സന്ദർശനം നിശ്ചയിരിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, ചീഫ് സെക്രട്ടറി വി.പി.ജോയ്, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ ഫിൻലൻഡ് സന്ദർശന സംഘത്തിലുണ്ട്. അവിടത്തെ വിദ്യാഭ്യാസ മാതൃക പഠിക്കുകയാണു ലക്ഷ്യം. ഇവരോടൊപ്പം പ്രമുഖ ബഹുരാഷ്ട്ര കമ്പനികളും ഐടി കമ്പനികളും സന്ദർശിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകൾ സംബന്ധിച്ച ചർച്ചകളുമുണ്ടാകും. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോർവേ സന്ദർശനത്തിന്റെ ലക്ഷ്യം. മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹ്മാൻ എന്നിവർ അവിടെ ഒപ്പം ചേരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...