ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐയിലെ ഉള്‍പ്പോര് മുറുകുന്നു. സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരെ നടപടിക്കൊരുങ്ങി സിബിഐ മേധാവി അലോക് വര്‍മ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയ്സന് ഈ നീക്കം. അസ്താനയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി സിബിഐ മേധാവി ഇതിനകം തന്നെ കത്തയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ കത്തയച്ച കാര്യത്തില്‍ സിബിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിബിഐ തലപ്പത്ത് നടക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനു പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. രണ്ട് ഉദ്യോഗസ്ഥരോടും പ്രധാനമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ഇതുപ്രകാരം സിബിഐ മേധാവി ഇന്നലെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടിരുന്നു.
അതേസമയം, അലോക് വര്‍മയ്‌ക്കെതിരെ നിരവധി ആരോപണങ്ങളുന്നയിച്ച് അസ്താനയും സര്‍ക്കാരിന് കത്തയച്ചിരുന്നു.
പദവിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാകേഷ് അസ്താനയ്‌ക്കെതിരെ കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതാണ് സിബിഐയിലെ ആഭ്യന്തര കലഹത്തിന് കാരണം.
കള്ളപ്പണക്കേസില്‍നിന്നും രക്ഷപെടുത്താമെന്നു വാഗ്ദാനം ചെയ്തു മാംസവ്യാപാരിയായ മോയിന്‍ ഖുറേഷിയില്‍നിന്നും കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അസ്താനയ്‌ക്കെതിരെ കേസെടുത്തത്. ഈ കേസുമായി ബന്ധപ്പെട്ട് അസ്താനയ്ക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഡിഎസ്പി ദേവേന്ദ്ര കുമാറിനെ തിങ്കളാഴ്ച സിബിഐ അറസ്റ്റ് ചെയ്തു. ഖുറേഷിക്കെതിരായ കള്ളപ്പണക്കേസില്‍ നേരത്തെ ദേവേന്ദ്ര കുമാറായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്. കള്ളപ്പണക്കേസില്‍ ഖുറേഷിയുടെ പേരു പരാമര്ശിക്കാതിരിക്കാന് രണ്ടുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാണു അസ്താനയ്ക്കെതിരേയുള്ള ആരോപണം
ബിസിനസുകാരനായ സതീഷ് സനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അസ്താനയ്‌ക്കെതിരായ എഫ്‌ഐആര്‍. കേസ് ഒഴിവാക്കുന്നതിനായി അഞ്ച് കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് സതീഷ് സനയുടെ പരാതി. അസ്താനയ്‌ക്കെതിരെ ആറു കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നതായി സിബിഐ അറിയിച്ചിട്ടുണ്ട്.
ഈ കേസുമായി ബന്ധപ്പെട്ട് സിബിഐ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കൊപ്പം ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ സ്‌പെഷല്‍ ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയലിന്റെ പേരും എഫ്ഐആറിലുണ്ട്.
എന്തായാലും സിബിഐ തലവന്മാരുടെ ആരോപണങ്ങള്‍ക്ക് ഇനി തീര്‍പ്പ് കല്പിക്കുക പ്രധാനമന്ത്രി തന്നെ...