'വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദി'; ആര്യാ‌ടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ

മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറ‍ഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 10:41 AM IST
  • ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു.
  • കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്നാണ് രമേശ് ചെന്നിത്തല ഫേസബുക്കിൽ കുറിച്ചത്.
  • കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
'വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദി'; ആര്യാ‌ടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ

തിരുവനന്തപുരം: മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചിച്ച് നേതാക്കൾ. പ്രതിപക്ഷ നേതാവ്, കെപിസിസി അധ്യക്ഷൻ, സ്പീക്കർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ​ഗതാ​ഗത മന്ത്രി തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 7.45-നായിരുന്നു അന്ത്യം. ഹൃദ്രോഹ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. സംസ്കാരം നാളെ നിലമ്പൂരിൽ.

മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറ‍ഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് തോന്നിക്കുമായിരുന്ന സന്ദർഭങ്ങൾ കൃത്യതയോടെ പരിഹരിച്ച് മുന്നണിയെയും പാർട്ടിയേയും ഒരു കാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ചത് ആര്യാടൻ മുഹമ്മദായിരുന്നു. മതേതരത്വത്തിന് വേണ്ടി ഒരു വിട്ടുവീഴ്ചകൾക്കും തയാറാകാത്ത അദ്ദേഹത്തിൻ്റെ ജീവിതം പൊതുപ്രവർത്തകർക്ക് മാതൃകയാണ്. മികച്ച സാമാജികനായും ഭരണകർത്താവായും അദ്ദേഹത്തിന് തിളങ്ങാനായി. ആര്യാടൻ മുഹമ്മദിൻ്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും ഐക്യജനാധിപത്യ മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. സഹപ്രവർത്തകരുടെയും കടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സതീശൻ പറഞ്ഞു.

ഗവർണർ അനുശോചിച്ചു

"പുരോഗമനപരവും മതേതരവുമായ സമീപനവും ജനഹിതം നന്നായി അറിഞ്ഞുള്ള പ്രവർത്തനവും കൊണ്ട് സർവരുടെയും ആദരം നേടിയ നേതാവായിരുന്നു അദ്ദേഹം" എന്ന് ഗവർണർ അനുസ്മരിച്ചു.

ആര്യാടന്‍ മുഹമ്മദിന്റെ  നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

ഏഴുപതിറ്റാണ്ട് കോണ്‍ഗ്രസിന് ഊടും പാവും നെയ്ത ദീപ്തമായ പൊതുജീവിതത്തിനാണ് വിരാമമായത്. കോണ്‍ഗ്രസ് വികാരം നെഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തിച്ച തികഞ്ഞ മതേതരവാദിയായ നേതാവ്. അഗാതമായ അറിവും രാഷ്ട്രീയ നിലപാട് തന്റെടത്തോടെ ആരുടെ മുന്‍പിലും പറയാനുള്ള ധൈര്യവുമാണ് മറ്റുള്ള നേതാക്കളില്‍ നിന്നും ആര്യാടനെ വ്യത്യസ്തനാക്കിയത്. കോണ്‍ഗ്രസിന്റെ പാരമ്പര്യവും മഹത്വവും ആശയങ്ങളും ആരുടെ മുന്നിലും അടിയറവ് വയ്‌ക്കേണ്ടതല്ലെന്ന് ഉറക്കെ വിളിച്ച പറഞ്ഞ നേതാവ്. യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് എന്നും ആവേശം പകര്‍ന്ന് സാധാരണക്കാരുടെ നേതാവായി വളര്‍ന്ന വ്യക്തിയാണ് ആര്യാടന്‍. ജനം അതിന് നല്‍കിയ അംഗീകാരമായിരുന്നു നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തെ എട്ടുതവണ  നിമയസഭയിലേക്ക് അയച്ചത്. കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് വേണ്ടി എന്നും നിലകൊണ്ട നേതാവ് കൂടിയായിരുന്നു അദ്ദേഹം.

മികച്ച ഭരണകര്‍ത്താവും സമാജികനുമായിരുന്നു ആര്യാടന്‍.പുതുതലമുറയ്ക്ക് മാത്യകയാക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. തൊഴില്‍വകുപ്പ് മന്ത്രിയായിരിക്കെ അദ്ദേഹമാണ് തൊഴില്‍ രഹിത വേതനവും കര്‍ഷക തൊഴിലാളി പെന്‍ഷനും നടപ്പാക്കിയത്.ഏത് പ്രതിസന്ധിഘട്ടത്തിലും തന്ത്രപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും പ്രശ്‌നപരിഹാരം കണ്ടെത്തുന്നതിലും ആര്യാടന്‍ കാട്ടിയിട്ടുള്ള കഴിവും ദീര്‍ഘവീക്ഷണവും കാലം എന്നും ഓര്‍മ്മിക്കും.മലബാര്‍ മേഖലയില്‍ കോണ്‍ഗ്രസിനെ പടുത്തുയര്‍ത്തുന്നതില്‍ ആര്യാടന്റെ പങ്ക് വളരെ വലുതാണ്.ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ഞാന്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടുകയും ആരോഗ്യസ്ഥിതി ചോദ്യച്ചറിയുകയും ചെയ്തിരുന്നു.എന്നും പോരാട്ടം ജീവിതം നയിച്ചിട്ടുള്ള ആര്യാടന്‍ ആരോഗ്യ പ്രതിസന്ധിയെ അതിജീവിച്ച് മടങ്ങിവരുമെന്നാണ് മറ്റെല്ലാവരെപ്പോലെ ഞാനും വിശ്വസിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള ദേഹവിയോഗം ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ആര്യാടന്‍ ഒഴിച്ചിട്ട ഇടം ആര്‍ക്കും നികത്താന്‍ സാധിക്കാത്തതാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

Also Read: Aryadan Muhammed : മുതിർന്ന കോൺഗ്രസ്സ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

 

ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

ശ്രദ്ധേയനായ നിയമസഭാ സാമാജികൻ എന്ന നിലയിലും മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് മുൻപന്തിയിൽ നിന്ന വ്യക്തി എന്ന നിലയിലും അദ്ദേഹം വളരെയേറെ ശ്രദ്ധേയനായിരുന്നു. ജനകീയനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും, പാർട്ടി പ്രവർത്തകരുടേയും ദു:ഖത്തിൽ സ്പീക്കറും പങ്കു ചേർന്നു.

കോൺഗ്രസിന്റെ ശക്തനായ നേതാവായിരുന്നു ആര്യാടൻ മുഹമ്മദ് എന്നാണ് രമേശ് ചെന്നിത്തല ഫേസബുക്കിൽ കുറിച്ചത്. സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹം ദീർഘകാലം നിർണ്ണായക പങ്കുവഹിക്കുകയുണ്ടായി. ഭരണാധികാരി എന്ന നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പാർട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിന്റെ മലബാറിലെ അതികായനും കറകളഞ്ഞ മതേതരവാദിയുമായിരുന്നു ആര്യാടന്‍ മുഹമ്മദെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മികച്ച ഭരണാധികാരി, രാഷ്ട്രീയതന്ത്രഞ്ജന്‍, ട്രേഡ് യൂണിയന്‍ നേതാവ് തുടങ്ങിയ നിലകളിലെല്ലാം പ്രതിഭ തെളിയിച്ച നേതാവാണ് അദ്ദേഹം. ശക്തമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം സ്വയം അടയാളപ്പെടുത്തി. 2004ലെ യുഡിഎഫ് മന്ത്രിസഭയില്‍ വൈദ്യുതിമന്ത്രിയായിരിക്കെ മലയോരങ്ങളിലും ആദിവാസി കോളനികളിലുമൊക്കെ വൈദ്യുതി എത്തിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ശ്രദ്ധേയമായിരുന്നു. മലബാറിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും മുന്‍കൈ എടുത്തു. ജനങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തിയാണ് അദ്ദേഹം 8 തവണ നിലമ്പൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിനും മതേതര കേരളത്തിനും കനത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News