ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിയേയും ജെഡിഎസിനേയും നിലംപരിശാക്കി കോണ്‍ഗ്രസിന്റെ തേരോട്ടം. ഡികെ ശിവകുമാറും സിദ്ധരാമയ്യയും നയിച്ച കോണ്‍ഗ്രസ് കൃത്യമായ ഭൂരിപക്ഷമാണ് കര്‍ണാടകത്തില്‍ സ്വന്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ബിജെപിയും ജെഡിഎസും നേരിട്ടത് വന്‍ തിരിച്ചടി തന്നെ ആണ്. വോട്ട് വിഹിതത്തില്‍ ബിജെപി പിടിച്ചുനിന്നെങ്കിലും ജെഡിഎസിന് പിഴച്ചു.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം, കോണ്‍ഗ്രസ് 2 സീറ്റുകളില്‍ വിജയിക്കുകയും 128 സീറ്റുകളില്‍ ലീഡ് ചെയ്യുകയും ചെയ്യുന്നു. ബിജെപിയ്ക്ക് ലീഡ് ചെയ്യാന്‍ ആയത് വെറും 66 സീറ്റുകളില്‍ മാത്രമാണ്. ഒരു ഘട്ടത്തില്‍ 30 ല്‍ ഏറെ സീറ്റുകളില്‍ ജെഡിഎസ് ലീഡ് ചെയ്തിരുന്നെങ്കിലും അവസാന കണക്കുകളില്‍ അത് വെറും 22 സീറ്റിലേക്ക് ഒതുങ്ങിയിരിക്കുകയാണ്. മറ്റുള്ളവര്‍ നാല് സീറ്റുകളില്‍ ഒതുങ്ങി.
2018 ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. അന്ന് അവര്‍ സ്വന്തമാക്കിയത് 104 സീറ്റുകള്‍ ആയിരുന്നു. 80 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് 37 സീറ്റുകളുണ്ടായിരുന്ന ജെഡിഎസുമായി ചേര്‍ന്ന് അന്ന് സര്‍ക്കാര്‍ ഉണ്ടാക്കി. പിന്നീട് ഏറെ വിവാദം സൃഷ്ടിച്ച കൂറുമാറ്റം ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ക്ക് ശേഷം ബിജെപി അധികാരം പിടിച്ചെടുക്കുന്നതും കണ്ടു.
ഇപ്പോള്‍ ലഭിക്കുന്ന കണക്ക് പ്രകാരം ബിജെപിയ്ക്ക് നഷ്ടപ്പെട്ടത് 38 സീറ്റുകളാണ്. ജെഡിഎസിന് 15 സീറ്റുകളും നഷ്ടപ്പെട്ടു. കോണ്‍ഗ്രസ് 50 സീറ്റുകളാണ് ഇത്തവണ അധികമായി സ്വന്തമാക്കിയത്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് ഈ വിജയം. ദക്ഷിണേന്ത്യയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ ആയി എന്നതും കോണ്‍ഗ്രസിന്റെ വന്‍ വിജയമായി വിലയിരുത്തപ്പെടും.
ഇനി അടുത്തതായി കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത് മുഖ്യമന്ത്രി ആരാകും എന്ന ചോദ്യമാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യക്കാണോ അതോ കെപിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാറിനാണോ നറുക്കുവീഴുക? രണ്ട് പേരുടേയും അനുയായികള്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ നേതാക്കള്‍ക്ക് വേണ്ടി പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്തായാലും ഈ വിഷയത്തില്‍ ഒരു വലിയ വിവാദത്തിന് കോണ്‍ഗ്രസ് നിന്നുകൊടുക്കില്ല എന്നാണ് സൂചന. രാജസ്ഥാനിലേതിന് സമാനമായ ഒരു സാഹചര്യം കര്‍ണാടകത്തില്‍ അവര്‍ ആഗ്രഹിക്കുന്നില്ല.
ആരയിരിക്കും കര്‍ണാടകത്തിന്റെ മുഖ്യമന്ത്രി എന്നത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കൂടി തീരുമാനിക്കും എന്നാണ് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗ്ഗെ പ്രതികരിച്ചിരിക്കുന്നത്. തന്റെ പിതാവ് തന്നെ ആയിരിക്കും മുഖ്യമന്ത്രി എന്ന് സിദ്ധരാമയ്യയുടെ മകന്‍ പ്രതികരിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ വഴിവച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...