താമര കയ്യിൽപിടിച്ച് അമരീന്ദറിന്റെ യാത്ര; കഥ ഇതുവരെ

പഞ്ചാബിൽ ഏറെകാലമായി ഇടം നേടാനുള്ള പരിശ്രമങ്ങളിലാണ് ബിജെപി. 24 വർഷകാലം അകാലി ദളിനെ കൂട്ടുപിടിച്ച് മുന്നണിയായി നടന്നിട്ടും പഞ്ചാബിൽ ശക്തമായ വേരോട്ടം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല

Written by - ടി.പി പ്രശാന്ത് | Edited by - M.Arun | Last Updated : Sep 19, 2022, 01:15 PM IST
  • അകാലിദളിന്റെ പ്രധാന പിന്തുണ അടിത്തറയായ പാന്തിക് സിഖുകാർക്കിടയിൽ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സ്വീകാര്യതയില്ല
  • അകാലി-ബിജെപി ബന്ധത്തിൽ അകാലികളുടെ പ്രധാന അടിത്തറ പിന്തുണ നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്
  • കർഷക സമരം മറയാക്കിയാണ് അകാലികൾ 24 വർഷം നീണ്ട ബിജെപി ബന്ധം അവസാനിപ്പിച്ചത്
താമര കയ്യിൽപിടിച്ച് അമരീന്ദറിന്റെ യാത്ര; കഥ ഇതുവരെ

പഞ്ചാബിൽ ഏറെകാലമായി ഇടം നേടാനുള്ള പരിശ്രമങ്ങളിലാണ് ബിജെപി. 24 വർഷകാലം അകാലി ദളിനെ കൂട്ടുപിടിച്ച് മുന്നണിയായി നടന്നിട്ടും പഞ്ചാബിൽ ശക്തമായ വേരോട്ടം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചിട്ടില്ല. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ അകാലികൾക്ക് സീറ്റൊന്നും വിട്ടുനൽകില്ലെന്ന ബിജെപിയുടെ തീരുമാനം മുതൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അകാലികളുടെ വിമർശനം, ഹുസൂർ സാഹിബ് നന്ദേദിൽ ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ നടത്തിയ ഇടപെടലുകൾ, അകാലിദൾ വിമതർക്ക് ബിജെപിയുടെ മൗനപിന്തുണ ഇവയൊക്കെയാണ് 24 വർഷത്തെ അകാലി- ബിജെപി സഖ്യം വേർപിരിയുന്നതിന്റെ ചില കാരണങ്ങൾ.

എന്നാൽ കാതലായ പ്രശ്നം മറ്റൊന്നായിരുന്നു. അകാലിദളിന്റെ പ്രധാന പിന്തുണ അടിത്തറയായ പാന്തിക് സിഖുകാർക്കിടയിൽ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും സ്വീകാര്യതയില്ലയെന്നതാണ്. കാൽനൂറ്റാണ്ടിനടുത്ത അകാലി-ബിജെപി ബന്ധത്തിൽ അകാലികളുടെ പ്രധാന അടിത്തറ പിന്തുണ നഷ്ടപ്പെടുന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്നും അറിഞ്ഞതോടെ കർഷക സമരം മറയാക്കിയാണ് അകാലികൾ 24 വർഷം നീണ്ട ബിജെപി ബന്ധം അവസാനിപ്പിച്ചത്. 

amarinder singh

Image Source: PTI

അകാലി ദൾ സഖ്യം വേർപിരിഞ്ഞതും കർഷകരുടെ സമരവും അരുൺ ജെയ്റ്റ്ലിയുടെ വിയോഗവും ബിജെപിക്ക് പഞ്ചാബിലെ പ്രവർത്തനങ്ങൾക്ക് ഏറെ പ്രതിസന്ധിയുണ്ടാക്കി. തുടർന്ന് സംസ്ഥാനത്തെ ഹിന്ദു വോട്ടർക്കിടയിൽ സ്വീകാര്യതയുള്ള ഒരു സിഖ് മുഖമായിരുന്നു ബിജെപി ലക്ഷ്യം. ആ യാത്രയാണ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിൽ എത്തി നിൽക്കുന്നത്.  സംസ്ഥാനത്ത് അകാലിദൾ നേതാവ് സുഖ്ബീർ ബാദലിനേക്കാൾ കോൺഗ്രസുകാരനായിരുന്ന മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെയാണ് നഗര ഹിന്ദു വോട്ടർമാർ ഇഷ്ടപ്പെടുന്നതെന്നതും ക്യാപ്റ്റനോടുള്ള ബിജെപിയുടെ സ്വീകാര്യതയ്ക്ക് കൂടുതൽ ആക്കം കൂട്ടി.

നിയമസഭാ തെരഞ്ഞടുപ്പുമായ ബന്ധപ്പെട്ട് കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ ക്യാപ്റ്റൻ അമരീന്ദർ പാർട്ടി വിട്ട് പഞ്ചാബ് ലോക് കോൺഗ്രസ് രൂപീകരിച്ച് പഞ്ചാബിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയിരുന്നു. ബിജെപിയുമായുള്ള ബന്ധം ഏകോപിപ്പിക്കുന്ന പ്രവർത്തനത്തിൽ  അദ്ദേഹത്തിന്റെ മകൻ രണീന്ദർ സിംഗ് പ്രധാന പങ്ക് വഹിച്ചു. എന്നാൽ പഞ്ചാബിൽ ഭഗവന്ദ് മാനെ മുൻനിർത്തിയുള്ള ആംആദ്മി പാർട്ടിയുടെ കൊടുങ്കാറ്റിൽ ക്യാപ്റ്റൻ പാർട്ടി ക്കും പിടിച്ചുനിൽക്കാനിയില്ല. തുടർന്നാണ് അമരീന്ദർ ബിജെപിയിൽ ചേർന്നത്.

ഓപ്പറേഷൻ ലോട്ടസിന്റെ കീഴിൽ ആം ആദ്മി പാർട്ടി എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്ന് ആരോപിച്ച് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. ഈ  സമയത്താണ് ബിജെപിയുമായുള്ള അമരീന്ദറിന്റെ പാർട്ടിയുടെ ലയന വാർത്ത വരുന്നത്. അമരീന്ദറിനൊപ്പം പഞ്ചാബിലെ ആറ് മുൻ എംഎൽഎമാർ, അമരീന്ദറിന്റെ മകൻ രൺ ഇന്ദർ സിങ്, മകൾ ജയ് ഇന്ദർ കൗർ, ചെറുമകൻ നിർവാൻ സിങ് എന്നിവരും ബിജെപിയിൽ ചേർന്നിട്ടുണ്ട്. 

amarinder singh

Image Source: PTI

അമരീന്ദർ സിംഗിന്റെ  ഭാര്യ പ്രണീത് കൗർ നിലവിൽ പാട്യാലയിൽ നിന്നുള്ള കോൺഗ്രസ് പാർലമെന്റംഗമാണ്. ഭർത്താവും മകനും മരുമകളും കൊച്ചുമകനുമൊപ്പം ബിജെപിയിൽ ചേരില്ലെന്ന നിലപാടിലാണ് അവർ. പക്ഷെ അമരീന്ദർ കോൺഗ്രസ് വിട്ടതിനുശേഷം പ്രണീതിനെതിരെ സ്വന്തം പാർട്ടിയിൽ കലാപം ശക്തമായിട്ടുണ്ട്. 1999 , 2004 , 2009 തെരഞ്ഞെടുപ്പുകളിൽ പാട്യാലയിൽ നിന്ന വിജയിച്ച പ്രണീത് കൗറിന്  2014 ലെ തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്‌ടപ്പെട്ടിരുന്നു.  വീണ്ടും 2019 ൽ വിജയിച്ച് തിരിച്ചുവരവ് നടത്തി. അന്ന് പിന്തുണക്കാൻ അമരീന്ദറുണ്ടായിരുന്നു. ഇപ്പോൾ അതല്ല സ്ഥിതി. അതിനാൽ എത്രകാലം അവർക്ക് കോൺഗ്രസിൽ തുടരാനാകും എന്നത് ഗൗരവമേറിയ ഒരു ചോദ്യമാണ്. 

പഞ്ചാബിൽ സ്വീകാര്യതയുള്ള ശക്തമായ ഒരു സിഖ് മുഖത്തിനായി ബിജെപി വളരെക്കാലമായി തിരയുമ്പോഴാണ് അമരീന്ദറിന്റെ കടന്നുവരവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ആത്മബന്ധമാണ് അമരീന്ദർ സിംഗിനുള്ളത്. അമരീന്ദർ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നപ്പോൾ, പ്രധാനമന്ത്രിയുമായി വിവിധ ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ മികച്ച സഹകരണമാണ് ഉണ്ടായിട്ടുള്ളത്. പക്ഷെ കോൺഗ്രസിൽ നിൽക്കുമ്പോൾ ഉണ്ടായിരുന്ന ഈ സ്വീകാര്യത ബിജെപിക്കുള്ളിലേക്ക് എത്തുമ്പോൾ ഉണ്ടാകുമോയെന്നതാണ് പ്രധാനം.  

ക്യാപ്റ്റന് നിലവിൽ 80 വയസ്സുണ്ട്. അതേസമയം 75 വയസ്സിന് മുകളിലുള്ള നേതാക്കൾക്ക് ബിജെപി ടിക്കറ്റ് നൽകുന്നില്ല. അപ്രഖ്യാപിത പ്രായപരിധി മൂലം  കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെയും ബിജെപിയുടെ ഉന്നത തീരുമാനങ്ങളെടുക്കുന്ന പാർലമെന്ററി ബോർഡിൽ നിന്നൊഴിവാക്കിയിരുന്നു. 

amarinder singh

Image Source: PTI

80 വയസുള്ള ക്യാപ്റ്റൻ അമരീന്ദർ കടന്നുവരുമ്പോൾ ഒരു പക്ഷെ ഒരു കേന്ദ്രമന്ത്രി സ്ഥാനം എന്നതിനപ്പുറം മറ്റെന്ത് റോൾ ലഭിക്കുമെന്നും ചർച്ചയായിട്ടുണ്ട്. അതിൽ ഏക ആശ്വാസം പാർട്ടിയുടെ അപ്രഖ്യാപിത പ്രായപരിധിയായ 75 വയസ്സ് പിന്നിട്ട കർണാടക ബിജെപി നേതാവും 77കാരനായ മുൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ സമിതിയിൽ ഉണ്ടെന്നതാണ് അമരീന്ദറിന്റെ പിടിവള്ളി.

എന്തായാലും അമരീന്ദറിന്റെ ബിജെപിക്ക് ഒപ്പമുള്ള സഞ്ചാരം അൽപ്പം ബുദ്ധിമുട്ടാകും. മകൾ ജയ് ഇന്ദർ കൗറാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവർത്തനം കൈകാര്യം ചെയ്യുന്നതെങ്കിലും. പഞ്ചാബ് തെരഞ്ഞെടുപ്പിൽ അവരുടെ പങ്ക് ഒന്നാം നിരയിലായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മകൾക്കും ഒരു പ്രധാന വേഷം ലഭിക്കുമെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News