Summer rain: വിയർത്തൊലിച്ച് കേരളം; ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച റെക്കോർഡ് 2024ന്

Kerala weather: മുൻ വർഷങ്ങളെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 10% പോലും ലഭിച്ചില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : May 1, 2024, 03:13 PM IST
  • മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലകളിലും സമാന സ്ഥിതിവിശേഷമാണ്.
  • വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 10% പോലും ലഭിച്ചില്ല.
  • പാലക്കാട്‌, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത തുടരുന്നു.
Summer rain: വിയർത്തൊലിച്ച് കേരളം; ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച റെക്കോർഡ് 2024ന്

തിരുവനന്തപുരം: വേനൽ മഴ രണ്ടു മാസം പിന്നിടുമ്പോൾ സമീപകാലത്ത് ഏറ്റവും കുറവ് വേനൽ മഴ ലഭിച്ച റെക്കോർഡ് 2024 ന്. ശക്തമായ എൽ നിനോ വർഷമായിരുന്ന 2016 ൽ സംസ്ഥാനത്ത് മാർച്ച്‌ - ഏപ്രിൽ മാസത്തിൽ 55.8 mm മഴ ലഭിച്ചപ്പോൾ ഇത്തവണ ലഭിച്ചത് 52.6 mm മാത്രം. 2008ൽ ആദ്യ രണ്ട് മാസം 328 mm ലഭിച്ചപ്പോൾ 2015 (264 mm), 2022 (243mm) മഴ ലഭിച്ചിരുന്നു.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ജില്ലകളിലും സമാന സ്ഥിതിവിശേഷമാണ്. വടക്കൻ ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയുടെ 10% പോലും ലഭിച്ചില്ല. ശരാശരി 6 mm താഴെ മാത്രമാണ് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കഴിഞ്ഞ 61 ദിവസത്തിനിടയിൽ ലഭിച്ച മഴ. അതേസമയം, പാലക്കാട്‌, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് ഇന്നും നാളെയും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ALSO READ: വേനൽ കടുക്കുന്നു: മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും വേണം സംരക്ഷണം, ജാഗ്രതാ നിർദ്ദേശം

പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ മെയ് 2 വരെയുള്ള ദിവസങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മെയ് 5 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 39°C വരെയും,  കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, ആലപ്പുഴ, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, എറണാകുളം, കാസറഗോഡ്, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും, (സാധാരണയെക്കാൾ 3 - 5°C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ മെയ് 5 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ജാ​ഗ്രതാ നിർദ്ദേശം

-പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.
-ശരീരത്തിൽ നേരിട്ട് വെയിലേൽക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റ് പ്രവർത്തനങ്ങളും പൂർണ്ണമായും നിർത്തി വെക്കുക.
-ധാരാളമായി വെള്ളം കുടിക്കുക.
-അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.
-കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ഇടവേളകൾ എടുത്തും വിശ്രമിച്ച് കൊണ്ടും മാത്രം ജോലിയിൽ ഏർപ്പെടുക.
-നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ കാപ്പി എന്നിവ പകൽ സമയത്ത് പൂർണ്ണമായും ഒഴിവാക്കുക.
-വൈദ്യുത ഉപകരണങ്ങൾ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയർ ഉരുകിയും തീപിടുത്തത്തിന് സാധ്യത ഉള്ളതിനാൽ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയിൽ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാൻ, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.
-വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക. 
-മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളിൽ എന്നിവടങ്ങളിൽ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
-തൊഴിലുറപ്പ് പ്രവർത്തകരും, മാധ്യമപ്രവർത്തകരും, പുറം തൊഴിലിൽ ഏർപ്പെടുന്നവരും, പോലീസ് ഉദ്യോഗസ്ഥരും 11 am to 3 pm വരെ കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ പൊതു സമൂഹം സഹായിക്കുക.
-വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന പരിപാടികൾ ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
-കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രത്യേക കരുതൽ ഉറപ്പാക്കണം. 
-എല്ലാവിധ പൊതുപരിപാടികളും വൈകുന്നേരങ്ങളിലേക്ക് മാറ്റി വക്കുന്നത് ഉചിതമായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News