കൊൽക്കത്ത: ഭവാനിപൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ വൈസ് പ്രസിഡന്‍റും (BJP Vice president) ബംഗാൾ ബിജെപി മുൻ അധ്യക്ഷനുമായ ദിലീപ് ഘോഷിന് നേരെ ആക്രമണം. പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപുര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് ദിലീപ് ഘോഷിന് (Dilip Ghosh) നേരെ ആക്രമണമുണ്ടായത്.
തൃണമൂൽ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. തൃണമൂലുകാർ തന്നെ വളഞ്ഞിട്ട് തല്ലിയെന്നും ആക്രോശിച്ചെന്നും ദിലീപ് ഘോഷ് പറഞ്ഞു. തന്നെ വധിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് ദിലീപ് ഘോഷ് സംഭവത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ദിലീപ് ഘോഷിന്‍റെ സുരക്ഷാ ജീവനക്കാർ തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഭവാനിപൂരിലെ പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനമായിരുന്നു ഇന്ന്. രാവിലെ മുതൽ നേരിട്ടുള്ള പ്രചാരണത്തിനിറങ്ങിയതായിരുന്നു ദിലീപ് ഘോഷ്. അക്രമസംഭവങ്ങളെ തുടർന്ന് പ്രചാരണ പരിപാടികൾ വെട്ടിച്ചുരുക്കി. മണ്ഡലത്തില്‍ നടക്കുന്ന വ്യാപക അക്രമങ്ങളില്‍ ഇടപെടല്‍ വേണമെന്നാവഷ്യപ്പെട്ട് ബിജെപി നേതാക്കള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് (Election commission) നിവേദനം നൽകി. ഇലക്ഷൻ കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടി.
സെപ്റ്റംബർ മുപ്പതിനാണ് ഉപതെരഞ്ഞെടുപ്പ്. ഒക്ടോബർ മൂന്നിന് ഫലം പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജി നന്ദിഗ്രാമിൽ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്തു. ആറ് മാസത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ് നടത്താനായി ഭവാനിപൂർ എംഎൽഎ രാജിവയ്ക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...