Indian Army | അന്നും ഇന്നും സൈന്യം ഓടിയെത്തി, ആ ജീവനുകൾ തിരികെപ്പിടിക്കാൻ; ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന രക്ഷാദൗത്യങ്ങൾ

പ്രകൃതിദുരന്തങ്ങൾക്ക് മുന്നിൽ നിർഭയരായി, ദുരിതത്തിലായ ആളുകളെ രക്ഷിക്കാനും സഹായിക്കാനും സൈനികർ എന്നും മുന്നിലുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 9, 2022, 03:02 PM IST
  • ഓപ്പറേഷൻ റാഹത്ത്, 15 ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ, കടുത്ത ഷെല്ലാക്രമണത്തിനിടയിൽ കുടുങ്ങിയ 4,640 ഇന്ത്യക്കാരെ സൈന്യം രക്ഷിച്ചു
  • 600 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള കാർഗോ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേന വിന്യസിച്ചത്
  • രക്ഷാദൗത്യത്തിന് ശേഷിയില്ലാത്ത 41 ലധികം രാജ്യങ്ങളിലെ 960 വിദേശ പൗരന്മാരെയും യെമനിൽ നിന്ന് ഇന്ത്യൻ സേന ഒഴിപ്പിച്ചു
Indian Army | അന്നും ഇന്നും സൈന്യം ഓടിയെത്തി, ആ ജീവനുകൾ തിരികെപ്പിടിക്കാൻ; ഇന്ത്യൻ സൈന്യത്തിന്റെ സുപ്രധാന രക്ഷാദൗത്യങ്ങൾ

വെള്ളപ്പൊക്കമോ സുനാമിയോ ഭൂകമ്പമോ മറ്റേതെങ്കിലും പ്രകൃതി ദുരന്തമോ സഹായം ആവശ്യമുള്ള സന്ദർഭങ്ങളോ ആകട്ടെ, ഇന്ത്യക്കകത്തോ അയൽരാജ്യങ്ങളിലോ സഹായത്തിനായി ഇന്ത്യൻ സൈന്യം എന്നും തയ്യാറാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ സേനയായ ഇന്ത്യൻ സായുധ സേനയുടെ ധീരത മാത്രമല്ല, ജനങ്ങളോടുള്ള സഹായമനസ്കതയും കീർത്തി നേടിയതാണ്. പ്രകൃതിദുരന്തങ്ങൾക്ക് മുന്നിൽ നിർഭയരായി, ദുരിതത്തിലായ ആളുകളെ രക്ഷിക്കാനും സഹായിക്കാനും സൈനികർ എന്നും മുന്നിലുണ്ട്.

ഓപ്പറേഷൻ റാഹത്ത്

2015 മാർച്ച്, യെമൻ പ്രതിസന്ധിയുടെ കാലം, ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഏകദേശം 5000 ഇന്ത്യക്കാർ യെമനിൽ കുടുങ്ങി. റോയൽ സൗദി എയർഫോഴ്‌സും അറബ് രാജ്യങ്ങളുടെ സഖ്യവും വിമതരെ ആക്രമിച്ചു. വിമാനം പറത്തുന്നതിന് നിരോധനം ഏർപ്പെടുത്തി. യെമനിൽ കുടുങ്ങിയ 5000 ഇന്ത്യക്കാരെ രക്ഷിക്കാൻ ഇന്ത്യൻ സായുധ സേനയെ അണിനിരത്തി ഓപ്പറേഷൻ റാഹത്ത് ആരംഭിച്ചു. ലക്ഷദ്വീപ് തീരത്ത് കടൽക്കൊള്ള വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഐഎൻഎസ് സുമിത്ര, സംഘർഷമേഖലയിലെ ഇന്ത്യൻ കപ്പലുകൾക്കും വിമാനങ്ങൾക്കും സംരക്ഷണത്തിനും പിന്തുണയ്‌ക്കുമായി ഐഎൻഎസ് മുംബൈ, ഐഎൻഎസ് തർകാഷ് എന്നിവ സജ്ജമായി. 600 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള കാർഗോ വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേന വിന്യസിച്ചത്. 15 ദിവസം നീണ്ടുനിന്ന ഓപ്പറേഷനിൽ, കടുത്ത ഷെല്ലാക്രമണത്തിനിടയിൽ കുടുങ്ങിയ 4,640 ഇന്ത്യക്കാരെ സൈന്യം രക്ഷിച്ചു. രക്ഷാദൗത്യത്തിന് ശേഷിയില്ലാത്ത 41 ലധികം രാജ്യങ്ങളിലെ 960 വിദേശ പൗരന്മാരെയും യെമനിൽ നിന്ന് ഇന്ത്യൻ സേന ഒഴിപ്പിച്ചു.

ഓപ്പറേഷൻ മൈത്രി

2015 ഏപ്രിൽ, നേപ്പാളിൽ വൻ നാശം വിതച്ച ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിനെ ദുരിതത്തിലാക്കിയത്. ഭൂകമ്പത്തിൽ 8,000-ത്തിലധികം ആളുകൾ മരിക്കുകയും 21,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ത്യൻ സായുധ സേനയെ ഇന്ത്യാ ഗവൺമെന്റ് നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് നിയോ​ഗിച്ചു. ഓപ്പറേഷൻ മൈത്രി എന്നായിരുന്നു ഇതിന്റെ പേര്. നേപ്പാളിൽ സഹായഹസ്തവുമായി ആദ്യം എത്തിയത് ഇന്ത്യൻ സായുധ സേനയാണ്. ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളും രക്ഷാദൗത്യത്തിനായി ഇന്ത്യൻ ആർമിയുടെ സൈനികരും പ്രവർത്തിച്ചു. ദുരിതാശ്വാസത്തിനായി മെഡിക്കൽ യൂണിറ്റുകളും ആരംഭിച്ചു. റോഡുകളും കെട്ടിടാവശിഷ്ടങ്ങളും വൃത്തിയാക്കാൻ എഞ്ചിനീയറിംഗ് യൂണിറ്റുകളെ വിന്യസിച്ചു. ഒറ്റപ്പെട്ടുപോയ നേപ്പാളിലെ പൗരന്മാർക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്നതിനു പുറമേ, വിദൂര സ്ഥലങ്ങളിൽ കുടുങ്ങിയ ആയിരക്കണക്കിന് ആളുകളെ രക്ഷിക്കുന്നതിൽ സൈന്യം വിജയിച്ചു. ഇന്ത്യൻ സായുധ സേനയിലെ നേപ്പാളി മുൻ സൈനികരും ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ മാർഗനിർദേശത്തിനുള്ള പ്രവർത്തനങ്ങളിൽ പങ്കുചേർന്നു.

ഓപ്പറേഷൻ മദാദ്

2015ലെ ചെന്നൈ വെള്ളപ്പൊക്കത്തെ നേരിടാൻ ഇന്ത്യൻ സായുധ സേന ഓപ്പറേഷൻ മദാദ് ആരംഭിച്ചു. 100 വർഷത്തിനിടയിലെ ഏറ്റവും ഭീകരമായ മഴയാണ് നഗരം കണ്ടത്. ഇത് കോറോമാണ്ടൽ തീരത്ത് വെള്ളപ്പൊക്കത്തിന് കാരണമായി. അഡയാർ നദിയും നഗരത്തിലെ നിരവധി തടാകങ്ങളും കരകവിഞ്ഞൊഴുകി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾക്കൊപ്പം കര, നാവിക, വ്യോമ സേനകളുടെ സംയുക്ത പരിശ്രമത്തിലൂടെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആയിരക്കണക്കിന് ആളുകളെ രക്ഷിച്ചു.

വിശാഖപട്ടണത്ത് നിന്ന് ചെറുബോട്ടുകളും മുങ്ങൽ വിദഗ്ധരുമായി നാവികസേനാ കപ്പലുകൾ ചെന്നൈ തീരത്ത് നിന്ന് 60 കിലോമീറ്റർ അകലെയുള്ള നാവിക വ്യോമതാവളമായ രാജാലിയിലെത്തി. ഈ എയർ ബേസിൽ നിന്നാണ് ഓപ്പറേഷൻ മദാദ് നടത്തിയത്. കരയിൽ 500ലധികം ഉദ്യോഗസ്ഥരെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചു. ചെന്നൈ വിമാനത്താവളം വെള്ളത്തിനടിയിലായതോടെ രാജാലിയിലെ റൺവേയിലൂടെ ആളുകളെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേന സഹായിച്ചു. ആളുകളെ ഒഴിപ്പിക്കുന്നത് വരെ താത്കാലിക വിശ്രമത്തിനായി നാവികസേനയുടെ ആംഫിബിയസ് ബോട്ടുകളിൽ ദുരിതാശ്വാസ സാമഗ്രികൾ വിദൂര സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. മേൽക്കൂരയിൽ കുടുങ്ങിപ്പോയ ആളുകളെ ഹെലികോപ്റ്ററുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി.

മിഷൻ സഹായതയും ഓപ്പറേഷൻ മേഘ് രാഹത്തും

2014-ലെ വെള്ളപ്പൊക്കത്തിൽ ജമ്മു കശ്മീർ ദുരന്തഭൂമിയായി. വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് ആളുകൾ മരിച്ചു. നിരവധി പേർ ഭവനരഹിതരായി. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ കരസേനയും വ്യോമസേനയും നാവികസേനയും സംയുക്തമായി പ്രവർത്തിച്ചു. 30,000 സൈനികർ, 15 എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ്, 84 ഐഎഎഫ്, ആർമി ഏവിയേഷൻ കോർപ്‌സ് വിമാനങ്ങളും ഹെലികോപ്റ്ററുകളും, നേവൽ കമാൻഡോകളും റെസ്‌ക്യൂ സ്പെഷ്യലിസ്റ്റുകളും, ബേസ് ഹോസ്പിറ്റൽ, നാല് ഫീൽഡ് ഹോസ്പിറ്റലുകൾ. 106-ലധികം മെഡിക്കൽ ഡിറ്റാച്ച്മെന്റുകൾ തുടങ്ങി വിപുലമായ രക്ഷാപ്രവർത്തനമാണ് സൈന്യം നടത്തിയത്. വെള്ളപ്പൊക്കത്തിൽ റോഡുകളും വാർത്താവിനിമയ സംവിധാനങ്ങളും തകർന്നു. ഇന്ത്യൻ സൈന്യം എൻജിനീയറിങ് യൂണിറ്റുകളുടെ സഹായത്തോടെ ഇവ പുനഃസ്ഥാപിക്കാൻ സഹായിച്ചു. രക്ഷപ്പെടുത്തിയ ആളുകൾക്ക് വൈദ്യസഹായത്തോടൊപ്പം ഭക്ഷണവും പാർപ്പിടവും നൽകുന്നതിനായി സൈന്യം ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചിരുന്നു.

ഓപ്പറേഷൻ സൂര്യ ഹോപ്പ്

2013ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കത്തിൽ ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷനാണ് സൂര്യ ഹോപ്പ്. ഹിമാലയൻ സുനാമി എന്ന് ഇന്ത്യാ ഗവൺമെന്റ് വിശേഷിപ്പിച്ച നൂറ് വർഷത്തിനിടെ ഉത്തരാഖണ്ഡ് നേരിടുന്ന ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു അത്. എഎസ്‌സി, സിഗ്നൽ റെജിമെന്റ്, എഞ്ചിനീയർ റെജിമെന്റുകൾ, മെഡിക്കൽ യൂണിറ്റുകൾ, പർവത സൈനികർ, പാരാട്രൂപ്പർമാർ എന്നിവയുൾപ്പെടെ 8500 സൈനികരെ ഇന്ത്യൻ സൈന്യം ഓപ്പറേഷനിൽ വിന്യസിച്ചു. രക്ഷാപ്രവർത്തനത്തിനായി ആർമി ഏവിയേഷൻ 13 ഹെലികോപ്റ്ററുകൾ വിന്യസിച്ചു. എയർ ചീഫ് മാർഷൽ എൻ.എ.കെ. ബ്രൗൺ പറഞ്ഞത് “ഞങ്ങൾ നിങ്ങളെ ഓരോരുത്തരെയും പുറത്തെത്തിക്കുന്നത് വരെ ഞങ്ങളുടെ ഹെലികോപ്റ്റർ റോട്ടറുകൾ കറങ്ങുന്നത് നിർത്തില്ല. പ്രതീക്ഷ കൈവിടാതെ അവിടെത്തന്നെ നിൽക്കൂ"എന്നാണ്.

രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു വിമാനം തകർന്നപ്പോൾ, IAF, ITBP, NDRF എന്നിവയിൽ നിന്നുള്ള ധീരസൈനികരെ രാജ്യത്തിന് നഷ്ടപ്പെട്ടു. ഏറ്റവും ദുഷ്‌കരമായ ഭൂപ്രദേശങ്ങളെ അതിജീവിച്ച്, ഏറ്റവും കഠിനവും അപകടകരവുമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ച്, ഇന്ത്യൻ സായുധ സേന ഉത്തരാഖണ്ഡിലെ ഏറ്റവും വിദൂര സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെപ്പോലും രക്ഷപ്പെടുത്തി. ഓപ്പറേഷൻ സൂര്യ ഹോപ്പ് വിജയകരമായി പൂർത്തിയാക്കി.

കാശ്മീർ ഭൂകമ്പം

2005 ഒക്ടോബർ എട്ടിന് പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം കനത്ത നാശം വിതച്ച ഭൂകമ്പമുണ്ടായി. റിക്ടർ സ്‌കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂകമ്പത്തിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 2.8 ലക്ഷം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദുഷ്‌കരമായ ഭൂപ്രദേശങ്ങളെയും പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് ഇന്ത്യൻ സായുധ സേന രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി രംഗത്തെത്തി. ദുരിതാശ്വാസ സാമഗ്രികൾ, പുതപ്പുകൾ, ഭക്ഷണസാധനങ്ങൾ എന്നിവ ദുരന്തബാധിത സ്ഥലത്തെത്തിച്ചു. ഇന്ത്യൻ സായുധ സേനയുടെ പങ്ക് ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയായ സിയാച്ചിനിൽ ജാഗ്രത പാലിക്കുന്നതിലും അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ പോരാടുന്നതിലും ഒതുങ്ങുന്നില്ല. ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിനും ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എത്തുന്നതിനും സൈന്യം എന്നും സജ്ജമായിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News