ന്യൂഡൽഹി: ആർബിഐ പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ ഇന്ന് മുതൽ ജനങ്ങൾക്ക് മാറ്റിയെടുക്കാൻ സാധിക്കും. നോട്ടുകൾ മാറുന്നതിനായി പ്രത്യേക അപേക്ഷാ ഫോമിന്റെയോ ഐഡി പ്രൂഫിന്റെയോ ആവശ്യമില്ലെന്ന് അറിയിച്ചിരിക്കുകയാണ് സ്റ്റേററ് ബാങ്ക് ഓഫ് ഇന്ത്യ. ഒരാൾക്ക് 20,000 രൂപ വരെ ഒരേ സമയത്ത് ഫോം നൽകാതെ തന്നെ മാറ്റാൻ സാധിക്കുമെന്നും എസ്ബിഐ അറിയിച്ചു. എന്നാൽ ഒരു തവണ 20,000 രൂപ മാത്രമെ മാറ്റാൻ സാധിക്കുകയുള്ളൂ.
നോട്ടുകള്‍ മാറ്റിയെടുക്കാനായി തിരക്ക് കൂട്ടണ്ട എന്ന് ആർബിഐ ഗവർണർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 500 രൂപ നോട്ടുകളുടെയും 1000 രൂപ നോട്ടുകളുടെയും അസാധുവാക്കൽ സമയത്ത് സിസ്റ്റത്തിൽ നിന്ന് എടുത്ത പണം നിറയ്ക്കാനാണ് 2000 രൂപ നോട്ട് പ്രാഥമികമായി പുറത്തിറക്കിയതെന്നും ഗവർണർ വ്യക്തമാക്കി. അതിനുശേഷം 2000 രൂപ നോട്ടുകളുടെ വിനിമയം 50 ശതമാനത്തിൽ താഴെയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്നും പിൻവലിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ആർബിഐ പ്രഖ്യാപിച്ചതിന് പിന്നാലെ ഈ നോട്ടുകൾ മാറ്റിയെടുക്കേണ്ടത് എങ്ങനെയെന്ന കാര്യത്തിലും ആർബിഐ വിശദീകരണം നൽകിയിരുന്നു. അതനുസരിച്ച്, പൊതുജനങ്ങൾക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപ നോട്ടുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാൻ സാധിക്കും. അല്ലെങ്കിൽ ഏതെങ്കിലും ബാങ്ക് ശാഖയിൽ മറ്റ് മൂല്യങ്ങളുടെ ബാങ്ക് നോട്ടുകളായി മാറ്റാനും സാധിക്കും.
2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള പരിധിയും തിയതിയും അറിയാം (Rs 2,000 Banknotes Exchange Limit And Date)
RBI അറിയിപ്പ് അനുസരിച്ച് ഇന്ന് (മെയ് 23) മുതൽ ഏത് ബാങ്കിലും 2000 രൂപയുടെ നോട്ടുകൾ മറ്റ് മൂല്യങ്ങളുടെ നോട്ടുകളാക്കി മാറ്റാൻ സാധിക്കുന്നതാണ്. ബാങ്ക് ശാഖകളുടെ പതിവ് പ്രവർത്തനങ്ങളുടെ തടസ്സം ഒഴിവാക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം എന്ന് RBI നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇന്ന് മുതൽ ആർബിഐയുടെ 19 റീജിയണൽ ഓഫീസുകളിലും (RBI Regional Offices -ROs) ഒരു സമയം 20,000 രൂപ വരെ മാറ്റുന്നതിനുള്ള സൗകര്യം നൽകുമെന്ന് ആർബിഐ കൂട്ടിച്ചേർത്തു.
2,000 രൂപ നോട്ടുകൾ മാറാനുള്ള അവസാന തീയതി (Rs 2,000 Banknotes Exchange Deadline)
2023 സെപ്റ്റംബർ 30 വരെ പൊതുജനങ്ങൾക്ക് 2,000 രൂപ നോട്ടുകൾ മാറ്റിയെടുക്കാന്‍ സാധിക്കും എന്ന് റിസർവ് ബാങ്ക് അറിയിച്ചു. ഈ സമയപരിധിക്കുള്ളിൽ കൈവശമുള്ള 2000ന്റെ നോട്ടുകൾ മാറ്റിയെടുക്കേണ്ടതാണ്.
"സമയബന്ധിതമായ രീതിയിൽ ഈ പ്രക്രിയ പൂർത്തിയാക്കുന്നതിനും പൊതുജനങ്ങൾക്ക് മതിയായ സമയം നൽകുന്നതിനും, എല്ലാ ബാങ്കുകളും 2023 സെപ്റ്റംബർ 30 വരെ 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും അല്ലെങ്കില്‍ മറ്റ് മൂല്യങ്ങളുടെ നോട്ടുകളായി മാറ്റാനും സൗകര്യമൊരുക്കും," RBI അതിന്‍റെ സർക്കുലറിൽ പറയുന്നു.
അതേസമയം, നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സെപ്റ്റംബര്‍ 30 വരെയുള്ള സമയപരിധി അന്തിമമാണ് എന്നും അത് എല്ലാവരും ഗൗരവമായി കാണണമെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച (മെയ് 19) ആണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2000 രൂപയുടെ ഇന്ത്യൻ കറൻസി പിൻവലിച്ചത്. 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിതായി ആർബിഐ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 2000ന്റെ നോട്ടുകൾ ഇനി വിതരണം ചെയ്യരുതെന്ന് ബാങ്കുകൾക്കും RBI നിർദേശം നൽകിയിട്ടുണ്ട്. നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായാണ് കറൻസി വിതരണവും നിർത്തിവെക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...