തമിഴ്നാട്: വില്ലുപുരത്ത് വിഷമദ്യം കുടിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. ശനിയാഴ്ച രാത്രി എക്യാർകുപ്പത്താണ് സംഭവം നടന്നത്. രാത്രി മദ്യപിച്ച ശേഷം കുഴഞ്ഞുവീണ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീടുകളിൽ അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ആളുകളെ പിന്നീട് പൊലീസ് ഇടപെട്ടാണ് ആശുപത്രിയിൽ എത്തിച്ചത്. നിലവിൽ 16 പേർ ചികിത്സയിലുണ്ട്. ഇതിൽ എട്ടു പേരുടെ നില ഗുരുതരമാണ്.
സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമരൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പേർക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ സസ്പെൻഡ് ചെയ്തതായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Wrestlers protest: ബിജെപിയുടെ ഒരു വനിത നേതാവ് പോലും ഞങ്ങളെ വിളിച്ചില്ല; ഗുസ്തി താരങ്ങൾ
ദില്ലി: കഴിഞ്ഞ 20 ദിവസമായി ഡൽഹിയിലെ ജന്തർമന്തറിൽ ഗുസ്തി താരങ്ങൾ സമരം ഇരിക്കുകയാണ്. എന്നാൽ ഈ ദിവസങ്ങളിൽ ഒന്നും ഒരു വനിത ബിജെപി നേതാവ് പോലും തങ്ങളെ പിന്തുണച്ച് എത്തിയില്ലെന്ന് ഗുസ്തി താരങ്ങൾ. സമരത്തിന് പിന്തുണ തേടി ബി ജെ പി വനിത എംപിമാർക്ക് കത്തയക്കുമെന്നും ഗുസ്തി താരങ്ങൾ വ്യക്തമാക്കി. ബേട്ടി പഠാവോ ബേട്ടി ബച്ചാവോ എന്ന് മുദ്രാവാക്യം ഉയർത്തുന്ന ബിജെപിയുടെ ഒരു വനിത നേതാവിനെപ്പോലും തങ്ങൾ കണ്ടില്ലെന്നും അവർ പറഞ്ഞു.
16 ന് ഓഫീസിന് സമീപം പിന്തുണക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ പ്രതിഷേധിക്കണമെന്നും ഇവർ കൂട്ടിച്ചേർത്തു. നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി ഉൾപ്പെടെ ഉള്ള ബിജെപി വനിത എംപിമാർക്ക് കത്തയയ്ക്കുമെന്നും താരങ്ങൾ പറഞ്ഞു. അതേ സമയം ഗുസ്തി താരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷന്റെ മൊഴി എടുത്തു. പരാതിയിൽ താരങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം ബ്രിജ് ഭൂഷൻ തള്ളി. ചില രേഖകളും മൊഴിയെടുക്കലിന്റെ ഭാഗമായി ബ്രിജ് ഭൂഷണോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴിയും പൊലീസ് എടുത്തിട്ടുണ്ട്. ഗുസ്തി താരങ്ങൾ കറുത്ത ബാഡ്ജ് ധരിച്ച് കരിദിനം ആചരിച്ചിരുന്നു. രാജ്യത്തെ ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ തങ്ങളെ ടാഗ് ചെയ്ത് പ്രതിഷേധം അറിയിക്കാൻ താരങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...