Patna: 2024 ലോകസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നീങ്ങുകയാണ്. അടുത്ത വര്‍ഷം, നടക്കാന്‍ പോകുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ BJPയ്ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒറ്റക്കെട്ടായി അണിനിരത്താനുള്ള ശ്രമത്തിലാണ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍....!!
മാസങ്ങളായി പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് ബീഹാര്‍ മുഖ്യമന്ത്രി. അതിനായുള്ള കഠിന ശ്രമങ്ങളാണ് മാസങ്ങളായി അദ്ദേഹം നടത്തിവരുന്നത്. തന്‍റെ ശ്രമങ്ങളുടെ ഭാഗമായി നിരവധി പ്രാദേശിക പാര്‍ട്ടി നേതാക്കളെ അടുത്തിടെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു.
Also Read: Food Safety Index: ഭക്ഷ്യസുരക്ഷയിലും കേരളം ഒന്നാമത്, ചരിത്ര നേട്ടം!!
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയോടെ ആരംഭിച്ച ഈ ഉദ്യമത്തിന്‍റെ ഭാഗമായി തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, ഉദ്ധവ് താക്കറെ തുടങ്ങിയവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
തന്‍റെ ശ്രമങ്ങളുടെ അടുത്ത പടിയായി രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ നിർണായകയോഗം അദ്ദേഹം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. അതായത്, പ്രതിപക്ഷ നേതാക്കളുടെ മഹായോഗത്തിന്‍റെ തിയതിയും പങ്കെടുക്കുന്ന നേതാക്കളുടെ പട്ടികയും തീരുമാനമായി.
ജൂൺ 23 ന് പറ്റ്നയിലാണ് യോഗം നടക്കുക. മുന്‍പ് ഈ മഹായോഗം ജൂണ് 12നായിരുന്നു നിശ്ചയിച്ചിരുന്നത്.
പ്രതിപക്ഷ നേതാക്കളുടെ മഹായോഗത്തിനുള്ള തീയതി നിശ്ചയിച്ചു. ജൂണ് 12ന് ചില നേതാക്കള്‍ക്ക് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എല്ലാ പാർട്ടികളുടെയും നേതാക്കൾക്ക് എത്തിച്ചേരാന്‍ സാധിക്കും വിധത്തില്‍ ഈ യോഗം വിളിക്കണമെന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. അതിനായി പുതിയ തിയതി തീരുമാനിച്ചു. നേതാക്കളെല്ലാം സമ്മതം അറിയിച്ചിട്ടുണ്ട്., പുതിയ തിയതിയെക്കുറിച്ചും നേതാക്കളുടെ കൂടിക്കാഴ്ചയെക്കുറിച്ചും തേജസ്വി യാദവ് പറഞ്ഞു.
മഹായോഗത്തില്‍ ജെഡിയു, ആർജെഡി നേതാക്കളെ കൂടാതെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, എൻസിപിയുടെ ശരദ് പവാർ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. , ഹേമന്ത് സോറൻ, ഇടത് നേതാവ് സീതാറാം യെച്ചൂരി, ഡി രാജ, ദീപങ്കർ ഭട്ടാചാര്യ, തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിൻ എന്നിവരും ഉൾപ്പെടും.
അതേസമയം, പ്രതിപക്ഷ പാർട്ടികളുടെ ഈ യോഗത്തിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും പങ്കെടുക്കില്ല. ആന്ധ്ര മുഖ്യന്ത്രി YS ജഗന്‍ മോഹന്‍ റെഡ്ഡി പങ്കെടുക്കുന്ന കാര്യത്തിലും തീരുമാനമായില്ല.
ഇപ്പോള്‍ രാജ്യത്ത് എന്താണ് സ്ഥിതി, എന്താണ് സംഭവിക്കുന്നത്? ജനാധിപത്യം ആക്രമിക്കപ്പെടുന്നു, ഭരണഘടനയെ അട്ടിമറിക്കുന്നു. വിഷയം ആരും സംസാരിക്കുന്നില്ല. ഏകപക്ഷീയമായ സ്വേച്ഛാധിപത്യ സമീപനമാണ് സ്വീകരിക്കുന്നത്, ഇത് കണക്കിലെടുത്താണ് പറ്റ്നയില്‍ യോഗം ചേരുന്നത്. ഈ മീറ്റിംഗ് ഫലം കാണും എന്നാണ് വിശ്വാസം, തേജസ്വി യാദവ് പറഞ്ഞു.
നിതീഷ് കുമാറിന്‍റെ ശ്രമഫലമായി ജൂൺ 23ന് പറ്റ്നയില്‍ പ്രതിപക്ഷ പാർട്ടികൾ ശക്തി തെളിയിക്കും. പ്രതിപക്ഷ പാർട്ടികളുടെ കരുത്ത് തെളിയിക്കാനുള്ള ഇത്തരത്തിലുള്ള ആദ്യ അവസരമാണിത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 100 ലധികം സീറ്റിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്നാണ് നിതീഷ് കുമാർ അവകാശപ്പെടുന്നത്.
അതേസമയം, സംസ്ഥാനത്ത് ഏത് പാർട്ടി ശക്തമാണോ, ആ പാർട്ടിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ചുമതല നൽകണമെന്ന് മമത ബാനർജിയും അഖിലേഷ് യാദവും ഇതിനോടകം അഭിപ്രായപ്പെട്ടിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ആ സംസ്ഥാനത്ത് ബിജെപിയെ പരാജയപ്പെടുത്താൻ എളുപ്പമാണ് എന്നാണ് ഇവരുടെ വിലയിരുത്തല്‍.
എന്നിരുന്നാലും, ജൂൺ 23 ന് നടക്കുന്ന യോഗത്തിലേയ്ക്കാണ് എല്ലാ കണ്ണുകളും. ഈ യോഗത്തിൽ പ്രതിപക്ഷത്തിന് ഒരു ഐക്യ ഫോർമുല തയ്യാറാക്കാന്‍ സാധിക്കുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...