Braimoor : ബ്രൈമൂർ,സഹ്യൻ ഒളിപ്പിച്ച പവിഴം തേടി ഒരു യാത്ര

ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലമാണ് ഇവിടം.മനുഷ്യന്റെ ഇടപെടലും ഒട്ടും ഇല്ല ,അതിനാൽ വന്യമൃഗങ്ങൾ യഥേഷ്ട്ടം വിഹരിക്കുന്ന സ്ഥലമാണ് ബ്രൈമൂർ.   

Written by - ഗോവിന്ദ് ആരോമൽ | Edited by - Zee Malayalam News Desk | Last Updated : Apr 7, 2022, 02:41 PM IST
  • പേരൂർക്കട -നെടുമങ്ങാട് -നന്ദിയോട് -പെരിങ്ങമ്മല -പാലോട് റൂട്ടിലാണ് യാത്ര.വളരെ മികച്ച റോഡാണ്, കുണ്ടും കുഴിയും ഇല്ല.
  • യാത്ര നെടുമങ്ങാട് പിന്നിട്ടതോടെ പ്രകൃതിയുടെ ഭാവം മാറി തുടങ്ങി പച്ചപ്പിന്റെ അതിപ്രസരം എങ്ങും നിറഞ്ഞു.
  • തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങളായ കാളക്കയവും കുരിശ്ശടിയും മങ്കയത്തിന് സ്വന്തമാണ്.
  • ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലമാണ് ഇവിടം.മനുഷ്യന്റെ ഇടപെടലും ഒട്ടും ഇല്ല ,അതിനാൽ വന്യമൃഗങ്ങൾ യഥേഷ്ട്ടം വിഹരിക്കുന്ന സ്ഥലമാണ് ബ്രൈമൂർ.
Braimoor : ബ്രൈമൂർ,സഹ്യൻ ഒളിപ്പിച്ച പവിഴം തേടി ഒരു യാത്ര

എല്ലാ യാത്രാപ്രേമിയുടെയും ലിസ്റ്റിൽ ഉണ്ടാകും പലപ്പോഴായി പല കാരണങ്ങളായി മുടങ്ങി പോയ ചില സ്വപ്നയാത്രകൾ. എന്റെ ലിസ്റ്റിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന സ്ഥലമാണ് ബ്രൈമൂർ. എന്തായാലും ഞാൻ ഇത്തവണ പോവുകയാണ് സഹ്യൻ ഒളിപ്പിച്ച പവിഴം തേടി.

ഇത്തവണ യാത്രക്ക് കൂട്ടായി മഴ എത്തിയില്ല.നനുത്ത തണുപ്പിൽ തെളിഞ്ഞ കാലാവസ്ഥയിൽ  ഹോണ്ട ആർ എസ് 350 യുടെ ഘന ഘംഭീരമായ ശബ്ദത്തിൽ ഞാനും സുഹൃത്ത് അജയും യാത്ര തുടങ്ങി. പേരൂർക്കട -നെടുമങ്ങാട് -നന്ദിയോട് -പെരിങ്ങമ്മല -പാലോട് റൂട്ടിലാണ് യാത്ര.വളരെ മികച്ച റോഡാണ്, കുണ്ടും കുഴിയും ഇല്ല.

braimoor

യാത്ര നെടുമങ്ങാട് പിന്നിട്ടതോടെ പ്രകൃതിയുടെ ഭാവം മാറി തുടങ്ങി പച്ചപ്പിന്റെ അതിപ്രസരം എങ്ങും നിറഞ്ഞു.ഒരു യാത്ര പ്രേമിയെ സംബന്ധിച്ചിടത്തോളം  മനസ്സ് തണുക്കാൻ അതിലും മികച്ച കാഴ്ച വേറെ ഇല്ല. നെടുമങ്ങാട്‌ വഴി തമിഴ്നാട്ടിലെ ചെങ്കോട്ടയിലേക്ക്‌ നീളുന്ന പാതയിൽ, പാലോട്‌ നിന്നുമാണ്‌ ബ്രൈമൂരിലേക്ക്‌ തിരിയേണ്ടത്‌. ചെറു മലയോര പട്ടണമായ പെരിങ്ങമല കടന്ന്‌ കൊച്ചുകൊച്ചു കയറ്റങ്ങൾ കയറി പോകുമ്പോൾ ഇടയ്ക്ക്‌ അക്കേഷ്യാ മരങ്ങളുടെ തോട്ടങ്ങൾ കാണാം

പാലോട് പിന്നിട്ട് യാത്ര മങ്കയം ഫോറസ്റ്റ് ചെക്ക്പോസ്റ്റിലേക്ക് എത്തി .വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മങ്കയം ഇക്കോ ടൂറിസം കേന്ദ്രം ഇവിടെയാണ്. തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങളായ കാളക്കയവും കുരിശ്ശടിയും മങ്കയത്തിന് സ്വന്തമാണ്. ടിക്കറ്റ് എടുത്തുവേണം അകത്ത് പ്രവേശിക്കാൻ,എന്നാൽ 8 മണിക്ക് മാത്രമേ പ്രവേശനം ആരംഭിക്കുകയുള്ളു.ടിക്കറ്റ് എടുത്ത് യാത്ര തുടർന്നു 

ഞങ്ങൾ ആദ്യം ബ്രൈമൂർ കാണുവാൻ തീരുമാനിച്ച് യാത്ര തുടർന്നു. സഹ്യന്റെ പച്ചപ്പ് എങ്ങും നിറഞ്ഞ ഭൂമി. ഇളം കാറ്റും കുന്നുകളും എല്ലാം കണ്ണിൻ വിരുന്നാണ്. അഗസ്ത്യാര്‍കൂടം ബയോളജിക്കല്‍ റിസര്‍വ്വിന്റെ ഭാഗമാണ് മങ്കയവും ബ്രൈമൂറും , കൊടും കാടാണ് എവിടെയും. മഴക്കാലത്ത് എപ്പോള്‍ വേണമെങ്കിലും ആന ഇറങ്ങാം. രാത്രി മിക്കപ്പോഴും ആനയുള്ളത് കൊണ്ട്, പകല്‍ യാത്രയില്‍ ചിലയിടത്ത് ആനപ്പിണ്ടവും ആനകള്‍ പോയ വഴിയും എല്ലാം കാണാം.

 

Makkayam

ഏകദേശം മൂന്ന്‌ കിലോമീറ്റർ ഹെയർപിൻ കയറ്റങ്ങൾ കയറി എത്തിയാൽ ബ്രൈമൂർ എസ്റ്റേറ്റിന്റെ കവാടമായി. ഒരുകാലത്ത്‌ അനേകം തൊഴിലാളികൾ ഉണ്ടായിരുന്ന ഒരു കൊച്ചു ടൗൺഷിപ്പ്‌ ആയിരുന്ന ഇവിടം ഇപ്പോൾ ആളൊഴിഞ്ഞ മട്ടാണ്. പുറത്ത് നിന്നും ഇപ്പോൾ ആർക്കും ബ്രൈമൂർ എസ്റേറ്റിലേക്ക് പ്രവേശനം ഇല്ല. എന്നാൽ ഞങ്ങൾക്ക് അകത്ത് കയറുവാൻ ഉള്ള ഭാഗ്യം കിട്ടി.ബ്രൈമൂറിലെ സ്വകാര്യ എസ്റ്റേറ്റിനുള്ളിലും കാഴ്ചകളേറെയുണ്ട്‌. ഗേറ്റ്‌ കടന്ന്‌ മുന്നോട്ട്‌ നടക്കുമ്പോൾ വലത്തുവശത്താണ്‌ 1883 ൽ ആരംഭിച്ച തേയില ഫാക്ടറി. കാഴ്ച്ചയിൽ പഴയ പ്രൗഡി ഉണ്ടെങ്കിലും ഇപ്പോൾ ഫാക്ടറി പ്രവർത്തനക്ഷമമല്ല. തൊട്ടടുത്തുള്ള പാലത്തിൽ നിന്നുകൊണ്ട്‌, ഉരുളൻ പാറകളിൽ തട്ടിത്തെറിച്ചൊഴുകുന്ന അരുവിയുടെ സൗന്ദര്യം നോക്കിനിൽക്കാം.

ടാറും കല്ലുകളും ഇടകലർന്ന വഴിയിലൂടെ ബ്രൈമൂറിന്റെ പ്രകൃതിക്കാഴ്ചകളിലേക്ക്‌ മലകയറാം. കാർ, ടെമ്പോ ട്രാവലർ എന്നിവ കയറിപ്പോകാൻ പാകത്തിലാണ്‌ വഴി. വഴിക്കിരുപുറവും തേയിലത്തോട്ടങ്ങളുണ്ട്‌. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ ശേഷിപ്പായി ഇവിടെ 900 ഏക്കറോളം സ്ഥലത്ത് തേയില, ഏലം, ഗ്രാമ്പു തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കൃഷിചെയ്യുന്നുണ്ട്. അജയും ഞാനും ആർ എസ് 350 യിൽ ചെറിയ ഓഫ്‌റോഡ് വഴിയിലൂടെ മുകളിലേക്ക് യാത്ര തുടർന്നു. റോഡിൽ എവിടെയും ആനപ്പിണ്ടം കാണാം,സ്ഥിരമായി ആനകൾ ഇറങ്ങുന്ന സ്ഥലമാണ് ബ്രൈമൂർ എസ്റ്റേറ്റ്.

 

Travel

വഴി മുകളിൽ ചെന്നവസാനിക്കുന്നത്‌ മനോഹരമായ ഒരു ബംഗ്ളാവിന്റെ മുന്നിലാണ്‌. 1882  ൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച ഈ മന്ദിരം മഞ്ഞച്ചായം പൂശി നിൽപ്പുണ്ട്‌. ചുറ്റും ചെറിയ പൂന്തോട്ടവും. പത്ത്‌ മുറികൾ ഉൾക്കൊള്ളുന്ന ഈ മന്ദിരത്തിൽ നിലവിൽ ആരും സ്ഥിരമായി താമസിക്കുന്നില്ല.എന്നാൽ മുൻ‌കൂർ അനുമതി വാങ്ങി വരുന്ന ടൂറിസ്റ്റുകൾക്ക്  എസ്റ്റേറ്റ്‌ അധികൃതർ  താമസസൗകര്യം ഒരുക്കി നൽകും. 

ബംഗ്ളാവിനു മുന്നിൽ നിന്നാൽ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന മലനിരകൾ ദൂരെ കാണാം. പിറകുവശത്തെ ചരിവിനു താഴെ മലമടക്കിലൂടെ ഇരമ്പിയാർത്ത്‌ വരുന്ന അരുവിയുടെ ശബ്ദം വ്യക്തമായി കേൾക്കാം. യൂറോപ്യൻ മാതൃകയിൽ ഉള്ള ബംഗ്ലാവും വിജനമായ പ്രദേശവും ചില സമയത്ത് ഉള്ളിൽ ഭയവും ഉളവാക്കുന്നു.ബംഗ്ലാവിന്റെ കാഴ്ചകൾ കണ്ട് ട്രെക്കിങ്ങിനായി യാത്ര ആരംഭിച്ചു 

കാനന പാതയിലൂടെയുള്ള ഓഫ്‌റോഡ് യാത്രയും വ്യത്യസ്തമാണ് .ബൈക്ക് ഒരു കാട്ടരുവിയുടെ സമീപത്ത് വെച്ചതിന് ശേഷം ട്രെക്കിങ്ങ് ആരംഭിച്ചു. യോദ്ധ സിനിമയിൽ ജഗതി ചേട്ടൻ പറയുന്നത് പോലെ ഈ ഫോറസ്റ്റ് മുഴുവൻ കാടാണല്ലോ എന്ന് പറയേണ്ടി വരും. എവിടെയും പച്ചപ്പ് , വെയിലിന്റെ കാഠിന്യം വർധിച്ചെങ്കിലും ചൂട് ഇല്ല. ഇപ്പോഴും ഇളം തണുപ്പ് ഉണ്ട് .

മുകളിലേക്ക് എത്തുംതോറും പ്രകൃതിയുടെ ഭംഗി പതിന്മടങ്ങ് വർധിച്ചു.ഫോണിന് റേഞ്ച് ഇല്ലാത്ത സ്ഥലമാണ് ഇവിടം.മനുഷ്യന്റെ ഇടപെടലും ഒട്ടും ഇല്ല ,അതിനാൽ വന്യമൃഗങ്ങൾ യഥേഷ്ട്ടം വിഹരിക്കുന്ന സ്ഥലമാണ് ബ്രൈമൂർ. ട്രെക്കിങ്ങിൽ വില്ലനായി കുളയട്ടകൾ ഞങ്ങളെ കൂട്ടമായി ആക്രമിച്ചു ,ഒരുപാട് കാലങ്ങൾക്ക് ശേഷം മനുഷ്യന്റെ ചോര കുടിച്ച ആനന്ദമാണ് അട്ടകൾക്ക്. എവിടെയും അട്ടകൾ നിറഞ്ഞതോടെ ട്രെക്കിങ്ങ് അവസാനിപ്പിച്ച് ഞങ്ങൾ  തിരികെ നടന്നു. വരുന്ന വഴിയും കാഴ്ചകൾ നിറഞ്ഞതാണ്.

Waterfall

തിരികെ പോകുമ്പോൾ ഞങ്ങൾ മങ്കയം വെള്ളച്ചാട്ടം കാണാൻ ഇറങ്ങി. ചെറിയ കാട്ടുവഴിയിലൂടെ 400  മീറ്റർ നടന്നാൽ വെള്ളച്ചാട്ടത്തിന് സമീപം എത്തും.
തെക്കൻ കേരളത്തിലെ ഏറ്റവും മനോഹരമായ രണ്ട് വെള്ളച്ചാട്ടങ്ങളായ കാളക്കയവും കുരിശ്ശടിയും മങ്കയത്തിന് സ്വന്തമാണ്.അപകട സാധ്യത ഉള്ളതിനാൽ ആകണം മനോഹരമായ വെള്ളച്ചാട്ടം ദൂരെനിന്ന് ആസ്വദിക്കാൻ മാത്രമേ ഇപ്പോൾ സാധിക്കുകയുള്ളു. ഒരുപാട് നാളുകൾക്ക് ശേഷം കാടും മേടും കുന്നും വെള്ളച്ചാട്ടവും കണ്ട സന്തോഷത്തിലാണ് ഞാൻ.ഇനിയും മടങ്ങി വരാം എന്ന ഉറച്ച വിശ്വാസത്തിൽ.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News