ന്യൂഡൽഹി: സംഘർഷം അതിരൂക്ഷമായിരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ (Afghanistan) നിന്ന് മുഴുവന്‍ ഇന്ത്യക്കാരെയും തിരികെയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. സര്‍വകക്ഷി യോഗത്തന് ശേഷമാണ് കേന്ദ്ര വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 31 പാര്‍ട്ടികളില്‍ നിന്നായി 37 നേതാക്കളാണ് യോഗത്തില്‍ (All Party Meeting) പങ്കെടുത്തത്.
അഫ്ഗാനില്‍ നിന്ന് ബാക്കി ഇന്ത്യക്കാരെ കൂടി തിരികെ എത്തിക്കുന്നതിനെ സംബന്ധിച്ച ചര്‍ച്ചകളാണ് പ്രധാനമായും സര്‍വകക്ഷിയോഗത്തില്‍ ഉയര്‍ന്നത്. ദോഹ ധാരണ ലംഘിച്ചാണ് താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തത് എന്നും താലിബാനോടുള്ള നയം കാത്തിരുന്ന് സ്വീകരിക്കുമെന്നും ഡൽഹിയിൽ ചേര്‍ന്ന യോഗത്തില്‍ എസ് ജയശങ്കര്‍ വ്യക്തമാക്കി. ഇതുവരെ 532 പേരെ അഫ്ഗാനില്‍ നിന്ന് തിരികെയെത്തിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 ഇന്ത്യക്കാരെ ഇന്നും താലിബാൻ (Taliban) തടഞ്ഞതായി സർക്കാർ യോഗത്തിൽ വെളിപ്പെടുത്തി.
താലിബാൻ വിമാനത്താവളത്തിലേക്കുള്ള വഴിയിൽ തടഞ്ഞതിനാൽ 20 പേർക്ക് ഇന്ന് അവിടെ എത്താനായില്ല. 10 കിലോമീറ്ററിൽ 15 ചെക്ക്പോയിന്റുകളാണ് താലിബാൻ സ്ഥാപിച്ചിരിക്കുന്നത്.
അതേസമയം, അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെങ്കിലും രാജ്യത്തിന്റെ ഔദ്യോഗിക ഭരണകർത്താക്കളായി താലിബാനെ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് റഷ്യ (Russia) വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിൽ സമാധാനം ഉണ്ടാകുക എന്നതാണ് പ്രധാനമെന്നും റഷ്യ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...