ഇടുക്കി ചെറുതോണി ഡാമിന്റെ (Idukki Cheruthoni Dam) ഷട്ടറുകൾ വീണ്ടും തുറക്കുമ്പോൾ ആശങ്കയിൽ ജനങ്ങൾ. മൂന്ന് വർഷം മുമ്പ് 2018ൽ അവസാനമായി ചെറുതോണി അണക്കെട്ട് തുറന്നത് മലയാളികൾ ഒരിക്കലും മറക്കാത്ത ദുരിതത്തിലേക്കായിരുന്നു (Disaster). 26 വർഷത്തിന് ശേഷം 2018 ഓഗസ്റ്റ് 9ന് ആയിരുന്നു അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയത്. അന്ന് അണക്കെട്ട് തുറന്നപ്പോള്‍ അഞ്ചുഷട്ടറുകളും ഉയര്‍ത്തി വെള്ളമൊഴുക്കേണ്ടിവന്നു.
ഇടുക്കി, എറണാകുളം ജില്ലകളിലായി പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ആർക്കും തന്നെ ആ ദിവസങ്ങൾ മറക്കാനാകില്ല. 2018ലേതിന് സമാനമായ സാഹചര്യം ഇപ്പോൾ ഇല്ലെങ്കിലും അതിന്റെ ഭീതി ഓരോരുത്തരുടെയും മനസിലുണ്ടാവും. മഴയുടെ ശക്തി കൂടിയതോടെ 2018 ജൂലൈ 30-ന് അണക്കെട്ടിലെ ജലനിരപ്പ് 2395.05 അടിയിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ മഴ കുറഞ്ഞതോടെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്താമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഓഗസ്റ്റ് ഏഴുമുതല്‍ മഴ കനക്കുകയും വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടലുമുണ്ടായി.
Also Read: Idukki Dam Opened| ആദ്യം ഉയർത്തിയത് മൂന്നാമത്തെ ഷട്ടർ, പാലൊഴുകും പോലെ വെള്ളം
ഇതെ തുടർന്ന് ഓഗസ്റ്റ് ഒമ്പതിന് 2398.98 അടിയായി ജലനിരപ്പ് ഉയർന്നതോടെ ഷട്ടര്‍ ഉയര്‍ത്താതെ വഴിയില്ലെന്നായി. തുടർന്ന് അന്ന് ഉച്ചയ്ക്ക് 12.30-ന് അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നു. 50 സെന്റീമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 150 ഘനമീറ്റര്‍ വെള്ളം തുറന്നുവിട്ടുകൊണ്ടായിരുന്നു, തുടക്കം.പിറ്റേന്ന് രാവിലെ ഏഴിന് രണ്ട്, നാല് നമ്പര്‍ ഷട്ടറുകളും തുറന്നു. എന്നിട്ടും വൈകീട്ട് ജലനിരപ്പ് ഉയര്‍ന്നതോടെ അഞ്ച് ഷട്ടറുകളും തുറന്നുവിടേണ്ടി വന്നു. ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തിയതോടെ സെക്കന്‍ഡില്‍ 750 ഘനമീറ്റര്‍ ഒഴുകിമാറി. ഇത് മൂന്നുദിവസം തുടര്‍ന്നു.
Also Read: Breaking News : Idukki Dam തുറന്നു, പെരിയാറിന്റെ ഇരുകരയിലുള്ളവർക്ക് ജാഗ്രത നിർദേശം
പിന്നീട് മഴ കുറഞ്ഞതോടെ രണ്ട് ഷട്ടറുകൾ ഓഗസ്റ്റ് 13ന് അടച്ചു. ബാക്കി രണ്ടെണ്ണം 40 സെന്റീമീറ്റര്‍ ഉയര്‍ത്തി നിലനിര്‍ത്തി. എന്നാൽ 14ന് വീണ്ടും മഴ കനത്തതോടെ രണ്ടാമതും അഞ്ച് ഷട്ടറുകളും തുറക്കേണ്ടി വന്നു. 50 സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 1500 ഘനമീറ്ററായി. വൻ തോതിൽ പുറത്തേക്കൊഴുകിയ വെള്ളം കടന്നുപോയ കരകളെയെല്ലാം വെള്ളത്തിലാക്കി. പെരിയാറിലൂടെ ഒഴുകിയെത്തി അങ്ങ് താഴെ ആലുവയും പറവൂരുമടക്കം എറണാകുളത്തിന്റെ ഹൃദയഭൂമിയെത്തന്നെ അത് മുക്കിക്കളഞ്ഞു.
പ്രളയത്തിന് ശേഷം ഘട്ടം ഘട്ടമായാണ് പിന്നീട് ഷട്ടറുകൾ (Shutter) അടച്ചത്. ഒരുമാസം കൊണ്ട് ഒഴുക്കിവിട്ടത് 1500 ദശലക്ഷം യൂണിറ്റ് വൈദ്യുതി (Electricity) ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ്. സർക്കാർ നടപടികൾക്കെതിരെ അന്ന് ഏറെ വിമർശനങ്ങൾ ഉണ്ടാവുകയും ഈ വിവാദം ഏറെക്കാലം തുടരുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...