Monsoon Diseases: മഴക്കാലത്ത് കുട്ടികളുടെ ആരോ​ഗ്യം; വീട്ടിലും വിദ്യാലയത്തിലും നല്ല ആരോഗ്യ ശീലങ്ങള്‍ പിന്തുടരണമെന്ന് ആരോ​ഗ്യമന്ത്രി

Childrens health care during rainy season: മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 1, 2024, 09:04 PM IST
  • സ്‌കൂളും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
  • മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ
  • ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങൾ പകരാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധ പുലർത്തണം
Monsoon Diseases: മഴക്കാലത്ത് കുട്ടികളുടെ ആരോ​ഗ്യം; വീട്ടിലും വിദ്യാലയത്തിലും നല്ല ആരോഗ്യ ശീലങ്ങള്‍ പിന്തുടരണമെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് കുട്ടികള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ നല്ല ആരോഗ്യ ശീലങ്ങള്‍ പാഠമാക്കണമെന്ന് നിർദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ പല പകര്‍ച്ചവ്യാധികളേയും കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സയിലൂടെയും പ്രതിരോധിക്കാന്‍ സാധിക്കും.

കുട്ടികള്‍ക്ക് നല്‍കുന്ന ആരോഗ്യ അറിവുകള്‍ വീട്ടിലേക്ക് എത്തിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി രോഗങ്ങൾ പകരാന്‍ സാധ്യതയുള്ളതിനാല്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.

ALSO READ: തൃശൂരില്‍ കനത്ത മഴയും ഇടിമിന്നലും; ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

· തിളപ്പിച്ചാറിയ വെള്ളം ആയിരിക്കണം കുട്ടികള്‍ എപ്പോഴും കുടിക്കാന്‍ ഉപയോഗിക്കുന്നത്.
· ഇലക്കറികള്‍, പച്ചക്കറികള്‍ എന്നിവ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ, സമീകൃതാഹാരം ഉച്ചയൂണായും സ്‌നാക്‌സ് ആയും കുട്ടികള്‍ക്ക് കഴിക്കാനായി കൊടുത്ത് വിടുക. പുറത്ത് നിന്നുള്ള ഭക്ഷണം പരിമിതപ്പെടുത്തുക.
· ധാരാളം വെള്ളം കുടിക്കുക.
· ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കാതിരിക്കുക.
· ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും ടോയ്ലെറ്റില്‍ പോയതിന് ശേഷവും നിര്‍ബന്ധമായി കൈകള്‍ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈ കഴുകേണ്ടത് പ്രധാനമാണ്.
· മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയ പഴവര്‍ഗങ്ങള്‍ ധാരാളം കഴിക്കുക.
· വിറ്റാമിന്‍ സി ലഭിക്കാൻ കുട്ടികള്‍ക്ക് ദിവസവും നാരങ്ങാ വെള്ളം കൊടുക്കുന്നത് നല്ലതാണ്.
· കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കാതെ ശ്രദ്ധിക്കണം.
· മഴ നനയാതിരിക്കാന്‍ രക്ഷകര്‍ത്താക്കള്‍ കുടയോ, റെയിന്‍കോട്ടോ കുട്ടികള്‍ക്ക് നല്‍കണം.
· കുട്ടികള്‍ മഴ നനഞ്ഞ് വന്നാല്‍ തല തോര്‍ത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ച് പോഷണ ഗുണമുള്ള ചൂട് പാനീയങ്ങള്‍ (ചൂട് കഞ്ഞിവെള്ളം, ചൂട് പാല് മുതലായവ) കുടിക്കാൻ നല്‍കുക.
· മഴക്കാലത്ത് കുട്ടികള്‍ക്ക് വൈറല്‍ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇവ മറ്റ് കുട്ടികളിലേക്ക് പകരാതിരിക്കാന്‍ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാന്‍ കുട്ടികളെ ശീലിപ്പിക്കുക.
· പനിയുള്ള കുട്ടികള്‍ സ്‌കൂളില്‍ പോകാതിരിക്കുന്നതാണ് നല്ലത്. കൃത്യമായ ചികിത്സ ഉറപ്പാക്കേണ്ടതും പ്രധാനമാണ്.
· മലിനമായ വെള്ളവുമായി കുട്ടിക്ക് സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരം ഡോക്ടറെ അറിയിക്കണം.
· അധ്യാപകര്‍ കുട്ടികളെ നിരീക്ഷിക്കണം. സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷകര്‍ത്താക്കളെ അറിയിക്കണം.
· വിഷമിച്ച് ഉള്‍വലിഞ്ഞ് നില്‍ക്കുന്ന കുട്ടികള്‍, ഭിന്നശേഷി കുട്ടികള്‍ എന്നിവര്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്നേഹവും പ്രോത്സാഹനവും നല്‍കണം.
· ക്ലാസ് മുറികളുടെയും സ്‌കൂള്‍ പരിസരത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.
· അപകടകരമായ സാഹചര്യം കണ്ടാല്‍ പരിഹാരത്തിനായി ഉടൻ തന്നെ അധ്യാപകരെ വിവരം അറിയിക്കുക.
· രക്ഷകര്‍ത്താക്കള്‍ക്കോ അധ്യാപകര്‍ക്കോ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ഹെല്‍പ് ലൈന്‍ 'ദിശ'യില്‍ വിളിക്കാവുന്നതാണ്- 104, 1056, 0471-2552056, 0471-2551056.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News