ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വാക്സിൻ; ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

പനേഷ്യ ബയോടെക് ലിമിറ്റഡും സനോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വികസിപ്പിച്ച ഡെങ്കു വാക്സിനുകള്‍ക്കും ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 16, 2022, 11:58 AM IST
  • ദ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡാണ് വാക്സിൻ നിർമ്മാതാക്കൾ.
  • അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ഐഐഎല്‍ ഡെങ്കിപ്പനിക്കെതിരായ വാക്സിന്‍ വികസിപ്പിച്ചത്.
  • യുഎസില്‍ ഡെങ്കിപ്പനി വാക്സിന്‍ ലഭ്യമാണ്.
ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വാക്സിൻ; ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി

ന്യൂഡൽഹി: ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ വാക്സിന്‍റെ ഒന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചു. ദ ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കല്‍സ് ലിമിറ്റഡാണ് വാക്സിൻ നിർമ്മാതാക്കൾ. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് ഐഐഎല്‍ ഡെങ്കിപ്പനിക്കെതിരായ വാക്സിന്‍ വികസിപ്പിച്ചത്. യുഎസില്‍ ഡെങ്കിപ്പനി വാക്സിന്‍ ലഭ്യമാണ്. ഇന്ത്യയിലെ നിരന്തരം പരിണാമങ്ങള്‍ക്ക് വിധേയമാകുന്ന ഡെങ്കി വൈറസിന്‍റെ നാല് വകഭേദങ്ങള്‍ക്കെതിരെ ഈ വാക്സിൻ ഫലപ്രദം ആണോ എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. 

അതേസമയം, പനേഷ്യ ബയോടെക് ലിമിറ്റഡും സനോഫി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വികസിപ്പിച്ച ഡെങ്കു വാക്സിനുകള്‍ക്കും ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള അനുമതി ലഭിച്ചിരുന്നു. കണക്കുകൾ അനുസരിച്ച് ഇന്ത്യയിൽ ഓ​ഗസ്റ്റ് 12 വരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത് 30,627 പേർക്കാണ്. നാഷണല്‍ സെന്‍റര്‍ ഫോര്‍ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോളിന്‍റെ കണക്കാണിത്. ഓരോ വർഷം കഴിയുന്തോറും രാജ്യത്ത് ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടി വരികയാണെന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. 

Also Read: Diabetes Control Tips: പ്രമേഹം കുറയ്ക്കാം; ഈ ഇലകളിട്ട് വെള്ളം തിളപ്പിച്ച് കുടിച്ചോളൂ

ഈഡിസ് വിഭാഗത്തിലുൾപ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അൽബോപിക്റ്റസ് എന്നിവയാണ് ഡെങ്കി പരത്തുന്നത്. ഡെങ്കി വൈറസ് തന്നെ സീറോടൈപ്പ് 1,2,3,4 എന്നിങ്ങനെ നാല് വിധമുണ്ട്. ഒരു തവണ ഒരു സീറോ ടൈപ്പ് കാരണം ഡെങ്കി വന്നാൽ അടുത്ത തവണ മറ്റൊരു ടൈപ്പ് ആക്രമിക്കുമ്പോൾ തീവ്രതയേറിയ ഡെങ്കി ആവാൻ സാധ്യതയുണ്ട്. ഒരു വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്കാണ് ഡെങ്കിപ്പനി വരുന്നതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

വൈറസ് ശരീരത്തിൽ പ്രവേശിച്ച് മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇവ അനുഭവപ്പെട്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടുക. 

വീടുകളില്‍ നിന്നും കൊതുകിനെ തുരത്താന്‍ ഇക്കാര്യങ്ങൾ ചെയ്യുക...

വീടിനു സമീപത്ത് മലിനജലം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക. വീടിനടുത്തുള്ള മലിനജല ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക.∙

ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായവ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.

ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് മൂടിവെക്കുക.

കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കാം. 

സന്ധ്യാസമയത്ത് വീടിന് സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നത് കൊതുക് വീടിനുള്ളിൽ കയറാതിരിക്കാൻ സഹായിക്കും.

ഡെങ്കിപ്പനി പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

-നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ഏത് പനിയാണെന്ന് ഉറപ്പിക്കുന്നതിനായി ചികിത്സ തേടണം.

-ജലജന്യ ജന്തുജന്യ രോഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

-കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോ​ഗിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പ് വരുത്തണം.

-വെള്ളം ക്ലോറിനേറ്റ് ചെയ്യണം.

-ഭക്ഷണവും വെള്ളവും അടച്ച്‌ സൂക്ഷിക്കുക.

-പഴകിയ ഭക്ഷണം കഴിക്കരുത്.

-കൊതുക് കടിയേല്‍ക്കാതെ നോക്കണം.

-വീടും സ്ഥാപനങ്ങളും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

-മലിനജലവുമായോ മണ്ണുമായോ ഇടപെടുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

-ഡെങ്കിപ്പനി പകരാൻ കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഏറ്റവും കുടുതൽ സാദ്ധ്യത ശുദ്ധജലത്തിലാണ്. മഴവെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഒഴിവാക്കണം.

-മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളിൽ വളർത്താതിരിക്കുന്നതാണ് നല്ലത്. വളർത്തുകയാണെങ്കിൽ അവ മണ്ണിട്ട് വളർത്തണമെന്നും ചെടിച്ചട്ടിയിൽ വെള്ളം കെട്ടിക്കിടക്കാതെ ഒഴുക്കിക്കളയണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ നിർദേശിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News