Jaya Hai 2.0: സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷ വേളയില്‍ സംഗീത ലോകത്തുനിന്നും ഒരു അവിസ്മരണീയ വിരുന്ന്....! രാജ്യത്തെ പ്രമുഖ 75 കലാകാരന്മാർ അണിനിരന്ന പുതിയ ദേശഭക്തിഗാനമെത്തി.
ആശാ ഭോസ്‌ലെ, കുമാർ സാനു, ഹരിഹരൻ, കേ എസ് ചിത്ര തുടങ്ങി 75 കലാകാരന്മാരാണ് 'ജയ ഹേ 2.0' എന്ന ദേശഭക്തി ഗാനത്തിനായി കൈകോർത്തത്. 1911-ൽ രവീന്ദ്രനാഥ ടാഗോർ രചിച്ച "ഭാരത് ഭാഗ്യ വിധാത" അഥവാ ജന ഗണ മനയിലെ അഞ്ച് ശ്ലോകങ്ങളുടെ പൂർണമായ ആലാപനമാണ് ജയ ഹേ 2.0. സൗരേന്ദ്രോ-സൗമ്യോജിത് ജോഡി എന്നറിയപ്പെടുന്ന സൗരേന്ദ്രോ മുള്ളിക്കും സൗമ്യോജിത് ദാസും ചേര്‍ന്നാണ് ആശയാവിഷ്‌കാരവും സംഗീതവും സംവിധാനവും നിർവ്വഹിച്ചിരിയ്ക്കുന്നത്.
രാജ്യത്തിന്‍റെ സംസ്കാരവും പാരമ്പര്യവും പിന്നണിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ ഗാനത്തിന്‍റെ ചിത്രീകരണം ഏറെ മനോഹരമാണ്.
പ്രമുഖ സരോദ് വിദഗ്ധന്‍ അംജദ് അലി ഖാന്‍ നല്‍കുന്ന ഈ ഈണത്തോടെയാണ് ഗാനം ആരംഭിക്കുന്നത്. തുടര്‍ന്ന് രാജ്യത്തെ പ്രമുഖ ഗായകരായ ആശാ ഭോസ്‌ലെ, ഹരിഹരൻ, കവിതാ കൃഷ്ണമൂര്‍ത്തി, ശ്രേയ ഘോഷാൽ, ഉണ്ണികൃഷ്ണന്‍, ബോംബെ ജയശ്രീ, പപോണ്‍, കെ എസ് ചിത്ര, കുമാർ സാനു, തുടങ്ങിയവര്‍ തങ്ങളുടെ സ്വരമാധുരി കൊണ്ട് ഗാനത്തെ സമ്പന്നമാക്കി. കൂടാതെ അംജദ് അലി ഖാൻ, ഹരിപ്രസാദ് ചൗരസ്യ, റാഷിദ് ഖാൻ, അജോയ് ചക്രബർത്തി, ശുഭ മുദ്ഗൽ, അരുണ സായിറാം, എൽ. സുബ്രഹ്മണ്യം, വിശ്വ മോഹൻ ഭട്ട്, വിക്കു വിനായക്രം, ലൗ മജാവ്, അനുപ് ജലോട്ട, പർവീൺ സുൽത്താന, ശിവമണി, ബോംബെ ജയശ്രീ, ഉദിത് നാരായൺ, അൽക യാഗ്നിക്, മോഹിത് ചൗഹാൻ, പാപോൺ, ഷാൻ, കൈലാഷ് ഖേർ, സാധന സർഗം, ശന്തനു മൊയ്ത്ര, വി. സെൽവഗണേഷ് എന്നിവരാണ് ജയ ഹേ 2.0 യിൽ പ്രവർത്തിച്ച മറ്റ് കലാകാരന്മാർ.
കൗശികി ചക്രവർത്തി, മഹേഷ് കാലെ, അമൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ്, ടെറ്റ്‌സിയോ സിസ്റ്റേഴ്‌സ്, അമൃത് രാംനാഥ്, ഓംകാർ ധുമാൽ, അംബി സുബ്രഹ്മണ്യം, റിഥം ഷാ എന്നിവരും ശബ്ദം നൽകിയവരില്‍ ഉള്‍പ്പെടുന്നു.
"ജയ ഹേ2.0" യൂട്യൂബിലാണ് അവതരിപ്പിച്ചിരിയ്ക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...