PPF Account Maturity: പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട് അഥവാ പിപിഎഫ് ,പണം സുരക്ഷിതമായി നിക്ഷേപിക്കുന്നതിനും കൂടുതല്‍ സമ്പാദിക്കുന്നതിനും നികുതി ഇളവ് ലഭിക്കുന്നതിനും ഏറെ സഹായകമാണ്.
ഏറെ സുരക്ഷിതമായ ഒരു കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപ പദ്ധതി എന്ന നിലയ്ക്ക് പിപിഎഫില്‍ നിക്ഷേപം നടത്താന്‍ സാധാരണക്കാരും ഏറെ താത്പര്യം കാട്ടാറുണ്ട്. 15 വര്‍ഷം ദൈര്‍ഘ്യമുള്ള ഈ സമ്പാദ്യ പദ്ധതി അപകടസാധ്യതയില്ലാത്തതും മികച്ച വരുമാനം നല്‍കുന്നതുമാണ്.
15 വര്‍ഷം കൊണ്ടാണ് ഈ പദ്ധതിയുടെ കാലാവധി (PPF Account maturity) പൂര്‍ത്തിയാകുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ-10 പ്രകാരം പിപിഎഫ് അക്കൗണ്ടിൽ ലഭിക്കുന്ന പലിശ ആദായനികുതിയിൽ നിന്ന് മുക്തമാണ്. അതായത് ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്ന തുക മുഴുവനും നിങ്ങള്‍ക്ക് സ്വന്തം.
എന്നാല്‍, PPF കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഒരു പക്ഷേ ഒരു വലിയ തുക നിങ്ങള്‍ക്ക് ലഭിക്കും. ആ അവസരത്തില്‍, നിങ്ങള്‍ക്ക് പണത്തിന്‍റെ അത്യാവശ്യം ഇല്ല എങ്കില്‍ ആ പണം എന്തു ചെയ്യാം. അതിനും PPF മാര്‍ഗ്ഗങ്ങള്‍ തരുന്നുണ്ട്. അതായത് ആ തുക വീണ്ടും നിക്ഷേപമാക്കാന്‍ സാധിക്കും.
കാലാവധി കഴിഞ്ഞതിന് ശേഷം PPF നിക്ഷേപങ്ങള്‍ക്ക് ലഭ്യമായ ഓപ്ഷനുകൾ എന്തൊക്കെയാണ്?
PPF അക്കൗണ്ട് കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങള്‍ക്ക് മൂന്ന് മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം, അതായത്, നിക്ഷേപ തുക വിനിയോഗിക്കാന്‍ നിങ്ങള്‍ക്ക് മുന്‍പില്‍ മൂന്ന് മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകും.
1. അക്കൗണ്ട് ക്ലോസ് ചെയ്ത് മുഴുവന്‍ പണവും പിന്‍വലിക്കുക, തുക നിങ്ങള്‍ക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും സമ്പാദ്യപദ്ധതിയില്‍ നിക്ഷേപിക്കാം.
2. പുതിയ നിക്ഷേപങ്ങളില്ലാതെ അക്കൗണ്ട് കാലാവധി നീട്ടുക. അതായത്, വര്‍ഷാവര്‍ഷം നിശ്ചിത തുക നിക്ഷേപിക്കാതെ, ആ തുക തന്നെ നിങ്ങള്‍ക്ക് 5 വര്‍ഷത്തേയ്ക്കോ അതില്‍ കൂടുതലോ ദീഘിപ്പിക്കാന്‍ സാധിക്കും. ഈ നടപടിയിലൂടെ സ്‌കീമിന് ബാധകമായ പലിശ നിരക്ക് പിപിഎഫ് അക്കൗണ്ടില്‍ തുടര്‍ന്നും ലഭിക്കും.
3. പുതിയ നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്തി അക്കൗണ്ട് നീട്ടുക. ഈ പദ്ധതിയില്‍ നിങ്ങള്‍ തുടര്‍ന്നും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ PPF അക്കൗണ്ട് തുറന്ന് 15-ാം വർഷത്തിൽ PPF എക്സ്റ്റൻഷൻ ഫോം സമർപ്പിക്കേണ്ടതുണ്ട്, നിക്ഷേപ ഓപ്ഷനോടുകൂടിയ PPF അക്കൗണ്ട് വിപുലീകരണത്തിന്‍റെ കാര്യത്തിൽ മാത്രമേ ഈ ഫോം സമര്‍പ്പിക്കേണ്ടത് ആവശ്യമുള്ളൂ.
PPF അക്കൗണ്ട് ആരംഭിക്കുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
1. PPF മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഒരു വരിക്കാരന് ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉണ്ടാകാന്‍ പാടില്ല.
2. ഒരു സാമ്പത്തിക വർഷത്തിൽ ഏറ്റവും കുറഞ്ഞത് 500 രൂപയും പരമാവധി നിക്ഷേപം 1,50,000 രൂപയുമാണ്.
3. നിക്ഷേപം ആരംഭിച്ച് മൂന്നാം സാമ്പത്തിക വർഷം മുതൽ ആറാം സാമ്പത്തിക വർഷം വരെ വായ്പാ സൗകര്യം ലഭ്യമാണ്.
4. നിക്ഷേപം ആരംഭിച്ച് ഏഴാം സാമ്പത്തിക വർഷം മുതൽ എല്ലാ വർഷവും ഒരു നിശ്ചിത തുക പിൻവലിക്കാന്‍ സാധിക്കും.
5. അക്കൗണ്ട് ആരംഭിച്ച വർഷാവസാനം മുതൽ പതിനഞ്ച് പൂർണ്ണ സാമ്പത്തിക വർഷം കഴിയുമ്പോള്‍ നിങ്ങളുടെ അക്കൗണ്ട് കാലാവധി പൂര്‍ത്തിയാകും.
6. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ തുകയും പിന്‍വലിക്കാം.
7. കാലാവധി പൂർത്തിയാകുമ്പോൾ നിലവിലുള്ള പലിശ നിരക്കോടെ, നിക്ഷേപം നടത്താതെ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് നിലനിർത്താം.
8. കാലാവധി പൂർത്തിയാകുമ്പോൾ, കൂടുതൽ നിക്ഷേപങ്ങൾക്കൊപ്പം 5 വർഷത്തേയ്ക്കോ അതിലധികമോ ദീര്‍ഘിപ്പിക്കാം.
9. ഈ നിക്ഷേപത്തിന് ആദ്യ നികുതി ഇളവ് ലഭിക്കും.
10. നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് ആദായ നികുതിയ്ക്ക് ഈടാക്കില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...