ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തേണ്ടതില്ല; വ്യാജ വീഡിയോ നിർമിച്ചിട്ട് അതിന് മാധ്യമപരിരക്ഷ ആവശ്യപ്പെട്ടാൽ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala Assembly: അവസരം കിട്ടുമ്പോൾ മാധ്യമങ്ങളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി എസ്എഫ്ഐ ​ഗുണ്ടാപ്പണി ചെയ്യുകയാണെന്ന് പിസി വിഷ്ണുനാഥ് വിമർശിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 6, 2023, 01:24 PM IST
  • സര്‍ക്കാരിനെതിരായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അത് ഇവിടെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
  • ദ വയര്‍, ന്യൂസ് ചെക്ക് എന്നിവയ്‌ക്കെതിരെയും അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുമ്പുളള എന്‍.ഡി.ടി.വിക്കെതിരെയും പ്രതികാര നടപടികൾ ഉണ്ടായിട്ടുണ്ട്
  • ആ നടപടികള്‍ ഒന്നും വാര്‍ത്തേതര കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല
  • സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്തതിനായിരുന്നു
  • അന്നൊന്നും ഈ പ്രതിഷേധക്കാരെയൊന്നും കണ്ടില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു
ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തേണ്ടതില്ല; വ്യാജ വീഡിയോ നിർമിച്ചിട്ട് അതിന് മാധ്യമപരിരക്ഷ ആവശ്യപ്പെട്ടാൽ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോടുള്ള ഓഫീസിൽ റെയ്ഡ് നടത്തിയതും ബിബിസി ഓഫീസിലെ റെയ്ഡും താരതമ്യപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമപ്രര്‍ത്തനത്തിന്റെ ഭാഗമായ കാര്യമല്ല വ്യാജ വീഡിയോ നിര്‍മ്മാണവും അതിന്റെ സംപ്രേഷണവും. പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ അവളറിയാതെ അതില്‍ പെടുത്തുക കൂടി ചെയ്തിട്ട് മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിരക്ഷ വേണമെന്നു പറയുന്നത് ധീരമായ പത്രപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി.സി വിഷ്ണുനാഥിന്റെ  അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

അവസരം കിട്ടുമ്പോൾ മാധ്യമങ്ങളെ വേട്ടയാടാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. എസ്എഫ്ഐയ്ക്ക് എന്തും ചെയ്യാനുള്ള അനുവാദം നൽകിയിരിക്കുകയാണ്. ഏഷ്യാനെറ്റ് ചെയ്തത് വ്യാജ വാർത്ത ആണ് എന്നതിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ലഹരി സംഘങ്ങൾക്കെതിരെ വാര്‍ത്ത വന്നാൽ അതിൽ വിറളി  പിടിക്കേണ്ടത് ലഹരി മാഫിയക്കല്ലേ, എന്തിനാണ് എസ്എഫ്ഐക്ക് ഇത്ര പ്രതിഷേധമെന്ന് പിസി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. ഭരിക്കുന്ന പാർട്ടിക്ക് വേണ്ടി എസ്എഫ്ഐ ​ഗുണ്ടാപ്പണി ചെയ്യുകയാണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
 
ഇവിടെയുണ്ടായ നടപടിയെ ബിബിസി റെയ്ഡുമായി താരതമ്യപ്പെടുത്തുണ്ടേതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് ഇതുമായി ഒരു താരതമ്യവുമില്ല. ബിബിബിസിക്കെതിരായ നടപടി ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലെ പങ്ക് വെളിച്ചത്തു കൊണ്ടുവന്നതിനായിരുന്നു. ഇവിടുണ്ടായ വ്യാജ വീഡിയോ നിര്‍മ്മാണമോ? അത് ഏതെങ്കിലും സര്‍ക്കാരിനോ  ഭരണാധികാരിക്കോ എതിരെയുള്ള തുറന്നു കാട്ടലല്ല. അതുകൊണ്ടുതന്നെ അതില്‍ അധികാരത്തിലുള്ള ആര്‍ക്കെങ്കിലും എന്തെങ്കിലും വിരോധം തോന്നേണ്ട കാര്യമില്ല. അതുകൊണ്ടു തന്നെ ഇവിടെ പ്രതികാര നടപടി എന്നോ വൈരനിര്യാതന നടപടി എന്നോ ഒന്നും പറഞ്ഞാല്‍ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: പി.വി അൻവർ എംഎൽഎയുടെ പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു

വ്യാജ വീഡിയോ ഉണ്ടാക്കല്‍, പെണ്‍കുട്ടികളുടെ ദുരുപയോഗം എന്നിവ നടത്തിയിട്ട് മാധ്യമവര്‍ത്തനത്തിനുള്ള പരിരക്ഷ ഈ കുറ്റകൃത്യങ്ങള്‍ക്കും വേണം എന്നു വാദിക്കുന്നവര്‍, നാളെ ഒരാള്‍ വാര്‍ത്താ സംപ്രേഷണ ജോലിക്കിടെ ഒരാളെ കൊലപ്പെടുത്തിയെന്ന് വിചാരിക്കുക. കൊലപാതകം കൊലപാതകമല്ലാതാവുമോ? മാധ്യമ പരിരക്ഷയുള്ള സല്‍കൃത്യമാവുമോ? ഒരു വ്യക്തി ഒരു സംഭവത്തിന്റെ കാര്യത്തില്‍ പരാതിയുമായി വരുന്നു. അത് വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അങ്ങനെ ഒരു പരാതി വന്നാല്‍ പൊലീസ് എന്തു ചെയ്യണം? ഇത് മാധ്യമവുമായി ബന്ധപ്പെട്ടതാണെന്ന് പറഞ്ഞ് കീറി കൊട്ടയിലിടണോ? അതാണോ നിയമവ്യവസ്ഥ? പ്രതിപക്ഷമായിരുന്നു സർക്കാരിലെങ്കിൽ അതാണോ ചെയ്യുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.

സര്‍ക്കാരിനെതിരായ വാര്‍ത്ത കൊടുത്തതിന്റെ പേരില്‍ പ്രതികാര നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും അത് ഇവിടെയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദ വയര്‍, ന്യൂസ് ചെക്ക് എന്നിവയ്‌ക്കെതിരെയും അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതിനു മുമ്പുളള എന്‍.ഡി.ടി.വിക്കെതിരെയും പ്രതികാര നടപടികൾ ഉണ്ടായിട്ടുണ്ട്. ആ നടപടികള്‍ ഒന്നും വാര്‍ത്തേതര കാര്യങ്ങള്‍ മുന്‍നിര്‍ത്തിയല്ല. സര്‍ക്കാരിനെതിരെ വാര്‍ത്ത കൊടുത്തതിനായിരുന്നു. അന്നൊന്നും ഈ പ്രതിഷേധക്കാരെയൊന്നും കണ്ടില്ലെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

എറണാകുളം ജില്ലയില്‍ ചാനലിന്റെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഓഫീസിനുള്ളിലേക്ക് പ്രവര്‍ത്തകര്‍ അതിക്രമിച്ചു കയറി, ഓഫീസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന സ്ഥാപനത്തിന്റെ പരാതിയെത്തുടര്‍ന്ന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 149, 447, 506 വകുപ്പുകള്‍ പ്രകാരം പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും എട്ടു പ്രതികളെ അറസ്റ്റുചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. കേസിന്റെ തുടരന്വേഷണം നടന്നുവരികയാണ്. ക്രിമിനല്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്ന വ്യക്തിക്കെതിരെ നിയമപരമായി നടപടി എടുക്കുന്നത് ബന്ധപ്പെട്ട വ്യക്തിയുടെ തൊഴില്‍ എന്താണ് എന്നതു നോക്കിയല്ല. അങ്ങനെ ചെയ്യാന്‍ നിയമം അനുവദിക്കുന്നുമില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News