Kerala Health Sector: ലോകം മുഴുവന്‍ കോവിഡ് വിറപ്പിച്ചപ്പോള്‍ കേരളത്തിന് പിടിച്ചു നില്‍ക്കാനായി; ആരോ​ഗ്യമേഖലയിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

Chief Minister Pinarayi Vijayan: വാര്‍ഷിക പരിശോധനാ പദ്ധതി സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

Written by - Zee Malayalam News Desk | Last Updated : Apr 17, 2023, 06:18 PM IST
  • സര്‍ക്കാരിന്റെ നാല് മിഷനുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
  • വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഈ മിഷനുകള്‍ക്ക് ഉണ്ടായി
  • ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് എടുത്ത് പറയത്തക്ക മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു
  • എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു
Kerala Health Sector: ലോകം മുഴുവന്‍ കോവിഡ് വിറപ്പിച്ചപ്പോള്‍ കേരളത്തിന് പിടിച്ചു നില്‍ക്കാനായി; ആരോ​ഗ്യമേഖലയിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് വലിയ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളാണ് ആര്‍ദ്രം മിഷന്‍ കൈകാര്യം ചെയ്യുന്നത്. വാര്‍ഷിക പരിശോധനാ പദ്ധതി സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് നടപ്പാക്കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിശോധനയ്ക്കുള്ള വിമുഖത മാറ്റി എല്ലാവരേയും വാർഷിക പരിശോധന പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്രകേരളം പുരസ്‌കാരം 2021-22 മുഖ്യമന്ത്രി വിതരണം ചെയ്തു. 50 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു.

സര്‍ക്കാരിന്റെ നാല് മിഷനുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഈ മിഷനുകള്‍ക്ക് ഉണ്ടായി. കേരളത്തിലെ ആരോഗ്യ രംഗത്ത് ആര്‍ദ്രം മിഷനാണ് പ്രവർത്തിക്കുന്നത്. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് എടുത്ത് പറയത്തക്ക മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യം. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആ പ്രദേശത്തെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രം ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന അവരുടെ ചികിത്സാ കേന്ദ്രമായി മാറണം. അങ്ങനെ വരുമ്പോള്‍ രോഗിയും ഡോക്ടറും തമ്മില്‍ അടുത്ത ബന്ധമുണ്ടാകും. നൂറ് ദിന കര്‍മ്മ പരിപാടിയില്‍ 50 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ആര്‍ദ്രം മിഷനിലൂടെ കൂടുതല്‍ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് മികച്ച ഇടപെടല്‍ ഉണ്ടാകണം. ചില തദ്ദേശ സ്ഥാപനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: Kerala weather today: പാലക്കാട് ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്; സംസ്ഥാനത്ത് ആറ് ജില്ലകളിൽ താപനില മുന്നറിയിപ്പ്

ആരോഗ്യ മേഖലയില്‍ വന്ന മാറ്റത്തിന്റെ ഗുണഫലം അനുഭവിക്കാന്‍ നമുക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. ലോകം മുഴുവന്‍ കോവിഡ് മഹാമാരിയിൽ വിറച്ചപ്പോള്‍ പല വികസിത രാഷ്ട്രങ്ങളും മുട്ടുകുത്തിയപ്പോള്‍ കേരളത്തിന് പിടിച്ചു നില്‍ക്കാനായത് സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ ആര്‍ദ്രം മിഷനിലൂടെ ഇടപെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമാണ്. കോവിഡ് മഹാമാരിയുടെ മൂര്‍ധന്യത്തില്‍ പോലും ആശുപത്രി കിടക്കകളും ഓക്‌സിജന്‍ കിടക്കകളും ഐസിയു വെന്റിലേറ്ററുകളും ഒഴിഞ്ഞ് കിടക്കുന്നുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ നാടിനെക്കുറിച്ച് പരാതികള്‍ ഉന്നയിച്ചവരില്‍ പലരും കോവിഡ് വ്യാപനസമയത്ത് ഇവിടുത്തെ ആരോഗ്യ സംവിധാനത്തെ ആശ്രയിച്ചു. നമ്മുടെ ആരോഗ്യ രംഗം ഏത് മാരക രോഗങ്ങളേയും പകര്‍ച്ച വ്യാധികളേയും നല്ല രീതിയില്‍ നേരിടാനുള്ള കരുത്ത് ആർജ്ജിച്ചു. വികസനക്ഷേമ പദ്ധതികള്‍ ഒരുപോലെ ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് നാടിന്റെ വികസനത്തിന് വലിയ കരുത്ത് പകരും. ദരിദ്രാവസ്ഥയിലുള്ളവര്‍ കുറവുള്ള നാടാണ് ഇപ്പോള്‍ കേരളമെങ്കിലും അതില്‍ നിന്നും പരമ ദാരിദ്ര നിര്‍മാര്‍ജനമാണ് സര്‍ക്കാർ ലക്ഷ്യമിടുന്നത്. അതിനായി എല്ലാവരും മുന്‍കൈയ്യെടുക്കണം. ഓരോ വിഭാഗത്തിന്റേയും പ്രത്യേക പ്രശ്‌നങ്ങള്‍ മനസിലാക്കി നിശ്ചിത സമയ പരിധിക്കുള്ളിൽ അവരെ പരമ ദരിദ്രാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാന്‍ സാധിക്കണം. പരമദരിദ്രരില്ലാത്ത നാടായി കേരളം മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചികിത്സാ സൗകര്യങ്ങളും രോഗനിര്‍ണയ സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതും ഏറെ പ്രധാന്യമുള്ളതാണ്. 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയിരിക്കുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന 21 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് മാത്രമാണ് കേന്ദ്രസഹായം ലഭ്യമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 138 കോടി രൂപ മാത്രമാണ് ഇതിനായി കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നത്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത് 1,630 കോടി രൂപയാണ്. അതായത്, പദ്ധതിയുടെ 90 ശതമാനത്തിലധികം ചിലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത് എന്നാണ് അർഥമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ആരോഗ്യമേഖലയെ കൂടുതല്‍ മികവിലേക്ക് നയിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ്. 2016ല്‍ ആരോഗ്യ മേഖലയ്ക്കുള്ള ബജറ്റ് വിഹിതം 665 കോടി രൂപയായിരുന്നെങ്കില്‍ നാലിരട്ടിലധികം വര്‍ധിച്ചിച്ച് ഇപ്പോൾ 2,828 കോടി രൂപയിലെത്തി നില്‍ക്കുന്നു. വര്‍ത്തമാനകാല പ്രതിസന്ധികളെ നേരിട്ടുകൊണ്ടുതന്നെ വരുംകാലത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News