AI camera: AI ക്യാമറകൾക്ക് മുന്നിൽ വിഐപികൾക്ക് ഇളവില്ല; നാളെ രാവിലെ മുതൽ പിഴ ഈടാക്കുമെന്ന് ആന്റണി രാജു

AI camera to charge fine from tomorrow: നിയമം ലംഘിച്ചാൽ മാത്രമേ എ ഐ ക്യാമറകൾ പിഴ ഈടാക്കുകയുള്ളൂവെന്ന് ​ഗതാ​ഗത മന്ത്രി പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jun 4, 2023, 05:53 PM IST
  • നിയമം ലംഘിച്ചാൽ മാത്രമേ എ ഐ ക്യാമറകൾ നിയമ ലംഘനത്തിന് പിഴയീടാക്കുകയുള്ളൂ.
  • പിഴ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ഓഫീസർക്ക് നൽകാം.
  • പിഴ ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കപ്പെടേണ്ട വാഹനങ്ങൾ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.
AI camera: AI ക്യാമറകൾക്ക് മുന്നിൽ വിഐപികൾക്ക് ഇളവില്ല; നാളെ രാവിലെ മുതൽ പിഴ ഈടാക്കുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: എ ഐ ക്യാമറകൾ വഴി നാളെ രാവിലെ 8 മണി മുതൽ പിഴ ഈടാക്കാൻ തുടങ്ങുമെന്ന് ​ഗതാ​ഗത മന്ത്രി ആൻ്റണി രാജു. 692 എ ഐ ക്യാമറകൾ പ്രവർത്തന സജ്ജമായി. 34 എ ഐ ക്യാമറകൾ കൂടി അധികം വൈകാതെ പ്രവർത്തനം തുടങ്ങുമെന്നും എ ഐ ക്യാമറകൾക്ക് മുന്നിൽ വി.ഐ.പികൾക്ക് ഇളവില്ലെന്നും മന്ത്രി വ്യക്തമാക്കി. 

ഇരുചക്ര വാഹനങ്ങളിൽ 12 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയുമായി യാത്ര ചെയ്യാമെന്ന് മന്ത്രി പറഞ്ഞു. ഇരുചക്ര വാഹനങ്ങളിൽ മൂന്നാം യാത്രക്കാരൻ 12 വയസ്സിന് മുകളിലാണെങ്കിൽ പിഴ ഈടാക്കും. 12 വയസ്സിൽ താഴെയുള്ളവർക്ക് മാത്രമാണ് ഇളവ് നൽകിയിരിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടി ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ ഹെൽമറ്റ് നിർബന്ധമായി ധരിച്ചിരിക്കണം. നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് നിർബന്ധമാണെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: മിതമായ നിരക്കില്‍ ഹൈ സ്പീഡ് ഇന്റര്‍നെറ്റ്; കെ-ഫോണിന്റെ ഗുണങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഇരുചക്ര വാഹനങ്ങളിലെ കുട്ടികളുടെ യാത്രയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സംസ്ഥാന സ‍‍ർക്കാർ കത്ത് നൽകിയിട്ടുണ്ടെന്ന് ആൻ്റണി രാജു പറഞ്ഞു. പക്ഷേ കത്തിന് കേന്ദ്രം മറുപടി നൽകിയിട്ടില്ല. കത്തിന് മറുപടി ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ സംസ്ഥാനം അന്തിമ തീരുമാനമെടുക്കൂവെന്നും കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മന്ത്രി കൂ‌‌ട്ടിച്ചേർത്തു. ‌

നിയമം ലംഘിച്ചാൽ മാത്രമേ എ ഐ ക്യാമറകൾ നിയമ ലംഘനത്തിന് പിഴയീടാക്കുകയുള്ളൂവെന്ന് ​ഗതാ​ഗത മന്ത്രി പറഞ്ഞു. പിഴ സംബന്ധിച്ച പരാതികൾ ഉണ്ടെങ്കിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് ഓഫീസർക്ക് നൽകാം. ഒഴിവാക്കപ്പെടേണ്ട വാഹനങ്ങൾ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനം തീരുമാനം എടുത്തിട്ടില്ല. എ ഐ ക്യാമറകൾ വന്നതിൽ പിന്നെ മോട്ടോർ വാഹന നിയമത്തിന് ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നിയമ ലംഘനങ്ങൾ മാത്രമേ ക്യാമറക്കണ്ണുകൾ ഒപ്പിയെടുക്കൂവെന്ന് ആൻ്റണി രാജു വ്യക്തമാക്കി. നിയമം ലംഘിക്കാത്തവർ ക്യാമറയെ പേടിക്കേണ്ട കാര്യമില്ല. എ ഐ ക്യാമറ നിയമലംഘനം കണ്ടെത്താൻ കെൽട്രോണിൻ്റെ 15 സെൻ്ററുകൾ പ്രവർ‍ത്തിക്കും. കെൽട്രോണിലെ 130 ഉദ്യോഗസ്ഥർ രാവിലെ മുതൽ വൈകിട്ട് വരെ പ്രവർത്തിക്കുന്നുണ്ട്. ഓരോ സെൻ്ററുകളിലായി 7 മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുമുണ്ട്. ആകെ 105 ഉദ്യോഗസ്ഥരുടെ സേവനമുണ്ടാകും. 

നിയമ ലംഘനങ്ങൾ പോസ്റ്റൽ മുഖേനെ അയക്കും. എസ് എം എസ് വഴി നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്ന സംവിധാനം ഉണ്ടാകില്ല. പ്രതിദിനം 25,000 നിയമ ലംഘനങ്ങൾ പോസ്റ്റൽ മുഖേന അയക്കാൻ കഴിയും. ആവശ്യമെങ്കിൽ മോട്ടോർ വാഹന വകുപ്പും കെൽട്രോണും ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ്, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേരു‌ടെ യാത്ര, അമിത വേഗം, നോ പാർക്കിംഗ് ഏരിയയിലെ പാർക്കിംഗ് തു‌ടങ്ങിയ നിയമ ലംഘനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ പിഴ ഈടാക്കുകയെന്നും മന്ത്രി വ്യക്തമാക്കി. 

എ ഐ ക്യാമറ ഉദ്ഘാടനം ചെയ്യുന്ന ദിവസം 4,23,000 ആയിരുന്ന നിയമ ലംഘനങ്ങൾ അടുത്ത ദിവസം ആയപ്പോൾ 2,85,000 ആയി കുറഞ്ഞെന്ന് ​ഗതാ​ഗത മന്ത്രി ചൂണ്ടിക്കാട്ടി. മെയ് മാസം 2,55,500 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. പിന്നീട് ജൂൺ ആയപ്പോൾ ഇത് 2,31,000 ആയി കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. എ ഐ ക്യാമറ വിവാ​ദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിനെതിരെ അദ്ദേഹം വിമർശനം ഉന്നയിച്ചു. 

പ്രതിപക്ഷം ഉയർത്തിയ അഴിമതി തെളിയിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും നിയമ പോരാട്ടം നടത്താൻ എന്തുകൊണ്ട് പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും മന്ത്രി ചോദിച്ചു. ചെന്നിത്തലയും സതീശനും തമ്മിലുള്ള മൂപ്പിള തർക്കമാണ് വിവാദങ്ങൾക്ക് കാരണം. പ്രതിപക്ഷം ഇക്കാര്യത്തിൽ പോസിറ്റീവ് ആയി ചിന്തിക്കണം. അനാവശ്യ വിവാദങ്ങൾ ഉയർത്തി രാഷ്ട്രീയമായി എതിർക്കുന്നത് ശരിയാണോ എന്ന് പ്രതിപക്ഷം ആത്മപരിശോധന നടത്തണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News