Vadodara: ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ നിന്ന് നീക്കം ചെയ്യുമെന്ന തരത്തില്‍ പല സന്ദര്‍ഭങ്ങളിലായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ആ അവസരങ്ങളില്‍ വാര്‍ത്തയ്ക്ക് വ്യക്തത വരുത്തി RBI യും രംഗത്തെത്തിയിരുന്നു.
എന്നാല്‍, ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയുടെ പ്രസ്താവന പുതിയ വിവാദത്തിന് തുടക്കമിട്ടിരിയ്ക്കുകയാണ്.
ഇന്ത്യൻ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം നീക്കം ചെയ്താൽ NDA സർക്കാരിനോട് താന്‍ ഏറെ നന്ദിയുള്ളവനായിരിയ്ക്കും എന്ന് മഹാത്മാഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
'ഇന്ത്യയിലെ കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം അവർ (NDA സര്‍ക്കാര്‍) നീക്കം ചെയ്‌താൽ, ഞാൻ ഇപ്പോഴത്തെ സർക്കാരിനോട് നന്ദിയുള്ളവനായിരിക്കും, കാരണം അത് ഒരു ചിത്രം മാത്രമാണ്, മോഹൻദാസ് കരംചന്ദ് ഗാന്ധിയോ അദ്ദേഹത്തിന്‍റെ ആത്മാവോ അല്ല, അത് ഒരു പ്രത്യയശാസ്ത്രത്തെയും പ്രതിനിധീകരിക്കുന്നില്ല", അദ്ദേഹം പറഞ്ഞു. വഡോദരയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹത്തിന്‍റെ ഈ പ്രതികരണം.
'ബാപ്പു ഒരു പ്രത്യയശാസ്ത്രമായിരുന്നു, പ്രത്യയശാസ്ത്രം എന്നും അനശ്വരമായി നിലനിൽക്കണം, ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ ചിത്രം കറൻസി നോട്ടുകളിൽ ആവശ്യമില്ല. ബാപ്പുവിന്‍റെ ചിത്രം സർക്കാർ നീക്കം ചെയ്താൽ ആദ്യമായും അവസാനമായും ഞാൻ ഈ സർക്കാരിനെ പിന്തുണയ്ക്കും", തുഷാര്‍ ഗാന്ധി പറഞ്ഞു.
NDA അധികാരത്തിൽ വന്നതു മുതൽ ചരിത്രം തിരുത്തിയെഴുതുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഭരണകക്ഷിക്ക് ഇഷ്ടപ്പെടാത്ത ആ ചരിത്രം ഇല്ലാതാക്കാൻ സർക്കാർ സംവിധാനം സജീവമാണെന്നും തുഷാർ ഗാന്ധി പറഞ്ഞു. 'മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ... മഹാത്മാഗാന്ധിയെ പുകഴ്ത്തിയില്ലെങ്കിൽ, അദ്ദേഹത്തെ കുറിച്ച് നന്നായി സംസാരിക്കുന്നില്ലെങ്കിൽ, അത് മനസ്സിലാക്കാവുന്നതേയുള്ളൂ.' തുഷാര്‍ ഗാന്ധി പറഞ്ഞു.
ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പിന് ആവേശപൂര്‍വ്വം പ്രമുഖ പാര്‍ട്ടികളായ ബിജെപിയും കോണ്‍ഗ്രസും പ്രചരണം നടത്തുന്നതിടെ തുഷാര്‍ ഗാന്ധി നടത്തിയ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിയ്ക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...