Pinarayi Vijayan: അബി​ഗേലിനെ തട്ടിക്കൊണ്ടു പോയവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി

Abigel Sara kidnap case: ആയിരക്കണക്കിന് പോലീസുകാരാണ് അബിഗേലിന് വേണ്ടിയുള്ള അന്വേഷണത്തിൽ പങ്കാളികളായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

Written by - Zee Malayalam News Desk | Last Updated : Nov 29, 2023, 02:02 PM IST
  • അബിഗേലിനെ സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞതാണ് വലിയ ആശ്വാസമായത്.
  • മണിക്കൂറുകൾക്ക് ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുന്നത്.
  • നാലുപേർ കുട്ടിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി എന്ന വിവരം ആണ് ആദ്യം ലഭിച്ചത്.
Pinarayi Vijayan: അബി​ഗേലിനെ തട്ടിക്കൊണ്ടു പോയവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരും: മുഖ്യമന്ത്രി

മലപ്പുറം: ആറു വയസുകാരി അബിഗേൽ സാറയെ തട്ടിക്കൊണ്ടു പോയവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിലാണ് പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. 

മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ: 

രാജ്യത്തിനാകെ സന്തോഷം പകർന്ന ദിനമായിരുന്നു ഇന്നലെ. രണ്ട് ആശ്വാസ വാർത്തകളാണ് നമുക്ക് മുന്നിലുള്ളത്. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളിൽ എല്ലാവരേയും രക്ഷപ്പെടുത്താനായി എന്നതാണ് ഒരു കാര്യം. 400 മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിജയകരമായി ഇന്നലെ പൂർത്തിയായി. മനസ്ഥൈര്യം കൈവിടാതെ പ്രതിസന്ധിയെ അതിജീവിച്ച തൊഴിലാളികൾക്കും അതിസാഹസികമായ രക്ഷാപ്രവർത്തനം കൃത്യതയോടെ നടപ്പാക്കിയ ഉത്തരാഖണ്ഡ് അധികൃതർക്കും അഭിനന്ദനങ്ങൾ.

ALSO READ: 46,000 കടന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 600 രൂപ

രണ്ടാമത്തേത് കൊല്ലം ഓയൂർ കാറ്റാടി മുക്കിൽ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേൽ സാറയെ  സുരക്ഷിതമായി കണ്ടെത്താൻ കഴിഞ്ഞതാണ് വലിയ ആശ്വാസമായത്. ഉദ്വേഗത്തിൻറെയും ആശങ്കയുടെയും നീണ്ട മണിക്കൂറുകൾക്ക്  ഒടുവിലാണ് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് കണ്ടെത്തുന്നത്.  

സംഭവം അറിഞ്ഞ നിമിഷം മുതൽ കുട്ടിയെ കണ്ടെത്താൻ ജാഗ്രതയോടെ അഹോരാത്രം പ്രവർത്തിച്ച  പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും  മറ്റെല്ലാവരെയും  അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോർന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങൾ നൽകിയ അബിഗേലിൻറെ സഹോദരൻ ജോനാഥന് പ്രത്യേകം അഭിനന്ദങ്ങൾ. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം അറിഞ്ഞ ഉടൻ തന്നെ ഞങ്ങളെല്ലാം ഇടപെട്ടിരുന്നു. കുട്ടിയെ സുരക്ഷിതമായി കണ്ടെത്താൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പോലീസ് മേധാവിക്കും മറ്റ്  ബന്ധപ്പെട്ടവർക്കും  നിർദ്ദേശവും നൽകിയിരുന്നു. അന്വേഷണത്തിൻറെ ഏകോപനത്തിനായി എഡിജിപി അടക്കമുളള  മുതിർന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. നാലുപേർ ചേർന്ന് കുട്ടിയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി എന്ന വിവരം ആണ് ആദ്യം ലഭിച്ചത്. അപ്പോൾ തന്നെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ വാഹനപരിശോധന ആരംഭിച്ചു.  

ആയിരക്കണക്കിന് പോലീസുകാരാണ് അന്വേഷണത്തിൽ പങ്കാളികളായത്. സമീപകാലത്ത് കേരളം കണ്ട ഏറ്റവും വലിയ തിരച്ചിൽ ആണ് പോലീസ് കുട്ടിക്ക് വേണ്ടി നടത്തിയത്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള കാർ ആണ് പ്രതികൾ ഉപയോഗിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ അതിക്രമം കാട്ടുന്നവർക്ക് എതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ല എന്ന്  ആവർത്തിച്ച് പറയുകയാണ്. ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ അബിഗേലിൻറെ കുടുബത്തിന് ഒപ്പം നിന്ന് കരുത്ത് പകർന്ന കേരളീയ സമൂഹത്തെ ഹാർദമായി അഭിവാദ്യം ചെയ്യുന്നു. കേരളത്തിൻറെ മാനവികതയും സാമൂഹ്യ ഐക്യവും പ്രകടമായ സമയം കൂടിയാണിത്. എല്ലാവരും ആ കുഞ്ഞിനെ കിട്ടാനുള്ള ഇടപെടലാണ് നടത്തിയത്. ഈ ഐക്യത്തെക്കുറിച്ചാണ്, സവിശേഷതയെക്കുറിച്ചാണ് കേരളീയം വേളയിൽ നാം കൂടുതൽ ചർച്ച ചെയ്തത്. 

വിവരങ്ങൾ അതാത് സമയം എത്തിക്കുന്നതിലും അതിലൂടെ ജനങ്ങളെ ജാഗരൂകരാക്കുന്നതിലും മാധ്യമങ്ങൾ പൊതുവിൽ നല്ല പങ്കാണ് വഹിച്ചത്.  അതേ സമയം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാധ്യമങ്ങൾക്ക് എന്തൊക്കെ കരുതൽ ഉണ്ടാകണം എന്ന ചർച്ചയും സ്വയംവിമർശനവും വേണ്ടതുണ്ട്. അന്വേഷണ പുരോഗതി അതാതു സമയം ജനങ്ങളിലെത്തിക്കുന്നത് നല്ലതാണ്. എന്നാൽ അത് കുറ്റവാളികൾക്ക് രക്ഷപ്പെടാനുള്ള പഴുതായി മാറാതിരിക്കാൻ  ശ്രദ്ധിക്കണം. വല്ലാതെ ദുഃഖം അനുഭവിക്കുന്നവർക്ക് മുന്നിലേക്ക് ഔചിത്യമില്ലാത്ത ചോദ്യങ്ങളുമായി പോകരുത്. 

മലപ്പുറം ജില്ലയിൽ നവകേരള സദസ്സ് മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്ന്  ചേർന്ന പ്രഭാത യോഗത്തിൽ  അരീക്കോട് കേന്ദ്രമായ 'ഇൻറർവൽ‍ڈ എന്ന എഡ് ടെക് സ്റ്റാർട്ട് അപ്പ് കമ്പനിയുടെ പ്രതിനിധി പങ്കെടുത്തിരുന്നു.   ഫിൻലാൻഡിലെ څടാലൻറ് ബൂസ്റ്റ്چ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള സ്റ്റാർട്ടപ്പ് സംഗമത്തിലേക്ക് ഇൻറർവെൽ  തെരഞ്ഞെടുക്കപ്പെട്ട വാർത്ത കഴിഞ്ഞ ദിവസമാണ്  വന്നത്.  അങ്ങനെയൊരു ക്ഷണം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സ്റ്റാർട്ടപ്പാണ് ഇൻറർവെൽ. വളരെ വലിയ അംഗീകാരമാണ് ഈ സ്റ്റാർട്ടപ്പ് നേടിയിരിക്കുന്നത്. 30 രാജ്യങ്ങളിലായി 25,000 ലധികം വിദ്യാർത്ഥികൾക്കാണ് ഇവർ വിദ്യാഭ്യാസസാങ്കേതിക സേവനം നൽകുന്നത്. കേരളത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്.

രാജ്യത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തിനാകെ മാതൃകയാവുകയാണ് ഇതിലൂടെ കേരളം. അത് കേന്ദ്ര ധനകാര്യ മന്ത്രിക്കും  എടുത്തു പറയേണ്ടി വന്നു. സാധാരണ നമ്മുടെ നാടിനെതിരെ തെറ്റായ  പ്രചാരണങ്ങൾ നടത്തുന്നവരെപ്പോലും കേരളത്തെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും നല്ലത് പറയാൻ നിർബന്ധിതരാക്കുന്നതിൻറെ പേരുകൂടിയാണ് കേരള മോഡൽ.

2022 ഒക്ടോബറിൽ കേരള സംഘം ഫിൻലാൻഡ് സന്ദർശിച്ചിരുന്നല്ലോ.  കേരളവും ഫിൻലാൻഡും  തമ്മിലുളള സഹകരണം മെച്ചപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തെ ഫിൻലാഡുമായി ബന്ധിപ്പിക്കുന്നതിനുമായിരുന്നു അന്ന്  ഫിൻലാൻഡ് സന്ദർശിച്ചത്. തിരിച്ചെത്തി നടത്തിയ വാർത്താ സമ്മേളനത്തിൽ ഫിൻലാൻറിൽ നമുക്കുള്ള സാധ്യതകളെക്കുറിച്ച് വിശദമായി പറഞ്ഞത് ചിലർ ഓർക്കുന്നുണ്ടാകും. 

വയോജനങ്ങളുടെ സംഖ്യ വർദ്ധിച്ചുവരുന്ന ഒരു ഏയ്ജിങ് സൊസൈറ്റിയാണ് ഫിൻലാൻഡ്. പ്രായം കുറഞ്ഞവരുടെ സംഖ്യ കുറഞ്ഞ അവിടെ നൈപുണ്യമുള്ളവരുടെ അപര്യാപ്തത  സ്വാഭാവികമായും ഉണ്ട്. ഈ 'സ്കിൽ ഷോർട്ടേജ്' നികത്താനാണ് ഫിന്നിഷ് ഗവണ്മെൻറ് 'ടാലൻറ് ബൂസ്റ്റ് പ്രോഗ്രാം' എന്ന വിപുലമായ പദ്ധതി ആസൂത്രണം ചെയ്തത്. ഈ പദ്ധതി വഴി അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും കഴിവുള്ള യുവാക്കളെ ഫിൻലാൻഡിലേക്ക് ക്ഷണിക്കാനാണ് അവർ തീരുമാനിച്ചത്. അവരുടെ പ്രധാന ടാർഗറ്റ് രാജ്യം ഇന്ത്യയായിരുന്നു. ഇന്ത്യയിൽ കേരളമാണ് ഇങ്ങനെയൊരു അവസരം ഉപയോഗിക്കാൻ ആദ്യമായി ഒരു സംഘത്തെ ഫിൻലാൻഡിലേക്ക് അയച്ചത്. 

കേരള സംഘത്തിൻറെ സന്ദർശനത്തെ തുടർന്ന് നമ്മുടെ ആരോഗ്യ രംഗത്തിന് പുറമേ  സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റവുമായി കൂടി സഹകരിക്കാനാണ് ഫിൻലാൻഡ് പദ്ധതിയിട്ടത്. നോർക്ക, ഒഡേപെക്, കേരള സ്റ്റാർട്ടപ്പ് മിഷൻ, കെ.എസ്.ഐ.ഡി.സി എന്നിവ ചേർന്ന് ഈ സഹകരണത്തെ മുന്നോട്ടുകൊണ്ടുപോവാനാണ് വിദേശ പര്യടനത്തെ തുടർന്ന് സർക്കാർ  ശ്രമിച്ചത്. 

ഫിന്നിഷ് ഗവണ്മെൻറിൻറെ 'ടാലൻറ് ബൂസ്റ്റ്' പ്രോഗ്രാമിലേക്ക് കേരളത്തിലെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തെ ഉൾച്ചേർക്കാൻ തയ്യാറായത്  കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് സഹായകരമാവും. ഇന്ന് ڇഇൻറർവൽ‍ڈ ഈ അഭിമാന നേട്ടം കൈവരിക്കുമ്പോൾ അത് ഈ നാടിൻറെയാകെ നേട്ടമാണെന്നാണ് സർക്കാർ കരുതുന്നത്. കൂടുതൽ സ്റ്റാർട്ടപ്പുകൾക്ക് ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന തരത്തിൽ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റത്തെ മികവുറ്റതാക്കാനാണ് ശ്രമിക്കുന്നത്. 

4800 സ്റ്റാർട്ടപ്പുകൾ, 64 ഇൻകുബേറ്ററുകൾ, 450 ഇന്നൊവേഷൻ കേന്ദ്രങ്ങൾ, 10 ലക്ഷം ചതുരശ്ര അടി തൊഴിലിടം തുടങ്ങിയ നേട്ടങ്ങളിലൂടെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയായി ഇന്ന് കേരളം മാറിയിരിക്കുന്നു.  ലോകോത്തര സാങ്കേതിക വിദ്യകൾക്കനുസൃതമായി സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ ശക്തമാക്കുവാനും നൈപുണ്യ പരിശീലനവും വൈദഗ്ധ്യവും മാർഗനിർദേശവും മറ്റു പിന്തുണകളും ലഭ്യമാക്കുന്നതിനുമായി 2019 ൽ കൊച്ചിയിൽ ഇൻറഗ്രേറ്റഡ് സ്റ്റാർട്ടപ്പ് സമുച്ചയം യാഥാർഥ്യമാക്കി. കേരളത്തെ നവ സാങ്കേതിക വിദ്യാ ഹബ്ബാക്കി മാറ്റുന്നതിൻറെ ഭാഗമായി തിരുവനന്തപുരത്ത് എമേർജിങ് ടെക്നോളജി ഹബ്ബിൻറെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. 4800ൽ പരം സ്റ്റാർട്ടപ്പുകൾ വഴി 50,000 തൊഴിലുകളാണ് സൃഷ്ടിച്ചത്. 

2021-22ൽ ലോകത്തിലെ ഒന്നാം നമ്പർ പൊതു ബിസിനസ് ആക്സിലറേറ്ററായി സ്റ്റാർട്ടപ്പ് മിഷൻ തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാർട്ടപ്പ് ഇന്ത്യയുടെ ദേശീയ റാങ്കിംഗിൽ തുടർച്ചയായി ബെസ്റ്റ് പെർഫോർമർ പുരസ്ക്കാരം ലഭിച്ചു. ഡിപിഐഎടിയുടെ റാങ്കിങ്ങിൽ 2018, 2019, 2020 എന്നീ വർഷങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച് ഹാട്രിക് നേടി. സാമൂഹിക ഉന്നമനത്തിൽ സ്റ്റാർട്ടപ്പ് മിഷൻറെ പങ്ക് നിസ്തുലമാണ്. സംരംഭകത്വം എന്നത് കയ്യിൽ പണമുള്ളവർക്ക് മാത്രം ചെയ്യാവുന്ന കാര്യമല്ല.  അതിന് കഠിനാധ്വാനവും ഉൾക്കാഴ്ചയുമാണ് വേണ്ടത്. അത്  യുവതലമുറയോട് ആവർത്തിച്ച് പറയുകയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. ഇങ്ങനെ ലക്ഷ്യബോധത്തോടെയുള്ള സർക്കാർ ഇടപെടലിൻറെ ഒരുദാഹരണമാണ് അരീക്കോട്ടെ സ്റ്റാർട്ടപ്പ് സംരംഭത്തിൻറെ വിജയം എന്ന് നിസ്തർക്കം പറയാനാകും. 

നവകേരള സദസ്സ് മലപ്പുറം ജില്ലയിൽ രണ്ടു ദിവസം പൂർത്തിയായപ്പോൾ ആകെ ആകെ 31,601 നിവേദനങ്ങളാണ് ലഭിച്ചത്. ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,735 നിവേദനങ്ങളുമാണ് ലഭിച്ചത്. വള്ളിക്കുന്ന് - 4778, തിരൂരങ്ങാടി - 4317, കോട്ടയ്ക്കൽ - 3673, വേങ്ങര - 3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ആദ്യദിവസം പൊന്നാനി - 4192, തവനൂർ - 3766, തിരൂർ - 4094, താനൂർ - 2814 എന്നിങ്ങനെയാണ് നിവേദനങ്ങൾ ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News