ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് യാത്രാ റൂട്ടിലുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചു. ഗുജറാത്തിൽ നിന്നുള്ള മൂന്ന് തീർത്ഥാടകർ ഉൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ആറ് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രത നിർദേശം നൽകി.
വ്യാഴാഴ്ച രാത്രി രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് യാത്രാ റൂട്ടിൽ ഫാറ്റ മേഖലയിലെ തർസാലിയിൽ അഞ്ച് പേർ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. കാലാവസ്ഥ മോശമായതിനാൽ വെള്ളിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മരിച്ചവരിൽ ഗുജറാത്തിൽ നിന്നുള്ള മൂന്ന് ഭക്തരും ഹരിദ്വാറിൽ നിന്നുള്ള ഒരാളും ഉൾപ്പെടുന്നു. അഞ്ചാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
മഴ നാശം വിതച്ച കോട്‌വാർ പ്രദേശത്ത് മണ്ണിടിച്ചിലിൽ ഒരാളെ കാണാതായി. നിരവധി പാലങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഗഡിഘട്ടിയിലെ തകർന്ന പാലത്തിന്റെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാന് നിർദ്ദേശം നൽകി. കാലവർഷക്കെടുതിയിൽ താറുമാറായ സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിക്കാനും ദുരന്തബാധിതരായ ജനങ്ങൾക്ക് വേഗത്തിലുള്ള സഹായം ലഭ്യമാക്കാനുമാണ് സർക്കാരിന്റെ ആദ്യ ശ്രമമെന്ന് പുഷ്‌കർ സിംഗ് ധാമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ALSO READ: Rudraprayag Landslide: രുദ്രപ്രയാഗിൽ മണ്ണിടിച്ചിൽ; 13 പേരെ കാണാതായി, രക്ഷാപ്രവർത്തനം തുടരുന്നു
വെള്ളിയാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ടും അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. ഡെറാഡൂൺ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തെഹ്‌രി, ഡെറാഡൂൺ, പൗരി, ചമ്പാവത്ത്, നൈനിറ്റാൾ, ഉദ്ദം സിംഗ് നഗർ ജില്ലകളിൽ വെള്ളിയാഴ്ച ഓറഞ്ച് അലർട്ടും ഓഗസ്റ്റ് 12 മുതൽ 14 വരെ റെഡ് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച്, മഴക്കെടുതിയിൽ ഇതുവരെ 58 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 19 പേരെ കാണാതായിട്ടുണ്ട്. 33 വീടുകൾ പൂർണമായും തകർന്നു, 1,167 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൻതോതിൽ കൃഷിഭൂമിയും ഒലിച്ചുപോയി. സംസ്ഥാനത്ത് മഴക്കെടുതിയിൽ നിരവധി റോഡുകളും പാലങ്ങളും തകർന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...