ബംഗളൂരു: തൊഴില്‍മന്ത്രി പരമേശ്വര്‍ നായിക്കുമായുള്ള അഭിപ്രായ വ്യത്യാസം മൂലം രാജി വെച്ച തന്‍റെ തീരുമാനം പുന:പരിശോധിക്കില്ലെന്ന് കർണാടക ഡി.വൈ.എസ്.പി അനുപമ ഷേണായ്. ജൂണ്‍ 4 നാണ് അനുപമ രാജി വെച്ചത്. എന്നാൽ അനുപമയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് കർണാടക ഡി.ജി.പി വ്യക്തമാക്കി. രാജി വെച്ച ശേഷം അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരിക്കയാണ് അനുപമ .
തന്‍റെ ഏറ്റവും പുതിയ ഫേസ് ബുക്ക് പോസ്റ്റിലും അനുപമ മന്ത്രിയെ വെല്ലുവിളിക്കുന്നുണ്ട്. 'മിസ്റ്റർ പരമേശ്വർ നായിക്.. ഞാൻ രാജി വെച്ചു, താങ്കൾ എപ്പോഴാണ് രാജിവെക്കുന്നത്‍?' എന്നാണ് കന്നഡത്തിൽ എഴുതിയ പോസ്റ്റിൽ അനുപമ ചോദിക്കുന്നത്. എന്നാൽ പുതിയ സംഭവ വികാസങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന നിലപാടിലാണ് മന്ത്രി.മന്ത്രിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് കാണാന്‍ പാടില്ലാത്ത രംഗങ്ങള്‍ ഉള്ള വീഡിയോ പുറത്ത് വിടുമെന്നും അവര്‍ തന്‍റെ പുതിയ ഫേസ് ബുക്ക് പോസ്റ്റില്‍ വെല്ലുവിളിച്ചിട്ടുണ്ട് . നിങ്ങള്‍ക്ക് സി .ഡി വേണോ അല്ലെങ്കില്‍ ഓഡിയോ ടേപ്പ് എന്നും "പരമേശി പ്രേമ പ്രസംഗ ഭാഗ പാര്‍ട്ട് 1" ,"വാഷിംഗ് പൌഡര്‍ നിര്‍മ പാര്‍ട്ട് 2" എന്നിങ്ങനെ ഹാഷ് ടാഗുകളും പോസ്റ്റില്‍ ഉണ്ട്
രാജി വെച്ച ഡി.വൈ.എസ്.പിക്ക് എല്ലാ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നല്ല പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം കെടുത്തുന്ന നീക്കങ്ങളാണ് ഈ സർക്കാർ നടത്തുന്നതെന്ന് എച്ച്.ഡി.ദേവഗൗഡ ആരോപിച്ചു.ജോലിയിലെ മികവിനും ഉത്തരവാദിത്ത പൂര്‍ണ്ണമായ സമീപനത്തിനും പേരുകേട്ട ഓഫീസറുടെ രാജി രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നാണ് ബിജെപി മുതിര്‍ന്ന നേതാവ് സുരേഷ് കുമാര്‍ ആരോപിക്കുന്നത്. അതേ സമയം, ഏതു വിധേയനയും അനുപമയെ അനുനയിപ്പിച്ച് രാജി തീരുമാനത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
അനുപമയെ എങ്ങനെയാണ് താൻ ബെല്ലാരിയിലേക്ക് സ്ഥലം മാറ്റിയത് എന്ന് വീരവാദം മുഴക്കുന്ന മന്ത്രിയുടെ വീഡിയോ സംഭാഷണം കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മന്ത്രി ഔദ്യോഗികാവശ്യത്തിനായി വിളിച്ച ടെലിഫോൺ കോൾ അനുപമ ഹോൾഡിലിട്ടു എന്ന കാരണത്താലാണത്രെ മന്ത്രി അനുപമയെ സ്ഥലം മാറ്റിയത്. ഇതിന് ശേഷമാണ് അനുപമ തന്‍റെ രാജിതീരുമാനം പ്രഖ്യാപിച്ചത്.എന്നാല്‍ മദ്യ മാഫിയക്കെതിരെ നടപടി എടുത്തതാണ് അനുപമയുടെ ട്രാന്‍സ്ഫറിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്ന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .
അതേ സമയം കര്‍ണ്ണാടക ഡിജിപിക്ക് അയച്ച രാജി കത്തില്‍ വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്ന് മാത്രമാണ് അനുപമ സൂചിപ്പിച്ചിരുന്നത്. വിവാദമായതോടെ രാജി പിന്‍വലിക്കില്ലെന്നും അറിയിച്ചു.എന്നാല്‍ അനുപമയുടെ പേരില്‍ പ്രചരിക്കുന്ന മന്ത്രി രാജിവെക്കണമെന്നും ഇല്ലെങ്കില്‍ മന്ത്രിയെ തുറന്നുകാട്ടുന്ന ചില സിഡികളും ഓഡിയോയും പുറത്തുവിടുമെന്ന തരത്തിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് തന്‍റെതല്ലെന്നും അവര്‍ പറഞ്ഞു. 2010 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥയാണ് അനുപമ.