ജമ്മു കശ്മീരിൽ വൻ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ആയുധങ്ങളും മയക്കുമരുന്നും കടത്താനുള്ള ശ്രമമാണ് ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയത്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപം ഉണ്ടായ വെടിവയ്പ്പിനൊടുവിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഗുൽപൂർ സെക്ടറിലെ കർമാര ഗ്രാമത്തിൽ പുലർച്ചെയുണ്ടായ വെടിവെയ്പ്പിൽ ഒരു സൈനികനും അറസ്റ്റിലായ നുഴഞ്ഞുകയറ്റക്കാരിലെ ഒരു ഭീകരനും പരിക്കേറ്റിട്ടുണ്ട്. അതിർത്തിയിൽ സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഉടൻ തന്നെ മേഖല പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കി. പിടിയിലായ ഭീകരരുടെ പക്കൽ നിന്ന് മയക്കു മരുന്നും ആയുധങ്ങളും ഉൾപ്പെടെ പിടികൂടിയിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
ALSO READ: ഹരിദ്വാറിൽ ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്
കർമ്മാര സ്വദേശികളായ മൊഹമ്മദ് ഫാറൂഖ് (26), മുഹമ്മദ് റിയാസ് (23), മുഹമ്മദ് സുബൈർ (22) എന്നിവരെയാണ് സൈന്യം പിടികൂടിയത്. ഇവരിൽ മുഹമ്മദ് റിയാസ് എന്നയാളുടെ കാലിനാണ് വെടിയേറ്റത്. അതിർത്തിയിൽ സ്ഥാപിച്ച വേലി മറികടക്കാൻ ശ്രമിക്കുന്നതിനിടെയൊണ് പൂഞ്ച് സെക്ടറിലെ നിയന്ത്രണ രേഖയിൽ ഭീകരരെ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും തടഞ്ഞത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും ലഹരി മരുന്നിനും പുറമെ ഒരു ഐഇഡിയും മറ്റ് യുദ്ധോപകരണങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
അതിർത്തിക്കപ്പുറത്ത് നിന്ന് ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യയിലേയ്ക്ക് കടത്താനുള്ള വലിയ ശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയിരിക്കുന്നത്. ഒരു എകെ റൈഫിൾ, രണ്ട് പിസ്റ്റളുകൾ, ആറ് ഗ്രനേഡുകൾ, പ്രഷർ കുക്കറിനുള്ളിൽ ഒളിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി), 20 പാക്കറ്റ് ഹെറോയിൻ എന്നിവയാണ് പിടിയിലായ ഭീകരരുടെ പക്കൽ നിന്ന് കണ്ടെടുത്തത്. പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
പഞ്ചാബിലെ ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽ അടുത്തിടെ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഒരു ഡ്രോൺ വെടിവച്ചിട്ടിരുന്നു. ലഹരി മരുന്നുമായെത്തിയ ഡ്രോൺ ആണ് വെടിവച്ചിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. ഖുർദ് ജില്ലയിലെ ദനോ ഗ്രാമത്തിലാണ് മയക്കുമരുന്നുമായി ഡ്രോൺ എത്തിയത്. ഇതിന് പിന്നാലെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരിൽ ഒരാളെ ബിഎസ്എഫ് പിടികൂടുകയായിരുന്നു.
പിടിയിലായ ആളുടെ കയ്യിൽ നിന്ന് 3.4 കിലോ ലഹരിമരുന്നാണ് പിടികൂടിയത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയിൽ കോടിക്കണക്കിന് രൂപ വിലവരുമെന്ന് ബിഎസ്എഫ് അറിയിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന ലഹരി മരുന്ന് ബാഗിൽ നിന്ന് ഇരുമ്പ് ഹുക്കുകളും മറ്റും കണ്ടെത്തിയിരുന്നു. ഇവ ഡ്രോണിൽ കടത്തിയവയാകാനാണ് സാധ്യതയെന്ന നിഗമനത്തിലാണ് ബിഎസ്എഫ്.
ഇക്കഴിഞ്ഞ 28-ാം തീയതി ഞായറാഴ്ച പുലർച്ചെയും രണ്ട് ഡ്രോണുകൾ ബിഎസ്എഫ് വെടിവച്ചിട്ടിരുന്നു. ഈ ഡ്രോണുകളിൽ നിന്ന് 2.2 കിലോ ഹെറോയിൻ കണ്ടെടുത്തി. പാകിസ്ഥാനിൽ നിന്ന് ഡ്രോൺ വഴി ലഹരി മരുന്ന് കടത്തുന്നത് വൻ തോതിൽ വർധിച്ച സാഹചര്യത്തിൽ ബിഎസ്എഫ് അതിർത്തിയിലെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...