ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികൾ ചിതറികിടക്കുകയാണ്. ഒരേസമയം മുഖ്യമന്ത്രി ആദിത്യനാഥും അഖിലേഷ് യാദവുമാണ് പ്രതിപക്ഷത്തിന്റെ എതിരാളികൾ. അഖിലേഷ് യാദവിനോട് അമർഷമുള്ള പാർട്ടികൾ മൂന്നാംമുന്നണിയിൽ ഇടം പിടിക്കുമെന്നതാണ് പ്രത്യേകത. മുലായംസിംഗിന്റെ ഇളയ സഹോദരനും പ്രഗതിശീൽ സമാജ് വാദി പാർട്ടി നേതാവുമായ ശിവ്‌പാൽ സിംഗ് യാദവ് ആണ് മൂന്നാം മുന്നണി രൂപീകരണത്തിന്റെ സൂത്രധാരൻ.
യുപി നിയമസഭയിലെ മുൻപ്രതിപക്ഷ നേതാവുമായ ശിവ്‌പാൽ സിംഗ് യാദവ് , സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഇളയച്ഛനാണെങ്കിലും രാഷ്ട്രീയ ഗോദയിൽ സഹോദര പുത്രന്റെ എതിർ ചേരിയിലാണ്. യുപിയിൽ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള സാധ്യതകൾ എങ്ങനെയാണ് സംഭവിക്കുന്നത്? ഏതൊക്കെ പാർട്ടികൾക്ക് ഈ മുന്നണിയിൽ ചേരാം? എന്താണ് ഏറ്റവും പുതിയ സമവാക്യം? ഇത് ആർക്കാണ് നേട്ടമുണ്ടാക്കുക, ആർക്കാണ് ദോഷം ചെയ്യുക? ഇങ്ങനെയുള്ള ചർച്ചകൾ ഇപ്പോൾ യുപിയുടെ ഭുമികയിൽ സജീവമായി കഴിഞ്ഞു.
സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഇളയച്ഛൻ ശിവ്‌പാൽ സിംഗ് യാദവ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അമർഷത്തിലാണ്. ഇപ്പോൾ അഖിലേഷിനൊപ്പം ചേരില്ലെന്ന് ഈ മുൻ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സമവാക്യങ്ങൾ ഉണ്ടാക്കുന്ന തിരക്കിലാണ് ശിവപാൽ. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം മറ്റ് ചെറുപാർട്ടികളെയും ഒപ്പം കൂട്ടാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻമന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുമായി (എസ്‌ബിഎസ്പി) സഖ്യത്തിലായിരുന്നു. ഇത് വേർപിരഞ്ഞതോടെയാണ് ശിവ്പാൽ, അഖിലേഷുമായി തെറ്റിയത്. യുപിയിലെ ജനസംഖ്യയുടെ ഏകദേശം 3 ശതമാനമാണ് രാജ്ഭറുകൾ എന്നാണ് ഔദ്യോഗിക കണക്ക്.എന്നാല്‍ യഥാർത്ഥ കണക്ക് ഏകദേശം 4.5 ശതമാനമാണെന്ന് സമുദായ നേതാക്കളുടെ അവകാശവാദം.
രാജ്ഭറുകൾ ഒബിസി വിഭാഗത്തിൽ പെട്ടവരാണ്, കിഴക്കൻ ഉത്തർപ്രദേശിലെ 10-12 ജില്ലകളിൽ അവർക്ക് വലിയ സ്വാധീനമുണ്ട്. ഈ ജില്ലകളിൽ, അവരുടെ ശതമാനം 20-22 ശതമാനമായി ഉയരുന്നു, ഇത് തിരഞ്ഞെടുപ്പില്‍ നിർണായക ഘടകമായി പ്രവർത്തിക്കും. തിരഞ്ഞെടുപ്പ് ഫലം തീരുമാനിക്കുന്നതിൽ അവർക്ക് നിർണായക പങ്ക് വഹിക്കാൻ കഴിയും. ഈ ശക്തി ഉപയോഗപ്പെടുത്തി അഖിലേഷിനെ പാഠം പഠിപ്പിക്കണമെന്ന ശപഥത്തിലാണ് ഓം പ്രകാശ് രാജ്ഭർ.
അഖിലേഷ് കൈവിട്ടെങ്കിലും ഓം പ്രകാശ് രാജ്ഭറിന് സംസ്ഥാനത്തെ വിവിധ രാഷ്ട്രീയപാർട്ടികൾ പിന്തുണ നല്‌കുകയായിരുന്നു. രാജ്ഭറുമായി മികച്ച ബന്ധം തുടരുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും മൂന്നാം മുന്നണിയിൽ ചേർന്നേക്കും. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിലേഷ് യാദവ് വഞ്ചിച്ചെന്നാണ് ചന്ദ്രശേഖറിന്റെ ആരോപണം. അഖിലേഷ് ദളിതർക്ക് എതിരാണെന്നും ചന്ദ്രശേഖർ പറഞ്ഞിരുന്നു. ശിവപാലിനോട് ഏറെ അടുപ്പം പുലർത്തുന്ന ഓം പ്രകാശ് രാജ്ഭർ മൂന്നാം മുന്നണിയിലെ പ്രബല ശക്തിയായി നിലകൊള്ളുമെന്ന് ഉറപ്പാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് വർഷം കൂടി ബാക്കിയുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുന്തോറും മുന്നണിയെയും മുന്നണിയെയും കുറിച്ചുള്ള ചർച്ചകൾ കൂടുതൽ വ്യക്തമാകും. എന്നിരുന്നാലും, നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമ്പോൾ, ശിവപാൽ സിംഗ് യാദവ്, ഓം പ്രകാശ് രാജ്ഭർ, ചന്ദ്രശേഖർ എന്നിവർക്ക് ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് സാധ്യതയേറെയാണ്. അസദുദ്ദിൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ പിന്തുണയും അവർക്ക് ലഭിക്കും. ഈ നാലുപേർക്കും കൂടെ മറ്റു ചില ചെറിയ പാർട്ടികളെയും കൊണ്ടുവരാനാകുമെന്നാണ് ശിവപാലിന്റെ കണക്കുകൂട്ടൽ.
അഖിലേഷ് യാദവിനും ബിജെപിക്കുമെതിരെ ഈ പാർട്ടികൾ ഒന്നിക്കുന്നുണ്ടെങ്കിലും അവരുടെ ജാതി മത സമവാക്യങ്ങൾ ശക്തമാണ്. ചന്ദ്രശേഖറിന് ദളിത് വോട്ടർമാരുടെ ഉറച്ച പിന്തുണയുണ്ട്. ദളിത് യുവാക്കൾക്കിടയിലാണ് ചന്ദ്രശേഖറിന് കൂടുതൽ പ്രിയം. അതുപോലെ ഓം പ്രകാശ് രാജ്ഭറിന് രാജ്ഭറിന് മൗര്യയുടെയും മറ്റ് ചില പിന്നാക്ക ജാതിക്കാരുടെയും വോട്ട് ബാങ്ക് ഉണ്ട്. ശിവപാൽ സിംഗ് യാദവിന്റെ സഹായത്തോടെ യാദവ വോട്ടർമാർക്ക് ഒരു മൂന്നാം മുന്നണിയുമായി സഹകരിക്കാൻ കഴിയും. അതേസമയം, ഒവൈസിയുടെ എഐഎംഐഎമ്മിലൂടെ മുസ്ലീ വോട്ടർമാർക്കും ഈ മുന്നണിയിൽ ചേരാം.
എഐഎംഐഎം, പി എസ് പി, ഭീം ആർമി, സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി എന്നിവ ഒരുമിച്ച് പോരാടിയാൽ അതിന്റെ പരമാവധി നഷ്ടം അഖിലേഷ് യാദവിനായിരിക്കും. യാദവ-മുസ്ലീം വോട്ടുകളിലെ ഭിന്നത, പിന്നാക്ക ജാതിക്കാരുടെ വോട്ടിലെ വിള്ളൽ ഇതൊക്കെ സമാജ്‌വാദി പാർട്ടിക്ക് തിരിച്ചടിയായേക്കും. മൂന്നാം മുന്നണിയിലൂടെ ബഹുജൻ സമാജ് പാർട്ടിക്കും നഷ്ടമുണ്ടാകും. അതേസമയം, മൂന്നാം മുന്നണിയുടെ രംഗപ്രവേശനത്തോടെ നേട്ടമുണ്ടാക്കുന്നത് ബിജെപി മാത്രമായിരിക്കും.
വാൽകഷണം: ശക്തമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തന്റെ ഇളയച്ഛൻ ശിവ്‌പാൽ സിംഗ് യാദവിന് നിയമസഭയിൽ മുൻ നിരയിൽ ഇരിപ്പിടം നൽകണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തയച്ചു. ശിവപാൽ സിംഗ് യാദവ് മുതിർന്ന നേതാവാണെന്നും അദ്ദേഹത്തിന് നിയമസഭയിൽ മുൻ നിരയിൽ ഇടം നൽകണമെന്നുമാണ് കത്തിലെ ആവശ്യം. പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് എഴുതിയ കത്ത് ചീഫ് വിപ്പ് ഡോ.മനോജ് കുമാർ പാണ്ഡെ സ്ഥിരീകരിച്ചതോടെ കത്തിന്റെ ചർച്ച രാഷ്ട്രീയ ഇടനാഴിയിൽ തുടങ്ങി. ശിവപാലും അഖിലേഷും മുൻനിര ഇരിപ്പിടത്തിലിരുന്ന് അകലം കുറയ്ക്കാൻ ഒരിക്കൽ കൂടി ശ്രമങ്ങൾ ആരംഭിച്ചോ എന്നതാണ് ചോദ്യം. അതിന് മുൻകൈ എടുത്തത് അഖിലേഷ് യാദവ് തന്നെയാണോ ?
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...