Solapur, Maharashtra: മഹാരാഷ്ട്രയില്‍ ശിവസേന പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം... BJP നേതാവിനെ കരിഓയിലില്‍ കുളിപ്പിച്ച് അപമാനിച്ചു...
BJP നേതാവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ (Uddhav Thackeray) വിമര്‍ശിച്ചുവെന്നാണ് ശിവസേനയുടെ ആരോപണം. BJP പ്രാദേശിക നേതാവായ ശിരിഷ് കടേക്കറിനെ (Shirish Katekar) ആക്രമിച്ച ശിവസേന പ്രവര്‍ത്തകര്‍ നേതാവിനെ കരിഓയിലില്‍ കുളിപ്പിച്ച ശേഷം പൊതുനിരത്തിലൂടെ നടത്തിയും സാരിയുടുപ്പിച്ചും ചെരുപ്പൂരിയടിച്ചും അപമാനിക്കുകയായിരുന്നു.
മഹാരാഷ്ട്രയിലെ സോലാപുരിലാണ് സംഭവം. ആക്രമ സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസെടുത്തതായും എല്ലാവരെയും അറസ്റ്റ് ചെയ്തതായും സോലാപുര്‍ പോലീസ് അറിയിച്ചു.
#WATCH I Maharashtra: Shiv Sena workers allegedly pour black ink on a BJP leader and forced him to wear a saree after the latter criticised Chief Minister Uddhav Thackeray, in Solapur pic.twitter.com/gdtL9gChT1
— ANI (@ANI) February 7, 2021
സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. ശിരിഷ് കടേക്കറിനെ വളഞ്ഞശേഷം ശിവസേന പ്രവര്‍ത്തകര്‍ തലവഴി കരിഓയില്‍ ഒഴിക്കുന്നതും തുടര്‍ന്ന് ഇയാളെ തെരുവിലൂടെ നടത്തിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നീട് നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുന്നതും ഒരാള്‍ ചെരുപ്പൂരി ശിരിഷിനെ അടിക്കുകയും ചെയ്യുന്നുണ്ട്. വീണ്ടും അടിക്കാന്‍ ശ്രമിക്കുന്ന ഇയാളെ മറ്റുള്ളവരും പോലീസ് ചേര്‍ന്ന് തടയുന്നതും വീഡിയോയില്‍ ദൃശ്യമാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചതിനാണ് ശിരിഷിനെ കരിഓയിലില്‍ കുളിപ്പിച്ചതെന്നും സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ശിവസേന (Shiv Sena) നേതാവ് പുരുഷോത്തം ബര്‍ഡെ മാധ്യമങ്ങളോട് പറഞ്ഞു. ഉദ്ധവ് താക്കറെയ്ക്കെതിരായി എന്തെങ്കിലും പറയുന്നത് സഹിക്കാന്‍ കഴിയില്ല. ഇതിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ബര്‍ഡെ വ്യക്തമാക്കി.
വൈദ്യുതി ബില്‍ കൂടി വരുന്നതിനെ വിമര്‍ശിച്ച ശിരിഷ് ഉദ്ധവ് താക്കറെ സംസ്ഥാനം ഭരിക്കാന്‍ യോഗ്യനല്ലെന്ന് ആരോപിച്ചിരുന്നു. ഇതാണ് ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ ' ജംഗിള്‍ രാജ്' ആണ് നടക്കുന്നത്. ഇതിന്‍റെ വ്യക്തമായ ഉദാഹരണമാണ് ഈ സംഭവമെന്ന് BJP നേതാക്കള്‍ ആരോപിച്ചു. 'ശിവസേന ഭരിക്കുമ്പോള്‍ ആരും സുരക്ഷിതരല്ല. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍വെച്ച് പോലും ആക്രമിക്കാന്‍ അവര്‍ ധൈര്യം കാട്ടുന്നു', ബിജെപി എം.എല്‍.എ രാം കദം പറഞ്ഞു.