അർബുദരോഗത്തിന്റെ വേദനകളെ സംഗീതം കൊണ്ട് മറികടക്കുകയാണ് അവനി എന്ന കൊച്ചുമിടുക്കി. ജിവിത പ്രതിസന്ധിയിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനവും മാതൃകയുമാണ് ഈ പ്ലസ് വൺകാരി പെൺകുട്ടി. സരിഗമപ സീ കേരളം ലിറ്റിൽചാംപ്സിൽ മത്സരിച്ചതോടെയാണ് അവനി കൂടുതൽ ശ്രദ്ധേയയായത്. തിരുവനന്തപുരം വെഞ്ഞാറമൂട് ജി എച്ച് എസ് എസ് വിദ്യാർത്ഥിനിയാണ് കാൻസറിനെ പൊരുതി തോൽപ്പിക്കുന്ന അവനി. അതിജീവനത്തിന്റെ വലിയ മാതൃകയായി കേരളത്തിന് മുന്നിൽ തലയുയർത്തി നിൽക്കുകയാണ് ഈ കൊച്ചുപെൺകുട്ടി.
8ാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അവനിക്ക് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണുന്നത്. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടിയിരുന്നു. പാടിക്കൊണ്ടിരിക്കുമ്പോള്‍ അസ്വസ്ഥത തോന്നിയതിനെത്തുടര്‍ന്നായിരുന്നു അവനിയും കുടുംബവും ഡോക്ടറെ കണ്ടത്. ടെസ്റ്റുകള്‍ക്കൊടുവിലാണ് ലിംഫോമ എന്ന അസുഖമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. ഈ അവസ്ഥ തരണം ചെയ്യാന്‍ അവനിക്ക് കഴിയുമെന്ന ഡോക്ടര്‍മാരുടെ വാക്കുകളായിരുന്നു പിന്നീട് അവളെ നയിച്ചത്.
കീമോ ചികിത്സയുടെ കടുത്ത വേദനകളെ അവനി മറന്നത് തന്റെ സംഗീതത്തിലൂടെയായിരുന്നു. പാട്ടും പ്രാർത്ഥനയും വേദനയ്ക്കും അസുഖത്തിനുമുള്ള മരുന്നായി മാറി. സരിഗമപ റിയാലിറ്റി ഷോയിൽ വലിയ പിന്തുണയാണ് അവനിക്ക് ലഭിച്ചത്. വേദന ശരീരിരത്തിന് മാത്രമാണെന്നും മനസ്സിന് കരുത്ത് ആവോളമുണ്ടെന്നും സരിഗമപയിലൂടെ അവനി തെളിയിച്ചു. പതറാത്ത മനസ്സിന് മുന്നിൽ അസുഖം മുട്ടുമടക്കുന്നതിന്റെ ആശ്വാസത്തിലാണ് അവനി ഇപ്പോൾ. തന്റെ ചികിത്സയുടെ അവസാന ഘട്ടത്തിലാണ് താനിപ്പോൾ എന്ന് അവനി സീ മലയാളം ന്യൂസിനോട് പറഞ്ഞു. ഇനി കീമോ ആവശ്യമില്ലെന്നും ഏതാനും ടെസ്റ്റുകൾക്ക് ശേഷം 6 മാസം കൂടി മരുന്നുകൾ കഴിച്ചാൽ മതിയെന്നും ഡോക്ടറങ്കിൾ പറഞ്ഞെന്ന് പറയുമ്പോൾ ആ കുഞ്ഞുമുഖത്ത് ആശ്വാസത്തിനൊപ്പം ആത്മാവിശ്വാസത്തിന്റെയും തെളിമയുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...