"മഹാ നാടകം": സുപ്രീംകോടതി വിധി BJPയ്ക്ക് തിരിച്ചടിയോ?

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട്‌ ഇന്ന് സുപ്രീംകോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചു.

Last Updated : Nov 26, 2019, 03:32 PM IST
  • വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ക്ക്‌ യാതൊരു പരിഗണയും കോടതി നല്‍കിയില്ല
  • ആദ്യം സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്തുക, പിന്നീട് വിശ്വാസവോട്ടെടുപ്പ് നടത്തുക, അതിനായി 2 ആഴ്ച്ചത്തെ സാവകാശം, ഇതൊക്കെയായിരുന്നു ബിജെപി കോടതിയില്‍ ആവശ്യപ്പെട്ടത്.
"മഹാ നാടകം": സുപ്രീംകോടതി വിധി BJPയ്ക്ക് തിരിച്ചടിയോ?

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കടിഞ്ഞാണിട്ടുകൊണ്ട്‌ ഇന്ന് സുപ്രീംകോടതി നിര്‍ണ്ണായക വിധി പുറപ്പെടുവിച്ചു.

അര്‍ദ്ധരാത്രിയില്‍ എന്‍സിപി നേതാവ് അജിത്‌ പവാര്‍ നല്‍കിയ കത്തിന്‍റെ ബലത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപി ഇപ്പോള്‍ ശരിക്കും വെട്ടിലായി. കൂടാതെ, ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വിമത എന്‍സിപി നേതാവ് അജിത് പവാറിന് മേല്‍ രാജി വയ്ക്കാനുള്ള സമ്മര്‍ദവും ഏറുകയാണ്. ഈയവസരത്തില്‍ നാളെ നിയമസഭയില്‍ എന്ത് നിര്‍ണ്ണായക നീക്കമാണ് ബിജെപി നടത്തുക എന്നതാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകരുടെയിലെ ചര്‍ച്ചാവിഷയം. 

തിങ്കളാഴ്ച വൈകിട്ട് തങ്ങളെ പിന്തുണയ്ക്കുന്ന എല്ലാ എം​എ​ല്‍​എ​മാ​രെയും അ​ണി​നി​ര​ത്തി ശി​വ​സേ​ന-​എ​ന്‍​സി​പി-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ൦ കരുത്ത് പ്രകടിപ്പിച്ചിരുന്നു. ഒപ്പമുള്ള 162 പേരെയും അണിനിരത്തിയതായി മ​ഹാ​സ​ഖ്യ​ത്തിന്‍റെ നേ​താ​ക്ക​ള്‍ പറയുകയുണ്ടായി.

ആകെ 288 അംഗങ്ങളുള്ള നിയമസഭയിലെ 162 പേരുടെ പിന്തുണ ത്രികക്ഷി അവകാശപ്പെടുമ്പോള്‍ ബിജെപി എങ്ങിനെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം. 

അതേസമയം, ഇന്ന് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ വളരെ സുപ്രധാനമാണ്‌. കാരണം വിശ്വാസ വോട്ടെടുപ്പ് നീട്ടാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ക്ക്‌ യാതൊരു പരിഗണയും കോടതി നല്‍കിയില്ല എന്നത് ശ്രദ്ധേയമാണ്. ആദ്യം സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടത്തുക, പിന്നീട് വിശ്വാസവോട്ടെടുപ്പ് നടത്തുക, അതിനായി 2 ആഴ്ച്ചത്തെ സാവകാശം, ഇതൊക്കെയായിരുന്നു ബിജെപി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തള്ളികൊണ്ടാണ് നാളെത്തന്നെ വോട്ടെടുപ്പ് നടത്താന്‍ കോടതി വിധിയുണ്ടായിരിക്കുന്നത്.

കൂടാതെ, സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 288 അംഗങ്ങളും പ്രോടേം സ്പീക്കറുടെ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്യാനും സുപ്രീംകോടതി ജസ്റ്റിസ് എന്‍.വി രമണ അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് ഉത്തരവിടുകയായിരുന്നു.

ഹര്‍ജിയില്‍ മറുപടി നല്കാന്‍ 3 ദിവസം കൂടി സമയം വേണമെന്ന് ബിജെപിയ്ക്കുവേണ്ടി ഹാജരായ മുകുള്‍ റോഹ്ത്തഗി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ അംഗങ്ങള്‍ കൊഴിഞ്ഞുപോകുമോ എന്ന ഭയത്താലാണ് ത്രികക്ഷി സഖ്യം വിശ്വാസവോട്ടെടുപ്പ് നേരത്തെയാക്കണമെന്നാവശ്യപ്പെടുന്നത് എന്നും 170 എംഎല്‍എമാരുടെ പിന്തുണ ബിജെപിയ്ക്കുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. കൂടാതെ, അജിത്‌ പവാര്‍ നല്‍കിയ കത്തിലെ ഒപ്പുകള്‍ വ്യജമല്ല എന്നും ബിജെപി-എന്‍സിപി സഖ്യത്തിന് ഭൂരിപക്ഷമുണ്ടെന്നും മുകുള്‍ റോഹ്ത്തഗി കോടതിയില്‍ പറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ ഓരോ നിമിഷവും നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തവണ യാതൊരു കാരണവശാലും ശിവസേന വിട്ടുകൊടുക്കില്ല എന്നത് തന്നെയാണ്. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ്‌ ഇന്നലെ  വൈകിട്ട് ഹയാത്ത് ഹോട്ടലില്‍ നടന്ന എംഎല്‍എമാരുടെ പരേഡ്!! 

തങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ബിജെപിയും, തങ്ങളുടെ നേതാക്കള്‍ പാര്‍ട്ടി വിടില്ല എന്ന ഉറപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നിലകൊള്ളുകയാണ്. ഈ അധികാര വടംവലിയില്‍ അര് നേടും ആര് വീണ്ടും കൂറുമാറുമെന്നത് അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം..

 

Trending News