Dehradun : അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ എത്തി തുടങ്ങി. ഉത്തരാഖണ്ഡിലെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ബിജെപി 41 സീറ്റുകളിൽ ലീഡ് നിലനിർത്തുന്നുണ്ട്. 19 സീറ്റുകളിൽ കോൺഗ്രസും മുന്നേറുന്നുണ്ട്. മിക്ക എക്സിറ്റ് പോളുകളും ഉത്തരാഖണ്ഡിൽ തൂക്ക് മന്ത്രിസഭയാണ് പ്രവചിച്ചിട്ടുള്ളത്. എന്നാൽ കോൺഗ്രസ് ഭരണം തിരിച്ച് പിടിക്കാനും സാധ്യതയുണ്ട്.
ഉത്തരാഖണ്ഡിൽ കോൺഗ്രസ് തന്നെ വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് പറഞ്ഞിരുന്നു. 70 അംഗ - അസംബ്ലിയിൽ 48 സീറ്റുകളിലും കോൺഗ്രസ് എത്തുമെന്നാണ് അദ്ദേഹം പറയുന്നത്. ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്തിന്റെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരത്തിലേക്ക് തിരച്ചെത്തുമെന്നാണ് സീ എക്സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നത്.
എന്നാൽ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യതയുണ്ടെങ്കിൽ സർക്കാർ രൂപീകരണത്തിൽ സ്വതന്ത്രർക്കും എഎപി, എസ്പി, ബിഎസ്പി, യുകെഡി തുടങ്ങിയവർക്ക് വലിയ പങ്ക് ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും മുഖ്യമന്ത്രി പുഷക്കർസിംഗ് ധാമിയുടേയും പ്രതിച്ഛായയിൽ ഇത്തവണ ഉത്തരാഖണ്ഡിൽ ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
മോദി-ധാമി പ്രഭാവം പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു പ്രചരണമത്രയും. കോൺഗ്രസിന് അധികാരം ലഭിക്കാനുള്ള സാധ്യതയാണ് എബിപി സി വോട്ടർ സർവേ കാണുന്നത്. 70 സീറ്റുകളുള്ള സംസ്ഥാനത്ത് കോൺഗ്രസിന് 32 മുതൽ 38 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. അധികാരം പിടിക്കുമെന്ന് തന്നെയാണ് റിപ്പബ്ലിക് ടിവി എക്സിറ്റ് പോൾ സർവേ ഫലവും സൂചിപ്പിക്കുന്നത്.
2002 ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റീൽ 36 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 2007 ൽ അധികാരം നഷ്ടമായെങ്കിലും 2012 ൽ വീണ്ടും ഭരണത്തിലെത്താൻ സാധിച്ചു. 2017 ൽ വീണ്ടും തിരിച്ചടി നേരിട്ടു. 70 ൽ 57 സീറ്റും നേടിയാണ് 2017 ൽ ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു.
രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് 5 വർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരണം. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചാൽ അത് പുതിയ ചരിത്രമാകും. എന്തായാലും ഉത്തരാഖണ്ഡിൽ ഭരണത്തിന്റെ ചരിത്രം തുടരുമോ അതോ തിരുത്തുമോ എന്ന് ഇന്ന് അറിയാം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.