ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തില്‍ കെ.ടി ജലീല്‍ (KT Jaleel) എംഎല്‍എക്ക് സുപ്രീംകോടതിയിൽ തിരിച്ചടി. കെടി ജലീൽ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി (High Court) ഉത്തരവിനുമെതിരായാണ് കെ.ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.
രാഷ്ടീയപരമായ കാരണങ്ങളടക്കം ജലീലിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചെങ്കിലും സുപ്രിംകോടതി (Supreme Court) ഹര്‍ജി പരിഗണിച്ചില്ല. ഇതോടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിച്ചു. ബന്ധുവിനെ നിയമിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്തയുടെ കണ്ടെത്തലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ബന്ധുവല്ലായിരുന്നെങ്കില്‍ ജലീലിന്റെ വാദങ്ങള്‍ പരിശോധിക്കുമായിരുന്നു എന്നും കോടതി പറഞ്ഞു.
ALSO READ: K T Jaleel രാജിവെച്ചു, രാജി ബന്ധുനിയമന വിവാദത്തിന് പിന്നാലെ
മന്ത്രിയായിരുന്ന സമയത്ത് ബന്ധുവിന്റെ നിയമനത്തിന് വേണ്ടി കെടി ജലീൽ യോഗ്യതാ മാനദണ്ഡങ്ങള്‍ മാറ്റിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തനിക്ക് സ്വാഭാവിക നീതി നഷ്ടപ്പെട്ടെന്നും തന്നെ കേള്‍ക്കാന്‍ ലോകായുക്ത തയാറായില്ലെന്നുമാണ് കെ ടി ജലീല്‍ ഉന്നയിച്ച വാദം. കേസില്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് ലോകായുക്തയുടെ കണ്ടെത്തലെന്നും ഹര്‍ജിയില്‍ ജലീല്‍ ചൂണ്ടിക്കാട്ടി. തനിക്കെതിരായ വാദങ്ങളില്‍ കൃത്യതയില്ലെന്നും ബന്ധുവായ ആളെ ന്യൂനപക്ഷ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജരായി നിയമിച്ചതില്‍ ഒരു തരത്തിലുമുള്ള അധികാര ദുര്‍വിനിയോഗം ഇല്ലെന്നുമായിരുന്നു കെ.ടി ജലീലിന്റെ വാദം.
ALSO READ: ബന്ധു നിയമനത്തിനായി മാറ്റം നിർദേശിച്ചത് മന്ത്രി തന്നെ; മന്ത്രി കെടി ജലീലിൻറെ കത്ത് പുറത്ത്
ലോകായുക്തയുടെ കണ്ടെത്തലുകളും അത് ശരിവച്ച ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമായിരുന്നു കെ.ടി ജലീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി പരിഗണിക്കാതിരുന്നതോടെ സുപ്രിംകോടതിയില്‍ നിന്ന് ജലീലിനുണ്ടായത് വലിയ തിരിച്ചടിയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...