ബില്ലുകളിൽ ഒപ്പിടാത്തതിന് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ കത്ത്; കൂടുതൽ വിശദീകരണം വേണമെന്ന് ​ഗവർണറുടെ മറുപടിക്കത്ത്

നിയമസഭ പാസാക്കിയ ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ല. ബില്ലുകൾ പലതും അധികാരപരിധി മറികടന്ന് പാസാക്കിയതാണെന്നും മുഖ്യമന്ത്രിയുടെ കത്തിന് ഗവർണർ മറുപടി നൽകി.

Written by - Zee Malayalam News Desk | Last Updated : Feb 17, 2023, 12:25 PM IST
  • മാസത്തിലൊരിക്കലെങ്കിലും ഭരണകാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനോടും ​ഗവർണർ അതൃപ്തി രേഖപ്പെടുത്തി
  • രണ്ടാഴ്ച മുമ്പാണ് മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചത്
  • നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ രാജ്ഭവനിലെത്തിയിട്ട് മാസങ്ങളേറെയായി
ബില്ലുകളിൽ ഒപ്പിടാത്തതിന് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ കത്ത്; കൂടുതൽ വിശദീകരണം വേണമെന്ന് ​ഗവർണറുടെ മറുപടിക്കത്ത്

തിരുവനന്തപുരം: എട്ട് ബില്ലുകൾ രാജ്ഭവനിലുണ്ടെന്ന മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തലിന് മറുപടിയുമായി ഗവർണർ. ബില്ലുകളിൽ കൂടുതൽ വിശദീകരണം വേണമെന്ന് നിലപാടിലുറച്ച് നിൽക്കുകയാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ ബില്ലുകൾ നിയമാനുസൃതമാണെന്ന് ഉറപ്പില്ല. ബില്ലുകൾ പലതും അധികാരപരിധി മറികടന്ന് പാസാക്കിയതാണെന്നും മുഖ്യമന്ത്രിയുടെ കത്തിന് ഗവർണർ മറുപടി നൽകി.

മാസത്തിലൊരിക്കലെങ്കിലും ഭരണകാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടിനോടും ​ഗവർണർ അതൃപ്തി രേഖപ്പെടുത്തി. രണ്ടാഴ്ച മുമ്പാണ് മുഖ്യമന്ത്രി ഗവർണർക്ക് കത്തയച്ചത്. നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ രാജ്ഭവനിലെത്തിയിട്ട് മാസങ്ങളേറെയായി. തീരുമാനം കാത്ത് പ്രധാന ബില്ലുകൾ അലമാരയിലുണ്ടെന്ന് ഗവർണറെ ഓർമ്മിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. ബില്ലുകൾ അംഗീകരിച്ച് നൽകണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ പറയുന്നില്ലെങ്കിലും  ഓർമ്മപ്പെടുത്തലായിരുന്നു ഉദ്ദേശം.

ALSO READ: വിദ്യാഭ്യാസ വകുപ്പിൽ 6005 അധിക തസ്തികകൾ; ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിൽ

ദിവസങ്ങൾ പിന്നിട്ടിട്ടും ഗവർണർ കത്ത് ഗൗനിക്കുന്നില്ലെന്ന മാധ്യമ വാർത്തകൾ വന്നതിന് പിന്നാലെ ​ഗവർണർ മറുപടി കത്തുമായി രംഗത്തെത്തി. ചില കാര്യങ്ങളിൽ അതൃപ്തി രേഖപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിക്കുള്ള മറുപടി കത്ത് ഗവർണർ തയ്യാറാക്കിയത്. ഇതിൽ നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിൻ്റെ കാരണവും അദ്ദേഹം  വിശദീകരിക്കുന്നുണ്ട്. ബില്ലുകൾ സംബന്ധിച്ച സംശയം ദൂരീകരിക്കാൻ മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകണം.

ബില്ലുകളിൽ പലതും നിയമാനുസൃതമെന്ന് ഉറപ്പില്ലെന്നും ചിലത് സംസ്ഥാനത്തിൻ്റെയും നിയമസഭയുടെയും അധികാര പരിധി മറികടന്ന് പാസാക്കിയതാണെന്നും ഗവർണർ കത്തിലൂടെ വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി ഭരണകാര്യങ്ങൾ മാസത്തിലൊരിക്കങ്കിലും വിശദീകരിക്കാൻ തയ്യാറാകണം. അതാണ് ശരിയായ കീഴ്‌വഴക്കമെന്നും ഗവർണർ പറഞ്ഞു. മാത്രമല്ല, വകുപ്പ് മന്ത്രിമാർ കാര്യങ്ങൾ വിശദീകരിക്കാൻ എത്തുമ്പോൾ അതാത് വകുപ്പുകളിലെ സെക്രട്ടറിമാരെ കൊണ്ടുവരുന്നതിന് പകരം പ്രൈവറ്റ് സെക്രട്ടറിമാരെയാണ് കൂടെ കൂട്ടുന്നതെന്നും ഗവർണർ വ്യക്തമാക്കി.

ALSO READ: KTU VC : കെടിയു വിസിയെ നിർദേശിക്കേണ്ടത് സർക്കാരെന്ന് ഹൈക്കോടതി; ഗവർണർക്ക് തിരിച്ചടി

സർക്കാർ-ഗവർണർ പോരിന് ചെറിയ അയവ് വന്നതോടെയാണ് മുഖ്യമന്ത്രി ഗവർണർക്ക് ബില്ലുകളെക്കുറിച്ച് ഓർമ്മപ്പെടുത്തലുമായി കത്ത് നൽകിയത്. എന്നാൽ, രാജ്ഭവനിലുള്ള വിവാദ ബില്ലുകളിലൊന്നും ഒപ്പുവയ്ക്കില്ലെന്ന മുൻ നിലപാടിലുറച്ച് നിൽക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. ഇക്കാര്യത്തിൽ സർക്കാർ-ഗവർണർ നീക്കുപോക്ക് ഏത് തലത്തിലാകുമെന്നുള്ളതാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News