ഇടുക്കി: വീണ്ടും ജനവാസ മേഖലയിലിറങ്ങി അരിക്കൊമ്പൻ. തമിഴ്നാട്ടിലെ ഹൈവേസ് ഡാമിന് സമീപമാണ് അരിക്കൊമ്പൻ ഇറങ്ങിയത്. വെള്ളിയാഴ്ച രാത്രിയാണ് ഹൈവേസ് ഡാമിന് സമീപത്ത് അരിക്കൊമ്പൻ ഇറങ്ങിയത്. കൃഷി നശിപ്പിക്കാൻ ശ്രമിച്ചു. ഇതേ തുടർന്ന്, തൊഴിലാളികളും വനപാലകരും ചേർന്ന് ആനയെ കാട്ടിലേക്ക് തുരത്തി. ഇപ്പോൾ തമിഴ്നാട് വനമേഖലയിലാണ് അരിക്കൊമ്പൻ ഉള്ളത്. മഴ മേഘങ്ങൾ കാരണം ഇപ്പോള്‍ അരിക്കൊമ്പന്‍റെ സിഗ്നൽ ലഭിക്കുന്നില്ലെന്നാണ് വിവരം.
അതേസമയം, അരിക്കൊമ്പന് കാഴ്ചക്കുറവുണ്ടെന്ന് വനം വകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. വലതുകണ്ണിന് കാഴ്ചക്കുറവുണ്ടെന്നാണ് റിപ്പോർട്ട്. ജിപിഎസ് കോളർ ഘടിപ്പിക്കുന്ന സയമത്താണ് ഇക്കാര്യം മനസ്സിലായതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇതിന് കൂടുതൽ ചികിത്സ ആവശ്യം ഇല്ലെന്നാണ് വനംവകുപ്പ് വ്യക്തമാക്കുന്നത്. തുമ്പിക്കൈയിൽ ഉൾപ്പെടെയുള്ള പരിക്ക് പിടികൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായതാണെന്നും വനംവകുപ്പ് വ്യക്തമാക്കി.
ഏപ്രിൽ 30ന് പുലർച്ചെ നാലരയോടെയാണ് അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെത്തിച്ച് കാട്ടിൽ തുറന്നുവിട്ടത്. അരിക്കൊമ്പന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് അരിക്കൊൻ കയറിപ്പോയെന്നും പെരിയാർ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ അറിയിച്ചിരുന്നു.
റേഡിയോ കോളറിൽ നിന്നുള്ള ആദ്യ സിഗ്നലിൽ നിന്നാണ് അരിക്കൊമ്പൻ തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റർ ഉൾവനത്തിലേക്ക് പോയതായി വ്യക്തമായത്. മംഗളദേവി ക്ഷേത്രത്തിന് സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിച്ചില്ല. പിന്നീട് സിഗ്നൽ ലഭിച്ചുതുടങ്ങി. ഇപ്പോൾ, മഴ മേഘങ്ങൾ മൂലം വീണ്ടും സിഗ്നൽ ലഭിക്കുന്നത് ബുദ്ധിമുട്ടായിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...